റോഹിങ്ക്യകളുടെ വംശഹത്യയിൽ എരിയുന്ന ബുദ്ധിസ്റ്റ് രാജ്യം!

0
13642
മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങൾ അതിരൂക്ഷമായി തുടരുന്നു. റോഹിങ്ക്യൻ ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും കഴുത്തറത്തുകൊന്നു കൂട്ടത്തോടെ കുഴിച്ചു മൂടുന്നു. പലായനം ചെയ്യുന്ന സിവിലിയന്മാരെ കൊല ചെയ്യുന്നു. എമ്പത്തെട്ടു ശതമാനം ജനങ്ങളും ബുദ്ധമത അനുയായികൾ ആയ ഒരു രാജ്യത്താണ് വൻ തോതിൽ വംശഹിംസ നടക്കുന്നതെന്നുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത തമാശയായി തോന്നാം. പക്ഷെ യാഥാർഥ്യം അതാണ്. 
 
അഹിംസയുടെയും സമാധാനത്തിന്റെയും ആദർശം പുലർത്തുന്ന ബുദ്ധമതവിശ്വാസികൾ ഭൂരി പക്ഷമുള്ള ഒരു രാജ്യത്തു ദരിദ്രരും നിരക്ഷരരുമായ ഒരു കൂട്ടം ജനങ്ങൾക്കെതിരെയാണ് ചരിത്രം കണ്ടത്തിൽവച്ചേറ്റവും ക്രൂരമായ വംശഹത്യ നടന്നു കൊണ്ടിരിക്കുന്നത്. ബുദ്ധൻ വന്നാൽ രോഹിൻഗ്യകളെ രക്ഷിക്കുമെന്ന് ബുദ്ധമത ആത്മീയഗുരുവായ ദലൈലാമ പറഞ്ഞൂ. പക്ഷേ ഒരു ബുദ്ധനും തങ്ങളെ രക്ഷിക്കാൻ കഴിയില്ല എന്ന് റോഹിങ്ക്യകൾക്കറിയാം. 
 
വർഷങ്ങളായി റോഹിങ്ക്യകൾക്കെതിരെ മ്യാൻമർ ജനത ഒന്നാകെ എതിർപ്പ് പ്രകടിപ്പിച്ചു വരികയായിരുന്നു. രോഹിങ്ക്യകൾ തദ്ദേശവാസികൾ അല്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ ആണെന്നുമാണ് മ്യാൻമർ ഭരണകൂടം പറയുന്നത്. റോഹിങ്ക്യകളുടെ പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടു വര്ഷങ്ങളായി. നൂറ്റാണ്ടുകൾ ആയി മ്യാൻമറിൽ അധിവസിച്ചു വരുന്ന അവർക്കു 1982  മുതൽ പൗരത്വം നിഷേധിക്കപ്പെട്ടു. കുട്ടികളെ സ്‌കൂളിൽ വിടാൻ അവകാശം ഇല്ല, അവർക്കു തൊഴിൽ കിട്ടില്ല, ഭൂമിക്കു മേൽ അവകാശം ഇല്ല. പന്ത്രണ്ടു ലക്ഷത്തോളം വരുന്ന രോഹിൻഗ്യകൾ അവരുടെ ജന്മനാട്ടിൽ അഭയാർത്ഥികൾ ആയിത്തിത്തീർന്നു. തലമുറകളായി  കൈവശം വച്ചിരുന്ന അവരുടെ ഭൂമിയോയും സ്വത്തുക്കളും ഒക്കെ അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. ദശകങ്ങളായി പീഡനം അനുഭവിച്ചുവരുന്ന റോഹിങ്ക്യകളെ  ചില തീവ്രവാദ ഗ്രൂപ്പുകൾ ആയുധം അണിയിച്ചതില്പിന്നെയാണ് മ്യാൻമറിലെ സംഘർഷം രൂക്ഷമായത്. 
 
മ്യാൻമാർ ഭരണകൂടം  നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ ചെറുത്തുനിൽപ്പിലൂടെ അതിജീവിക്കുവാൻ റോഹിങ്ക്യകളിൽ ഒരു വിഭാഗം മുന്നോട്ടു വന്നതോടെയാണ് റോഹിങ്ക്യകളുടെമേൽ സൈന്യം ആക്രമണം അഴിച്ചു വിട്ടത്. റോഹിങ്ക്യകളുടെ ഗ്രാമങ്ങൾ ചുട്ടെരിച്ചും യാതൊരു പ്രകോപനവും ഇല്ലാതെ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തിയും സൈന്യം നരസംഹാരം തുടരുന്നു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇവരിൽ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉൾപ്പെടും. 

LEAVE A REPLY

Please enter your comment!
Please enter your name here