പെട്രോൾ വില ഉയരങ്ങളിലേക്ക് യാത്ര തുടരും!

0
155

പെട്രോൾ വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വാഹന ഉടമകളെല്ലാം പരിഭ്രാന്തി നേരിടുകയാണല്ലോ. സർക്കാർ 2010- ലാണ് പെട്രോൾ വില നിയന്ത്രണം എടുത്തു മാറ്റിയത്. 2014ൽ ഡീസൽ വില നിയന്ത്രണവും എടുത്തു മാറ്റി. അതിനു ശേഷം, പെട്രോൾ കമ്പനികൾക്ക് മാർക്കറ്റ് നിലവാരം അനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം ലഭിച്ചു. നാണയ വിനിമയ നിരക്കും, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും അനുസരിച്ചാണ് കമ്പനികൾ സാധാരണയായി വില നിർണ്ണയിക്കാറുള്ളത്.പക്ഷേ, തെരഞ്ഞെടുപ്പ് സമയത്ത് ഭരണകൂടത്തിന്റെ ഇടപെടൽ മൂലം പെട്രോൾ വിലയിൽ കമ്പനികൾ മാറ്റം വരുത്താറുണ്ട്.

കഴിഞ്ഞ വർഷം 5 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സന്ദർഭത്തിൽ ക്രൂഡ് ഓയിൽ വിലയിൽ സാരമായ വ്യത്യാനങ്ങളാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ വില കൂട്ടുകയും, പരമാവധി ലാഭം കൊയ്യുകയും ചെയ്ത ശേഷം, തിരഞ്ഞെടുപ്പ് കാലത്ത് വില കുറച്ച്, ഭരണ കക്ഷിക്ക് ജനപ്രീതി നേടി കൊടുക്കുകയായിരുന്നു പെട്രോൾ കമ്പനികൾ. പക്ഷേ, കുറച്ചു നാളുകൾ മാത്രമേ ഇത്തരത്തിൽ ഒരു അഡ്ജസ്റ്റ്മെന്റ് നിയന്ത്രണം കമ്പനികൾക്ക് മേൽ ഏർപ്പെടുത്താനാവുകയുള്ളൂ.

അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കൂടുന്നത് അനുസരിച്ച് കമ്പനികൾക്ക് വില കൂട്ടേണ്ടതായി വരും. മൻമോഹൻ സിങ്ങിന്റെ ഭരണ കാലത്ത് ക്രൂഡ് ഓയിൽ വില ക്രമാതീതമായി കൂടിയതിനെ തുടർന്ന് ഗവണ്മെന്റിന്റെ മേൽ താങ്ങാനാവാത്ത വിധം സാമ്പത്തിക സമ്മർദ്ദമുണ്ടായി. അന്ന് ഗവണ്മെന്റ് നൽകിയിരുന്ന സബ്സിഡി കൊണ്ട് പെട്രോൾ വില പിടിച്ചു നിർത്താൻ സാധിച്ചു എങ്കിലും, സാമ്പത്തിക തളർച്ച രാജ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ വില നിയന്ത്രണം എടുത്തു കളയേണ്ടതായി വന്നു. യഥാർത്ഥത്തിൽ ഇതെല്ലാം രാഷ്ട്രീയ തീരുമാനങ്ങളെക്കാൾ അപ്പുറം മറ്റ് ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

പെട്രോൾ വിലയിൽ ദിവസേനയുണ്ടാകുന്ന മാറ്റം ബാക്കി എല്ലാ മേഖലയെയും ബാധിക്കും. ആനുപാതികമായ വിലക്കയറ്റം മറ്റെല്ലാ മേഖലയിലും ഉണ്ടാകും. പെട്രോൾ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ ഉണ്ടാകുന്ന ആഭ്യന്തര കുഴപ്പങ്ങളും മറ്റും ഇനി വിലയിലെ രൂക്ഷ വ്യതിയാനത്തിലൂടെ നമുക്ക് അറിയാനാകും.

ഇപ്പോഴത്തെ ഈ വില വർധനയ്ക്ക് കാരണമായി പറയുന്നത് പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ്. ഒന്ന്, സ്വാഭാവികമായും പെട്രോളിന്റെ ഉപഭോഗത്തിൽ വന്ന വളർച്ചയാണ്. അതു മൂലം ഡിമാന്റ് ഉയരുകയും വില കൂടുകയും ചെയ്തു. ഒരു ക്രൂഡ് ഓയിൽ കയറ്റുമതി രാഷ്ട്രമായ വെനസ്വേല തങ്ങളുടെ ഉത്പാദനം കുറച്ചത് മറ്റൊരു കാരണമാണ്. ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത് വിയന്ന എഗ്രിമെന്റ് ആണ്. ക്രൂഡ് ഓയിൽ ഉൽപ്പാദന തോത് ഉയർത്താൻ ഈ എഗ്രിമെന്റ് തടസ്സമാണ്. ആയതിനാൽ, വർദ്ധിച്ചു വരുന്ന ആവശ്യകതയ്ക്ക് അനുസ്യൂതമായി ഉൽപ്പാദനം ഉണ്ടാകുന്നില്ല.

ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നത്, സാമ്പത്തികമായും ആരോഗ്യപരമായും നല്ലതല്ല. ഏതാനും വർഷങ്ങൾ കൂടി കഴിഞ്ഞാൽ തീർന്നു പോകാവുന്ന ഇത്തരം ദോഷകരമായ ഇന്ധനങ്ങൾക്ക് പിന്നാലെ പോവാതെ, റിന്യൂവബിൾ ഊർജ്ജത്തിന്റെ സാധ്യതകൾ നമ്മൾ തേടേണ്ടിയിരിക്കുന്നു. പെട്ടെന്ന് ഒരു ദിവസം കൊണ്ട് നേരിടാവുന്ന ഒന്നല്ല പെട്രോളിന്റെ അഭാവം. ടെസ്ല പോലുള്ള കമ്പനികൾ സോളാർ കാറുകളും മറ്റും നിർമ്മിച്ച് പ്രശസ്തി നേടുന്ന ഈ സമയത്ത്, അത്തരം മേഖലകളെ പുഷ്ടിപെടുത്താൻ സർക്കാർ തലത്തിൽ നയ രൂപീകരണം നടത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here