സ്വന്തമായി നാടും പൗരത്വവും ഇല്ലാത്ത രോഹിൻഗ്യകൾ!

0
698

രോഹിൻഗ്യകൾ. സ്വന്തം നാടിനും, അയൽക്കാർക്കും വേണ്ടാതെ ലോകം മുഴുവൻ അലയാൻ വിധിക്കപ്പെട്ട അഭയാർഥികൾ. സ്വന്തമെന്നു പറയാൻ ഒരു രാജ്യം പോലും ഇല്ലാതെ അലയുന്ന ഇവർ, ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനതയാണ്.

മുസ്ലിം ഭൂരിപക്ഷമുള്ള പ്രത്യേക വംശമാണ് രോഹിൻഗ്യകൾ. മ്യാൻമറിന്റെ പടിഞ്ഞാറൻ പ്രവിശ്യയിലാണ് ഇവർ കൂടുതലായി കാണപ്പെടുന്നത്. മ്യാൻമറിൽ സാധാരണ സംസാരിക്കുന്ന ബർമ്മീസ് ഭാഷയ്ക്ക് പകരം, ബംഗാളി ഭാഷയുടെ ഒരു വകഭേതമാണ് ഇവർ സംസാരിക്കുന്നത്. തലമുറകളായി ഇവർ മ്യാൻമറിലാണ് താമസിക്കുന്നത് എങ്കിലും, സർക്കാർ അവരെ ഇപ്പോഴും പൗരന്മാരായി അംഗീകരിച്ചിട്ടില്ല.

ബ്രിട്ടീഷ് കോളനി ഭരണ കാലത്ത് കുടിയേറി പാർത്തവർ എന്ന രീതിയിൽ, ഇവർക്ക് പൗരത്വം നൽകാൻ സർക്കാർ ഇപ്പോഴും വിസമ്മതിക്കുന്നു. ബർമ്മയുടെ നിയമ പ്രകാരം, 1823 ന് മുൻപ് തന്നെ ഇവിടെ ഉണ്ടായിരുന്നു എന്ന് തെളിയിച്ചാലേ പൗരത്വം ലഭിക്കുകയുള്ളൂ. ഇത് തെളിയിക്കുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. അതുകൊണ്ടു തന്നെ ഇവർക്ക് സർക്കാർ ഉദ്യോഗം വഹിക്കാനോ, സ്വന്തം പ്രദേശത്തിനു വെളിയിൽ സ്വതന്ത്രമായി സഞ്ചരിക്കാനോ സാധ്യമല്ല.

പക്ഷേ, രോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നം തുടങ്ങുന്നത് 6 വർഷം മുൻപ് 2012ലാണ്. രോഹിൻഗ്യകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാവുകയും, അതേത്തുടർന്ന് സ്ഥലവാസികളായ ബുദ്ധമതക്കാരും രോഹിൻഗ്യകളും തമ്മിൽ കലാപം ഉണ്ടാകുകയും ചെയ്തു.

മ്യാൻമറിൽ നിലനിന്നിരുന്ന പട്ടാള ഭരണകൂടം രോഹിൻഗ്യകൾക്ക് എതിരേ വംശീയ ശുദ്ധീകരണം നടത്തുന്നു എന്ന് ഐക്യരാഷ്ട്ര സഭയുടെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വന്ന ജനാധിപത്യ ഭരണകൂടവും, ഇവർക്ക് നീതി നൽകാൻ മടിച്ചു.

കലാപം നിയന്ത്രണാതീതമായി കൂടിയതിനെ തുടർന്ന് മതപരമായ കലാപമായി ഇത് മാറി. പിന്നീട് പട്ടാളത്തിന്റെ ഇടപെടലോടെയാണ് സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചത്. രോഹിൻഗ്യകൾ പിന്നീട് സമീപ രാഷ്ട്രങ്ങളായ ബംഗ്ലാദേശ്, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു.

രോഹിൻഗ്യകൾക്ക് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ARSA, അഥവാ അറാക്കൻ രോഹിൻഗ്യൻ സാൽവേഷൻ ആർമി എന്ന സായുധ സംഘടന മുപ്പതോളം പോലീസ് സ്റ്റേഷനുകളും, പട്ടാള ക്യാമ്പുകളും ആക്രമിച്ച് സ്ഥിതിഗതികൾ വഷളാക്കുകയുണ്ടായി. ഗറില്ലാ യൂണിഫോമിൽ ആധുനിക യുദ്ധമുറകൾ ഉപയോഗിച്ചാണ് ഇവരുടെ ആക്രമണം.

ഇന്ത്യയും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങൾ, തങ്ങളുടെ അതിർത്തിക്കുള്ളിൽ രോഹിൻഗ്യകൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പറഞ്ഞിട്ടുണ്ട്. ബംഗ്ളാദേശ് ഇതിനോടകം അവർക്ക് താങ്ങാനാവുന്നതിലും അധികം അഭയാർത്ഥികളെ ഏറ്റെടുത്തിട്ടുണ്ട്. ഇനി ഈ പ്രവാഹം താങ്ങാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ല എന്ന് അവർ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ കാര്യം ഏതാണ്ട് ഇതുപോലെ തന്നെയാണ്.

ബംഗ്ലാദേശ് യുദ്ധ സമയത്തു പോലും അഭയാർത്ഥി പ്രവാഹത്തോട് അനുഭാവം പുലർത്തിപ്പോന്ന ഇന്ത്യ, രോഹിൻഗ്യൻ അഭയാർഥികളെ സ്വീകരിക്കുന്നതിൽ വൈമനസ്യം കാണിക്കുന്നുണ്ട്. ലോകത്ത് ആകെ സമാധാനമായി കഴിയുന്ന രോഹിൻഗ്യകൾ ഇന്ന് ഉള്ളത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. സന്നദ്ധ സംഘടനകൾ ഏറ്റെടുത്ത ഏതാനും കുടുംബങ്ങളാണ് ഇവിടെ സ്നേഹം അനുഭവിച്ച് മനുഷ്യരെ പോലെ കഴിയുന്നത്.

പിറന്ന നാട്ടിൽ അന്യരെ പോലെ കഴിയേണ്ടി വരുന്ന ഇവരുടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മ്യാൻമർ സർക്കാർ മുൻകൈയെടുക്കേണ്ടതുണ്ട്. ലോകരാഷ്ട്രങ്ങളുടെ ഇടപെടലുകളും ഈ പ്രശ്നം പരിഹരിക്കാൻ അത്യന്താപേക്ഷിതമാണ്. ഇനിയെങ്കിലും ലോക മനസ്സാക്ഷി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകുകയേ ഉള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here