സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാനാവാതെ ഒരു ജില്ല!

0
58192

കേരളത്തിൽ മഴക്കാലത്ത് സാധാരണയായി എല്ലാവരും പേടിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ, മഴക്കെടുതികൾ, കൃഷി നാശം, വെള്ളപ്പൊക്കം, എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. പക്ഷേ വയനാട്ടുകാർക്ക് പേടിക്കാൻ ഇതിനെക്കാൾ ഒക്കെ വലിയ ഒന്നുണ്ട്. മഴ പെയ്തൊഴിഞ്ഞാലും മാറാത്ത വന്യമൃഗശല്യം. വെള്ളപ്പൊക്കവും, കാറ്റും, മലയിടിച്ചിലും, മിന്നലും, കൃഷി നാശവും, വൈറൽ പനികളും എല്ലാം ഇവിടെയും പ്രശ്നം തന്നെയാണ്.

പക്ഷേ, ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്നതിൽ പ്രധാനം വന്യ മൃഗങ്ങളുടെ ശല്യമാണ്. ഇത് വയനാട്ടിൽ മാത്രമാണ് ഇത്ര രൂക്ഷമായി കാണപ്പെടുന്നത്. ഇതിന് പ്രധാനമായും രണ്ട് വശങ്ങളുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും കണ്ണുകളിലൂടെ രണ്ട് വ്യത്യസ്തവും, തുല്യ പ്രധാന്യമുള്ളതുമായ വാദമുഖങ്ങൾ നമുക്ക് കാണാനാകും.

കേരളം കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന സന്ദർഭത്തിൽ, സർക്കാർ നയങ്ങളുടെ ഫലമായും, സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളുടെ പ്രസിദ്ധമായ മലബാർ മൈഗ്രെഷന്റെ ഭാഗമായും വയനാടൻ കാടുകൾ പ്ലാന്റേഷനുകളും കൃഷിയിടങ്ങളും ആയി മാറി. വൻ തോതിലുള്ളതും എന്നാൽ അശാസ്ത്രീയമായതുമായ ഈ കുടിയേറ്റം മൂലം വയനാട്ടിൽ കാട് എന്നത് മനുഷ്യ വാസമുള്ള മേഖലകളിൽ പലതായി ചിതറിപ്പോയ ഭാഗങ്ങളായി മാറി. അല്പം കാട്, അല്പം നാട് എന്നിങ്ങനെയായി വയനാട്.

കാടും നാടും ഇടകലർന്ന ജീവിതം ആദ്യമൊക്കെ ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമായി ഒതുങ്ങിയിരുന്നു. പിന്നീട് വന്യ ജീവികളുടെ എണ്ണം കൂടി. മനുഷ്യർ പത്തിരട്ടിയായി പെരുകി. കാട് മാത്രം പെരുകിയില്ല, പകരം ചുരുങ്ങി. വന്യ ജീവികൾക്ക് കാട്ടിൽ തീറ്റ തികയാതായി, വെള്ളം കിട്ടാതായി, ജീവിക്കാൻ സ്ഥലമില്ലാതായി. അങ്ങിനെ അവർ നാട്ടിലേക്കിറങ്ങി. നാട്ടിലെ ചക്കയും, മാങ്ങയും, വാഴയും, നെല്ലുമെല്ലാം തിന്ന് രസം പിടിച്ച മൃഗങ്ങൾ പിന്നീട് കാട്ടിൽ തീറ്റ സുഭിക്ഷമായി കിട്ടുന്ന സമയങ്ങളിൽ പോലും നാട്ടിലേക്ക് ഇറങ്ങി തുടങ്ങി.

നാട്ടുകാർ വനം വകുപ്പ് അധികൃതരെ തടഞ്ഞു വച്ചു, പ്രശ്നമുണ്ടാക്കി. കാട്ടാനയും കാട്ടു പന്നിയും കാട്ടിക്കൂട്ടുന്ന വികൃതിത്തരങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ പാവം വനം ഉദ്യോഗസ്ഥരും സമ്മതിച്ചു. മുളവടിയും പെൻസിൽ ടോർച്ചുമായി ആനകളേയും പുലികളേയും തുരത്താൻ ഫോറസ്റ്റ് ഗാർഡുമാരും ദിവസക്കൂലി വാച്ചർമാരും പോയി. ആന വീണ്ടും എത്തി. ആന കടക്കാതിരിക്കാൻ ആൾത്താമസമുള്ള സ്ഥലങ്ങളിൽ കിടങ്ങു കുഴിച്ചു. ആന കിടങ്ങ് ഇടിച്ച് ഇറങ്ങി ചക്കയും തിന്ന് തിരിച്ചു പോയി. ആന കടക്കാതിരിക്കാൻ കരിങ്കൽ മതിൽ കെട്ടി. ആന രണ്ടുകാലിൽ മതിൽ ചാടി വാഴക്കുലയും കട്ടുതിന്ന് തിരിച്ചു പോയി. ആനയെ പേടിപ്പിക്കാൻ വൈദ്യുത വേലി കൊണ്ടുവന്നു. അതിനു മീതെ മരം തള്ളി വീഴ്ത്തി ആന പറമ്പിലെ തെങ്ങും കവുങ്ങുമെല്ലാം ചവിട്ടിക്കൂട്ടി.

പോക്കും വരവും പതിവായപ്പോൾ ഇടയിൽ വന്നു പെടുന്ന മനുഷ്യർക്ക് കയ്യും, കാലും, ജീവനുമെല്ലാം നഷ്ടമായിത്തുടങ്ങി. ആനയ്ക്ക് വേണ്ടാത്ത ചേനയും ചേമ്പും ഇഞ്ചിയുമെല്ലാം കാട്ടു പന്നികൾ കുത്തി മലർത്തി. പുൽപ്പള്ളി ഭാഗത്ത് ഒരു കർഷകൻ ലക്ഷങ്ങൾ കടം വാങ്ങി ചേന വിത്ത് കുഴിച്ചിട്ടു. മുള വന്നു തുടങ്ങിയ നേരത്ത് പന്നിക്കൂട്ടം ഇറങ്ങി ഓരോ കുഴിയും മാന്തി മുള മാത്രം പൊളിച്ചു തിന്ന് മാതൃക കാട്ടി. പുക മൂടിയ ഒരു അഗ്നി പർവ്വതമാണ് വയനാട് ഇന്ന്. അസംതൃപ്തരും, ജീവിതം വഴിമുട്ടിയവരുമായ ജനങ്ങൾ ഏതു നിമിഷവും ഒരു വൻ പ്രക്ഷോഭം സൃഷ്ടിച്ചേക്കാം.

പക്ഷേ, അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു.

മനുഷ്യർ കയ്യേറി പാർപ്പിടം നശിപ്പിച്ച മൃഗങ്ങളോ, അതിജീവനത്തിനായി കാടു കയറി എല്ലു മുറിയെ പണിയെടുത്ത മനുഷ്യരോആരാണ് തെറ്റുകാർ?

LEAVE A REPLY

Please enter your comment!
Please enter your name here