നോക്കുകൂലിയും മിന്നൽ പണിമുടക്കും നിരോധിച്ച് പുതിയ തൊഴിൽനയം!

0
709

കേരള സംസ്ഥാനത്തിന് ദൈവം അറിഞ്ഞനുഗ്രഹിച്ച് കൊടുത്തിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രകൃതി ഭംഗി, കാലാവസ്ഥ, സംസ്കാരം, ആയുർവേദം, നാടൻ കലകൾ, നാടൻ രുചികൾ, മലയാള ഭാഷ, രഞ്ജിനി ഹരിദാസ്, എന്നിങ്ങനെ ഒരുപാട് അനുഗ്രഹങ്ങൾ. ഇതൊന്നും പോരാഞ്ഞ് മലയാളികൾ സ്വന്തമായി ഉണ്ടാക്കിയിട്ടുള്ള രണ്ട് മഹാ കാര്യങ്ങളാണ് മദ്യപാന ശീലവും ഹർത്താലും. ലോകത്തിന് മുന്നിൽ അഭിമാനത്തോടെ ഉയർത്തി കാണിക്കാനുള്ള മലയാണ്മയുടെ നെടും തൂണുകൾ.

മിന്നൽ പണിമുടക്കുകളാണ് ഇവിടത്തെ താരങ്ങൾ. ഡോക്ടർമാർ, ഡ്രൈവർമാർ, സ്വകാര്യ ബസുടമകൾ, ക്ലർക്കുമാർ എന്നിങ്ങനെ ഒട്ടുമിക്ക വൃന്ദങ്ങളും മിന്നൽ പണിമുടക്കുകൾ നടത്താൻ മിടുക്കന്മാരാണ്. കാര്യം എന്തിനുവേണ്ടിയോ ആകട്ടെ, മിന്നൽ പണിമുടക്കുകൾ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഉദാഹരണത്തിന്, ഹാർട്ട് ഓപ്പറേഷനോ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കോ ഇടയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചാൽ എന്താകും പാവം രോഗികളുടെ സ്ഥിതി? ഇതിനൊരു കടിഞ്ഞാണിടണം എന്ന ആവശ്യം നാളുകളായി പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഒരു തീരുമാനം ആയിരുന്നില്ല.

എന്നാൽ, സംസ്ഥാന ഗവണ്മെന്റിന്റെ മന്ത്രിസഭാ യോഗത്തിൽ അംഗീകരിക്കപ്പെട്ട പുതിയ തൊഴിൽ നിയമത്തിൽ അനധികൃത പണിമുടക്കുകളെ നിരോധിച്ചിട്ടുണ്ട്. ഇനി മുതൽ മിന്നൽ പണിമുടക്കുകൾ നടത്താൻ സാധിക്കുകയില്ല. മുൻകൂട്ടി തയ്യാറെടുക്കാതെ ഇത്തരം പണിമുടക്കുകൾ നടത്തുന്നത് കൊണ്ട് ഖജനാവിന് ഉണ്ടാകുന്ന നഷ്ടം ചിലപ്പോൾ നികത്താനായേക്കും. പക്ഷേ, വ്യക്തികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അളക്കാൻ എളുപ്പമല്ല. പ്രതിഷേധിക്കാനുള്ള അവകാശം സംഘടനകൾക്ക് ഉള്ളത് പോലെ തന്നെ, തനിക്ക് അവകാശപ്പെട്ട സേവനങ്ങൾ അർഹിക്കുന്ന സമയത്ത് ലഭിക്കാൻ സാധാരണക്കാരനും അവകാശമുണ്ട്.

പണിമുടക്കിന്റെ ഏറ്റവും വലിയ ഇരകൾ എന്നു പറയുന്നത് സാധാരണ ജനങ്ങൾ മാത്രമല്ല, കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകളും കൂടിയാണ്. കേരളാ ഗവണ്മെന്റ് വിദേശ രാജ്യങ്ങളിലടക്കം പണം മുടക്കി നടത്തുന്ന ക്യാമ്പയിന്റെ ഫലമായിട്ടും, ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് സ്വതവേയുള്ള സ്ഥാനത്തിന്റെ ഫലമായിട്ടുമാണ് ഇത്രയേറെ ടൂറിസ്റ്റുകൾ ഇങ്ങോട്ട് എത്തുന്നത്.

റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ ബസ്സുടമകളുടെ സമരം. ടാക്സി വിളിക്കാമെന്ന് ഓർത്ത് നോക്കുമ്പോൾ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ഉള്ള ഓൺലൈൻ ഡ്രൈവർമാരെ ബാക്കിയുള്ളവർ തല്ലിയോടിക്കുന്നു. ഇനി വിശന്ന് തളർന്ന് അല്പം ഭക്ഷണം കഴിക്കാമെന്ന് കരുതിയാൽ ഹോട്ടലുടമകളുടെ പണിമുടക്ക്. ഇങ്ങനെ ഹർത്താലും പണിമുടക്കും സമരവുമെല്ലാം കൊണ്ട് വലഞ്ഞവരിൽ ഒരാളും പിന്നീട് തിരികെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ സാധ്യതയില്ല.

തൊഴിൽ നയത്തിലെ മറ്റൊരു പ്രസക്ത വിഷയമാണ് നോക്കു കൂലി. ഇത്രയും മനോഹരമായതും, സ്വാഭിമാനം ഇല്ലാത്തതും, നാണം കെട്ടതുമായ മറ്റൊരു പിടിച്ചുപറി ലോകത്തില്ല. ഇക്കാര്യത്തിൽ എല്ലാ സംഘടനകളും ഒരമ്മ പെറ്റ മക്കളാണ്. ആരോ ചെയ്യുന്ന പണിക്ക് നോക്കി നിന്ന് കൂലി വാങ്ങുന്ന ഈ രീതി പുരോഗമിച്ച്, ഇപ്പോൾ പണി ഉണ്ടെന്നറിഞ്ഞാൽ നോക്കി നിൽക്കാൻ പോലും പോകാതെ കൂലി വാങ്ങുന്ന രീതിയിലെത്തി. മനുഷ്യാധ്വാനം ആവശ്യമായി വരുന്ന ജോലികൾ കുറയുന്ന ഈ കാലഘട്ടത്തിൽ, ചുമട്ടു തൊഴിലാളികളെ സംരക്ഷിക്കുന്ന, അല്ലെങ്കിൽ പുനരധിവസിപ്പിക്കുന്ന നടപടികളാണ് സർക്കാർ കൊണ്ടുവരേണ്ടത്.

ക്രെയിൻ ഉപയോഗിച്ച് സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ നോക്കുകൂലി നൽകുന്നത്, മൊബൈൽ വഴി അയക്കുന്ന ഓരോ മെസേജിനും പോസ്റ്റുമാന് നോക്കു കൂലി കൊടുക്കേണ്ടി വരുന്നതുപോലുള്ള അവസ്ഥയാണ്. ഏതായാലും പുതിയ തൊഴിൽനയം ഇതിനെല്ലാം പരിഹാരമുണ്ടാക്കും എന്ന് നമുക്ക് കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here