രാജസ്ഥാനിൽ ‘ഗാന്ധി’ കലാലയങ്ങൾക്കു പുറത്ത്!

0
547

ഗാന്ധിജയന്തിക്ക് രാജസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി മുതൽ അവധിയില്ല. കോൺഗ്രസിനൊപ്പം ഗാന്ധിജിയെയും ഇന്ത്യയിൽ നിന്ന് പുറത്തതാക്കാനുള്ള സംഘപരിവാർ തന്ത്രം കുറേക്കാലമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബി ജെ പി തന്ത്രമാണ് ഇതെന്ന് നിരീക്ഷണങ്ങളുണ്ട്. വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിലെ പന്ത്രണ്ടു യൂണിവേഴ്സിറ്റികൾക്ക് അവയുടെ ചാൻസലർ കൂടിയായ ഗവർണർ കല്യാൺ സിംഗ് അയച്ച സർക്കുലറിൽ ആണ് യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി ദിവസങ്ങളിൽ നിന്ന് ഗാന്ധി ജയന്തി ഒഴിവായത്.

2017-18 അധ്യയനവർഷ ത്തിൽ 24 പൊതുഒഴിവുകൾ ആണുള്ളത്. ഇവയിൽ ഒക്ടോബറിൽ മുഹറം, ദീപാവലി എന്നീ ഒഴിവുകൾ മാത്രമാണുള്ളത്. ബാബാരാംദേവ് (രാജസ്ഥാനിലെ നാട്ടുദൈവം), അംബേദ്‌കർ, വർധമന മഹാവീരൻ, ഗുരു നാനക് , മഹാറാണാ പ്രതാപ് സിംഗ് എന്നിവരുടെ ജന്മദിനങ്ങൾ അവധിദിവസങ്ങൾ ആണ്. രാജസ്ഥാൻ സർക്കാരിന്റെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കലണ്ടർ അനുസരിച്ചാണ് ഗവർണ്ണർ യൂണിവേഴ്സിറ്റികൾക്കു വിജ്ഞാപനം അയച്ചതെന്ന് രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകളുണ്ട്.

മൗലാന ആസാദ്, നെഹ്‌റു തുടങ്ങിയവരേയും മറ്റു സ്വാതന്ത്ര്യ സമരസേനാനികളെയും മുതിർന്ന ദേശീയ നേതാക്കളെയും പറ്റിയുള്ള ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും മഹാനായി ചിത്രീകരിക്കപ്പെട്ടുകൊണ്ടു സവർക്കറെപ്പറ്റിയുൾപ്പെടെ സംഘപരിവാർ നേതാക്കളുടെ ജീവചരിത്രങ്ങളും, മോദിയുടെ നയങ്ങളും നോട്ടുമാറ്റം ഉൾപ്പെടെയുള്ള സാമ്പത്തിക പരിപാടികളും രാജസ്ഥാനിലെ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി പാഠപദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ വിവാദങ്ങൾ സൃഷ്ടിച്ചതിനു പിന്നാലെയാണ് ഗാന്ധിജയന്തി ആവധിയല്ലാതാക്കിയത്. ഗവർണ്ണർ കല്യാൺസിംഗ് സംഘപരിവാറിന്റെ പാവയായി പ്രവർത്തിച്ചുകൊണ്ടു ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജസ്ഥാൻ കോൺഗ്രസ് കുറ്റപ്പെടുത്തി.

സ്‌കൂളുകളിലും കോളജുകളിലും ഗാന്ധിജയന്തി ദിവസം ആഘോഷങ്ങളും സേവനപ്രവർത്തനങ്ങളും നടക്കുന്നതിനാൽ അന്ന് അവധി നൽകേണ്ട കാര്യമില്ലെന്നു ഉന്നതവിദ്യാഭ്യാസമന്ത്രി കിരൺ മാഹേശ്വരി പ്രസ്താവിച്ചു.

2014 ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനു ശേഷം സർക്കാർ ഓഫീസുകൾക്ക് ഗാന്ധിജയന്തി അവധി അല്ലാതാക്കിയിരുന്നു. സർക്കാർ ജീവനക്കാർ ഓഫീസുകളിൽ ഹാജരാകണമെന്നും ഓഫീസുകൾ ശുചിയാക്കണമെന്നും ശുചിത്വപ്രതിജ്ഞ എടുക്കണമെന്നും മോദി നിർദ്ദേശിച്ചിരുന്നു.

സംഘപരിവാർ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ബി ജെ പി സർക്കാർ പൊതുരംഗത്തു നിന്ന് ഗാന്ധിജിയെ മാറ്റി നിർത്തുന്നത്, പക്ഷെ ഗാന്ധിജയന്തിയും ഗാന്ധിസമാധിദിനവും പ്രവൃത്തിദിവസങ്ങൾ ആകുന്നതാണ് ഗാന്ധിയോട് ചെയ്യുന്ന ആദരം എന്ന് കാണിച്ചു ഇന്ത്യൻ കൌൺസിൽ ഫോർ ഗാന്ധിയൻ സ്റ്റഡീസിന്റെ ചെയർമാൻ എൻ. രാധാകൃഷ്ണൻ സമരം ചെയ്തു വരുന്നുണ്ട്.

ബിജെപിയുടെ രാഷ്ട്രീയ പിടിമുറുക്കങ്ങളിൽ കോൺഗ്രസ് രാജസ്ഥാനിൽ നട്ടം തിരിയുകയാണ്. മാർ വാഡിലെ ഗാന്ധി എന്നറിയപ്പെടുന്ന മുതിർന്ന നേതാവും പലതവണ പ്രദേശ് കോൺഗ്രസ് പ്രസിഡന്റും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന അശോക് ഗെഹ്‌ലോട്ടും, കോൺഗ്രസ് അധ്യക്ഷൻ ആയ സച്ചിൻ പൈലറ്റും തമ്മിൽ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനാര്ഥിത്വത്തിനു വേണ്ടിയുള്ള ചേരിപ്പോര് നടക്കുകയാണ്. ഗുജറാത്തിനു ശേഷം രാജസ്ഥാനിലും കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാവുമ്പോൾ ബിജെ പി യുടെ അജണ്ടകളെ പ്രതിരോധിക്കുവാൻ പ്രതിപക്ഷമായ കോൺഗ്രസ്സിന് കഴിയുന്നില്ല. ബിജെ പിയും കോൺഗ്രസ്സും നേർക്ക് നേർ പൊരുതുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. മറ്റു രാഷ്ട്രീയ കക്ഷികൾക്ക് അവിടെ നേരിയ സാന്നിധ്യം മാത്രമേ ഉള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here