‘ഹിന്ദുത്വഭീകരവാദ’ക്കേസ്: കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിനു ജാമ്യം

0
837
2008 ലെ മാലേഗാവ് ബോംബ് സ്‌ഫോടനക്കേസിലെ പ്രധാന കുറ്റാരോപിതനായ ലെഫ്റ്റനെന്റ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതിയിൽ പുരോഹിത് ജാമ്യാപേക്ഷ നൽകിയത്. താൻ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും സൈന്യത്തിനുവേണ്ടി ചാരപ്പണി ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം സുപ്രീം കോടതിയെ ബോധിപ്പിച്ചു. മലേഗാവ് സ്ഫോടനത്തെത്തുടർന്നാണ് രാജ്യത്ത് ‘ഹിന്ദുത്വഭീകരത’ ആദ്യമായി ചർച്ചാ വിഷയമായത്.
 
ജസ്റ്റിസുമാരായ ആർ കെ അഗർവാൾ, എ. എം.സാപ്രെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒമ്പതു വർഷമായി ജയിൽവാസം അനുഭവിക്കുന്ന ലെഫ്റ്റനെന്റ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത്തിനെതിരെ ഇതുവരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ ബോധിപ്പിച്ചു. പുരോഹിതിന്റെ പേരിൽ ചുമത്തിയിരുന്ന മകോക (MACOCA – Maharashtra Control of Organised Crime Act ) പ്രകാരമുള്ള കുറ്റങ്ങൾ പിൻവലിച്ചുവെന്നും അദ്ദേഹമുൾപ്പെടെയുള്ള പത്തു പ്രതികളുടെ പേരിലും ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉള്ള മകോക പ്രത്യേക കോടതി വിധി ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി.  
 
അതേസമയം പുരോഹിതിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ നാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി (NIA ) കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. പുരോഹിത്തിനെതിരെ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നു എൻ ഐ എ ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മഹീന്ദർ സിംഹ് വാദിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here