ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കത്തിന് ഇൻഡ്യയിൽ ആരംഭമായി!

0
1506

ഇന്ത്യയുടെ ഭാവിയിലേക്കുള്ള വികസന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് സോജില ടണലിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭമായി. പ്രധാനമന്ത്രി ആണ് ഇതിന്റെ പ്രവർത്തന ഉൽഘാടനം നിർവ്വഹിച്ചത്. തുടർച്ചയായി നടന്നു വരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണത്തലവന്റെ ഈ സന്ദർശനം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. കനത്ത സുരക്ഷയാണ് ഇതിനോട് അനുബന്ധിച്ച് സൈന്യവും മറ്റ് സുരക്ഷാ ഏജൻസികളും ഏർപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബൈ ഡയറക്ഷണൽ സിംഗിൾ ട്യൂബ് ടണലാണിത്. രണ്ട് ലൈൻ പാതകൾ ഉള്ള ഇതിന്റെ ആകെ നീളം 14.15 കിലോമീറ്ററാണ്. ഉൽഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രധാനമായും പറഞ്ഞത് വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇത്ര വർഷങ്ങൾ ആയിട്ടും വൈദ്യുതി എത്താതിരുന്ന പതിനെണ്ണായിരം ഗ്രാമങ്ങളിൽ ഇതിനകം കേന്ദ്ര ഗവണ്മെന്റ് വൈദ്യുതി എത്തിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു.

മഞ്ഞുകാലത്ത് ഗതാഗതം ദുഷ്കരമാകുന്ന ലേ, കാർഗിൽ, ശ്രീനഗർ എന്നീ സ്ഥലങ്ങളെ കൂട്ടിയിണക്കാൻ ഈ ടണൽ കൊണ്ട് സാധിക്കും. സമുദ്ര നിരപ്പിൽ നിന്നും 11,578 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം തന്ത്ര പ്രധാനമായ സ്ഥലത്താണ് നിലനിൽക്കുന്നത്. മഞ്ഞുകാലത്ത് റോഡുകൾ അടഞ്ഞു കിടക്കും എന്നതിനാൽ സൈനിക ആവശ്യത്തിനും, മറ്റ് അവശ്യ സാധനങ്ങളുടെ വിനിമയത്തിനും മറ്റ്ചെലവേറിയ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും. തുരങ്കം വരുന്നതോടെ, ഇന്ത്യയുടെ വടക്കേ അതിരിലേക്ക് സുരക്ഷയും സൗകര്യവും കൂടുതൽ എളുപ്പത്തിലും വേഗത്തിലും എത്തിക്കാൻ സാധിക്കും.

ഇരുപത്തയ്യായിരം കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി തിടുക്കത്തിൽ നടപ്പിലാക്കുന്നതിന് പിന്നിൽ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ മുൻനിർത്തിയുള്ള കാരണങ്ങൾ ഉണ്ട്. ചൈനയുടെ വർദ്ധിച്ചു വരുന്ന ഭീഷണിയും, അവസരങ്ങൾ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന പാക്കിസ്ഥാന്റെ നീക്കങ്ങളും പ്രതിരോധിക്കാൻ ആവശ്യമായ സന്നാഹങ്ങൾ ഇവിടെ കാര്യമായി നിലവിലില്ല. ഡോക് ലാം പ്രതിസന്ധിക്ക് ശേഷം ഇന്ത്യ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചൈനയുടെ ബെൽറ് ആൻഡ് റോഡ് പദ്ധതി ഈ മേഖലയിലൂടെ കടന്നു പോകുന്ന മറ്റൊരു വൻ വെല്ലുവിളിയാണ്. ചൈനീസ് അതിർത്തിയിലേക്കും പാക്കിസ്ഥാൻ അതിർത്തിയിലേക്കും സൈനിക നീക്കങ്ങളും ചരക്കു നീക്കവും കൂടുതൽ സുഗമമാക്കാൻ ഈ തുരങ്കത്തിന് സാധിക്കും.

പക്ഷേ, ഇതിനെല്ലാം ഉപരിയായി കശ്മീർ ജനതയ്ക്ക് ഉള്ള പരാതികൾ അല്പം ലഘൂകരിക്കാനും ഇതുകൊണ്ട് സാധിക്കും. പല കാരണങ്ങൾ കൊണ്ടും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ എത്തിയ പോലെ വികസനം ഈ തന്ത്ര പ്രധാനമായ സംസ്ഥാനത്ത് എത്തിയിരുന്നില്ല. ഭൂപടത്തിൽ ഇന്ത്യയുടെ ശിരസ്സായി, അഭിമാനമായി എന്നും നിലനിൽക്കുന്ന ഈ ദൈവ ഭൂമിയിൽ ചോരയും കണ്ണീരും മാത്രമായിരുന്നു എക്കാലവും ഉണ്ടായിരുന്നത്.

പക്ഷേ, മറ്റൊരു രീതിയിലൂടെ നമ്മൾ കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ഇതുപോലെ, ജനങ്ങൾക്ക് ഉപകാരം ഉള്ളതും, അവരുടെ വിദ്യാഭ്യാസ, സാമ്പത്തിക നിലവാരം ഉയർത്തുന്നതുമായ പദ്ധതികൾ കൊണ്ടുവരുന്നതിലൂടെ ജനങ്ങളുടെ അതൃപ്തിക്ക് ഒരു പരിഹാരം കാണാനാകും. ജീവിത നിലവാരം ഉയരുന്നതോടെ വിഘടനവാദികളുടെ ഇടപെടലുകൾക്ക് ജനങ്ങൾക്ക് ഇടയിൽ ഉണ്ടാവുന്ന സ്വീകാര്യതയും കുറയും. ഇൻഡ്യാ ഗവണ്മെന്റിനും ഇത് അറിയാവുന്ന കാര്യമാണ്. മറഞ്ഞിരിക്കുന്ന ഭീകരരെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം സാധാരണ ജനതയുടെ സ്വത്തിനും ജീവനും കാവലാകുക എന്നതാണ് ഏതൊരു ജനാധിപത്യ ഭരണകൂടത്തിന്റെയും ഉത്തരവാദിത്തം. വിഭജനത്തിന് ശേഷമുള്ള മുറിവുകൾ മായ്ക്കാൻ ഇതുപോലുള്ള സ്നേഹവും കരുതലും നിറഞ്ഞ സമീപനമാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here