നിങ്ങൾ ഇപ്പോൾ ഉണർന്നിരിക്കുകയാണെന്ന് ഉറപ്പാണോ?

0
29

സ്വപ്നം എന്നത് നമുക്ക് ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹമാണ്. പക്ഷേ, എപ്പോഴെങ്കിലും നിങ്ങൾ ഒരു നീണ്ട സ്വപ്നത്തിൽ നിന്ന് ഉണർന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? അതായത്, യഥാർത്ഥത്തിൽ നിങ്ങൾ ഉണർന്നിട്ടുണ്ടാകില്ല, ഉണർന്നു എന്ന് തോന്നുന്നതും സ്വപ്നത്തിൽ തന്നെ ആയിരിക്കും.

സ്വപ്നത്തിന്റെ ലോകം സ്വപ്നം പോലെ തന്നെ വിചിത്രമാണ്. കലശലായ മൂത്രശങ്ക അടക്കിപ്പിടിച്ച്, പറ്റിയ ഒരു സ്ഥലം തേടി നടക്കുന്ന സ്വപ്നമാണ് ആളുകളെ സ്ഥിരം പറ്റിക്കുന്ന ഒന്ന്. സ്ഥലം കണ്ടെത്തി ആ ശങ്ക ഒഴിച്ച് തീർത്ത് ആശ്വാസം കൊള്ളുമ്പോൾ ആയിരിക്കും അറിയുക, മൂത്രം ഒഴിച്ചത് ബാത്രൂമിൽ അല്ല, ബെഡിൽ ആണെന്ന്. യാഥാർഥ്യവും സ്വപ്നവും എല്ലാം തമ്മിൽ കൂടി കുഴഞ്ഞ് കിടക്കുന്ന ഒരു അവസ്ഥയാണിത്. ഇല്ലാത്ത ഒരു ലോകത്തെ നമ്മുടെ തലച്ചോർ നമുക്കായി സൃഷ്ടിക്കുന്നു.

നമ്മുടെ അറിവോ അനുമതിയോ ഇല്ലാതെ മൂത്രം ഒഴിക്കാൻ സാധിക്കില്ല, പക്ഷേ, ശരീരത്തിന് ഇത് പുറന്തള്ളുകയും വേണം. ഇത്തരം സാഹചര്യങ്ങളിൽ തലച്ചോർ ഒരു തീരുമാനം എടുക്കുന്നു. നമ്മളെ പറ്റിക്കാൻ. പക്ഷേ, അത് അത്ര എളുപ്പം അല്ല. കൃത്യവും വ്യക്തവുമായ ഒരു സിറ്റിവേഷൻ നിർമ്മിക്കണം, മറ്റെന്തിനേക്കാളും നമുക്ക് ഇപ്പോൾ ആവശ്യം ഇതാണ് എന്ന തോന്നൽ ഉളവാക്കണം. ശ്രദ്ധ പതറി പോകാതെ നോക്കണം. ഇത്രയെല്ലാം ആയാൽ നമ്മൾ നമ്മളറിയാതെ (അറിഞ്ഞുകൊണ്ട് തന്നെ) ശരീരത്തിന് എന്താണോ ആവശ്യം, അത് നിർവ്വഹിക്കും. കാര്യം ചതി പ്രയോഗം ആണെങ്കിലും തലച്ചോർ അതിന്റെ കടമ ചെയ്യുന്നു എന്നേ ഉള്ളൂ.

ഇത്ര എളുപ്പമാണ് നമ്മളെ വിഡ്ഢികളാക്കാൻ എങ്കിൽ ഒരു കാര്യം ആലോചിച്ച് നോക്കൂ. നമ്മൾ ഇപ്പോൾ സ്വപ്നം കാണുകയാണോ അതോ യഥാർത്ഥത്തിൽ ഉണർന്നിരിക്കുകയാണോ? കാലാകാലങ്ങളായി തത്വ ചിന്തകരെ കുഴക്കുന്ന ഒരു ചോദ്യമാണ് ഇത്. സ്വപ്നവും യാഥാർഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ ഉള്ള കഴിവ് നമ്മുടെ തലച്ചോറിന് ഇല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് സ്വപ്നം കാണുമ്പോൾ, അത് സ്വപ്നമാണ് എന്ന് നമുക്ക് മനസ്സിലാകാത്തത്.

എത്ര ഓടിയാലും, ഏതു വഴിയേ ഓടിയാലും നമ്മുടെ തൊട്ടു പിന്നാലെ എത്തുന്ന ആന. എത്ര വെടി കൊണ്ടാലും, എത്ര കുത്തു കിട്ടിയാലും ജീവൻ പോകാത്ത, ബോധം മറയാത്ത നമ്മൾ. ഇതെല്ലാം പൊതുവായി ഉള്ള സ്വപ്നങ്ങളാണ്. മിക്കവാറും എല്ലാവരും കണ്ടിട്ടുള്ളവ. കുടുംബാംഗങ്ങളോ ഉറ്റ സുഹൃത്തുക്കളോ മരിക്കുന്നതായും, ചിലപ്പോൾ അവരുടെ ആത്മാക്കൾ നമ്മെ തേടി വരുന്നതായും എല്ലാം, പല രീതിയിൽ, പല ഭാവങ്ങളിൽ സ്വപ്നങ്ങൾ ഉണ്ട്.

സ്വപ്നങ്ങളിൽ നിന്ന് ഉണർന്നതായി ചിലപ്പോൾ തോന്നും. പക്ഷേ, യഥാർത്ഥത്തിൽ ഉണർന്നിട്ടുണ്ടാകില്ല. ഇത്മനസിലാക്കാൻ തലച്ചോറിന് അല്പം സമയം എടുക്കും. പക്ഷേ, തലച്ചോർ മനസിലാക്കിയാലും, ശരീരം ഉറക്കത്തിൽ തന്നെ ആയിരിക്കും. അതിനാൽ എത്ര ശ്രമിച്ചാലും കയ്യും കാലും അനക്കാൻ സാധിക്കില്ല. ഏതോ അജ്ഞാത ശക്തി ശരീരത്തിൽ പ്രവേശിച്ച പോലെ ഒക്കെ തോന്നും. ഈ സമയത്താണ് ആളുകൾ പരിഭ്രാന്തരാകുന്നത്.

യാഥാർഥ്യവും സ്വപ്നവും തമ്മിലുള്ള വ്യത്യാസം മനസിലാവണമെങ്കിൽ, പരിസര ബോധം എന്ന സംഗതി വേണം. നമുക്ക് തോന്നാം, നല്ല പരിസര ബോധമുള്ള ആളുകളാണ് നമ്മൾ എന്ന്. പക്ഷേ, നമ്മുടെ പഞ്ചേന്ത്രിയങ്ങൾ പലപ്പോഴും നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ തരാറുള്ളൂ. നമ്മൾ എല്ലായ്പ്പോഴും, സ്വയം സൃഷ്ടിച്ച ഒരു അത്ഭുത ലോകത്തിന്റെ അകത്താണ്ആർക്കറിയാം, മനുഷ്യരായ നമ്മൾ പൂമ്പാറ്റകളായതായി സ്വപ്നം കാണുകയാണോ, അതോ പൂമ്പാറ്റകളായ നമ്മൾ മനുഷ്യരായതായി സ്വപ്നം കാണുകയാണോ എന്ന് ?

LEAVE A REPLY

Please enter your comment!
Please enter your name here