യേശുദാസ് അങ്ങിനെ പദ്മനാഭനെ കണ്ടു, അടുത്തത് ഗുരുവായൂർ!

0
14400

1937- ൽ തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഒപ്പുവച്ചു. ആധുനീക ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് മഹാത്മാ ഗാന്ധി പോലും വിശേഷിപ്പിച്ച ഒരു മഹാ സംഭവമായിരുന്നു അത്. അനേകായിരം സന്നദ്ധപ്രവർത്തകരുടേയും, നിരവധി സാമൂഹ്യ പരിഷ്കർത്താക്കളുടേയും അശ്രാന്ത പരിശ്രമ ഫലമായി അങ്ങിനെ അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശനം ലഭിച്ചു. ഇന്ന് 80 വർഷങ്ങൾക്ക് ശേഷം ഒരു രണ്ടാം ക്ഷേത്ര പ്രവേശന സമരത്തിനുള്ള സന്ദർഭത്തിലേക്ക് സമൂഹം എത്തിച്ചേർന്നിരിക്കുകയാണ്. സ്ത്രീകൾക്കും, വിശ്വാസികളായ അന്യ മതസ്ഥർക്കും ക്ഷേത്രങ്ങളിൽ ഇന്നും പ്രവേശനമില്ല. ആരാധന എന്നത് വിശ്വാസികളുടെ അവകാശമാണ്. ഇന്ത്യൻ ഭരണ ഘടന നൽകുന്ന മൗലിക അവകാശങ്ങളിലൊന്ന്. തിരുനെല്ലി, ഗുരുവായൂർ തുടങ്ങിയ പ്രസിദ്ധങ്ങളായ അമ്പലങ്ങളിൽ വരെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് ഒരു അശ്ളീല പദം പോലെ തൂങ്ങി കിടക്കുന്നു.

ഈയടുത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ യേശുദാസിന് പ്രവേശനം അനുവദിച്ചത് വൻ മാധ്യമ വാർത്തയായിരുന്നു. നിരവധി ഭക്തി ഗാനങ്ങൾ, അത് അർഹിക്കുന്ന ആത്മ നിഷ്ടയോടെ പാടി അവതരിപ്പിച്ചിട്ടുള്ള അനുഗ്രഹീത ഗായകന്റെ ശാരീരത്തിന് മാത്രമേ പക്ഷേ അകത്തളത്തിലേക്ക് അനുമതി ഉണ്ടായിരുന്നുള്ളൂ, ശരീരത്തിന് ഉണ്ടായിരുന്നില്ല ഇതുവരെ. ഈ അവസരത്തിലാണ് ഗുരുവായൂരിൽ അദ്ദേഹത്തിന് പ്രവേശിക്കാൻ അനുമതി നൽകാത്ത സംഭവം വീണ്ടും പൊങ്ങിവരുന്നത്. ഗുരുവായൂരപ്പനും യേശുദാസും തമ്മിലുള്ള പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല.

പല വർഷങ്ങളായി അമ്പലം ഭാരവാഹികൾക്ക് നാണക്കേടുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇത്. ജി. സുധാകരൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ യേശുദാസിന് അമ്പലത്തിൽ പ്രവേശിക്കാൻ അനുമതി നൽകണം എന്ന ആവശ്യം ഉന്നയിച്ച് അമ്പലം ഭാരവാഹികൾക്ക് ഒരു കത്തയച്ചിരുന്നു. പക്ഷേ, നടപടി ഒന്നും ഉണ്ടായില്ല. ഈശ്വരന്മാരെല്ലാം ഒരേ തത്വത്തിന്റെ വകഭേതങ്ങളാണെന്ന് അറിയാത്ത ചില മൂഡ്ഡ ബുദ്ധികളാണ് ഇപ്പോഴത്തെ ഈ പ്രശ്നങ്ങൾക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here