സ്വന്തം ജനങ്ങളെ വെടിവച്ചു കൊല്ലുന്ന പോലീസ് നീതി!

0
76

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത വാർത്തകളാണ് തൂത്തുക്കുടിയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജന ജീവിതം ദുഷ്കരമാകുന്ന ഒരു വ്യവസായ ഫാക്റ്ററിക്ക് എതിരെ സമരം ചെയ്ത നാട്ടുകാരോടൊപ്പം നിൽക്കേണ്ടതിന് പകരം, ഭരണകൂടം സ്വന്തം ജനങ്ങളെ നായ്ക്കളെ പോലെ വെടിവച്ച് കൊല്ലുന്ന കാഴ്ച്ചയാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നാം കാണുന്നത്. സ്റ്റെർലൈറ്റ് കമ്പനി അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച പൊതുജന പ്രക്ഷോഭം നൂറു ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.

കഴിഞ്ഞ ഇരുപതു കൊല്ലമായി തുടരുന്ന ഈ ഇഞ്ചിഞ്ചായുള്ള കൊലപാതകം മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ നശിപ്പിക്കുന്നതാണ്. ജനങ്ങൾക്ക് ഒപ്പം നിന്ന് ഈ ഫാക്റ്ററി അടച്ചു പൂട്ടുകയോ, ജനവാസമില്ലാത്ത മറ്റൊരു മേഖലയിലേയ്ക്ക് മാറ്റുകയോ ചെയ്യുന്നതിന് പകരം, പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആണ് സർക്കാർ ശ്രമിച്ചത്. ഒറ്റ വെടിവയ്പ്പ് കൊണ്ട് തമിഴ് മക്കളുടെ വീര്യം കെടുത്താം എന്ന് അവരുടെ തന്നെ അധികൃതർ കരുതിയത് മണ്ടത്തരം. വെടിവയ്പ്പിന് ശേഷം സമരത്തിന് വീര്യം കൂടുകയും ഇൻഡ്യയിൽ ആകെ ചർച്ചാ വിഷയം ആകുകയും ചെയ്തു.

ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്ന മൗലികമായ അവകാശമാണ്. അത് ഹനിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ ആർക്കും അവകാശമില്ല. പിറന്ന മണ്ണും, ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും മലിനമാക്കുന്ന കുത്തക കമ്പനിക്ക് എതിരേ പ്രതിഷേധ സമരം നാട്ടുകാർ നടത്തുന്നത് അവരുടെ നിലനിൽപ്പിന് വേണ്ടിയാണ്. കാശുള്ളവന് വിടുപണി ചെയ്യുന്ന അധികാരികൾ കാണിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്.

ഇൻഡ്യയിൽ പൊതുജന പ്രക്ഷോഭങ്ങളുടെ മിക്കവാറും വില്ലൻ സ്ഥാനത്ത് വേദാന്ത എന്ന കമ്പനിയാണ്. ഇവർ തന്നെയാണ് ഇവിടെയും ജനങ്ങൾക്ക് എതിരെ നിൽക്കുന്നത്. സമീപ വാസികളിൽ ത്വക്ക് രോഗങ്ങളും, ഇൻഫെർട്ടിലിറ്റി പോലുള്ള ഗുരുതര പ്രശ്നങ്ങളും ഇപ്പോൾ സാധാരണയാണ്. ഇരുപത്തിരണ്ട് വർഷങ്ങളായി ഇവിടത്തെ ജനങ്ങൾ ഈ കമ്പനിക്ക് എതിരേ ശബ്ദമുയർത്തുന്നു. ഹരിത ട്രിബ്യൂണൽ, കോടതി, സർക്കാർ എന്നിവർ ആരും ഇവരുടെ പരാതികൾ ചെവിക്കൊണ്ടില്ല.

കഴിഞ്ഞ ദിവസം ഇരുപതിനായിരം ജനങ്ങൾ കലക്ടറുടെ ബംഗ്ളാവിന് സമീപം തടിച്ചു കൂടി. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് വെടിവയ്പ്പ് ഉണ്ടായി, 11 ജീവനുകൾ പൊലിഞ്ഞു. 11 കുടുംബങ്ങൾ അനാഥമായി. സർക്കാർ ഖജനാവിന് വന്നേക്കാമായിരുന്ന ലക്ഷങ്ങളുടെ നാശനഷ്ടം ഈ നടപടി മൂലം തടയാൻ സാധിക്കും എന്ന് കരുതിയെങ്കിലും, പ്രക്ഷോഭം തുടരുകയാണ്. പതിനൊന്നിൽ നിർത്തിയതിന് പകരം പതിനൊന്നായിരം പേരെ കൊന്നിരുന്നെങ്കിൽ ഒരുപക്ഷേ പ്രക്ഷോഭം നിയന്ത്രണ വിധേയമായേനെ.

തൂത്തുക്കുടിയിലും പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുകയാണ് എന്നാണ് വാർത്തകൾ വരുന്നത്. തമിഴ് യുവാക്കൾ ഡൽഹിയിലെ തമിഴ് ഹൗസിന് പുറത്തും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ടി. രാജേന്ദർ, കമൽ ഹാസൻ, രാഹുൽ ഗാന്ധി എന്നിങ്ങനെ നിരവധി പ്രമുഖർ സർക്കാരിന്റെ പ്രവർത്തനങ്ങളെ അപലപിച്ചിട്ടുണ്ട്. ഇതിനിടയിൽ മുതലക്കണ്ണീരുമായി രാഷ്ട്രീയ കഴുകൻമാരും ഇറങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ജീവൻ വച്ച് പോലും തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഉളുപ്പില്ലാത്ത ഇവരെയും കൂടി ഒറ്റപ്പെടുത്തുന്നതാവണം ഈ പൊതുജന സമരം.

മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത തമിഴ് മക്കളുടെ എല്ലാ പ്രക്ഷോഭങ്ങൾക്കും ഉണ്ട്. പൊതുവായ ഒരു നേതൃത്വം ഇല്ലായ്മ. നേതാക്കന്മാർ ഇല്ലാതെയും, നയിക്കാൻ ആളില്ലാതെയും പ്രക്ഷോഭങ്ങൾ മുന്നോട്ടു പോകും എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ജനത.

LEAVE A REPLY

Please enter your comment!
Please enter your name here