നിപ്പാ – രോഗ ലക്ഷണങ്ങളും മുൻകരുതലുകളും

0
142

നിപ്പാ വൈറസ് ആദ്യമായി കണ്ടെത്തിയത് 1998 ൽ മലേഷ്യയിലെ നിപ്പാ എന്ന സ്ഥലത്താണ്. അതിനാലാണ് ഈ വൈറസിന് നിപ്പാ എന്ന് പേരു വന്നത്. ഇൻഡ്യയിൽ ഇതിന്റെ സാന്നിധ്യം 2001ൽ പശ്ചിമ ബംഗാളിലാണ് ആദ്യമായി തിരിച്ചറിയുന്നത്. വീണ്ടും 6 വർഷത്തിന് ശേഷം 2007 ലും നിപ്പാ വൈറസിന്റെ ആക്രമണം ഉണ്ടായി. ഇത് 50ഓളം ജീവൻ എടുത്ത ശേഷം നിയന്ത്രണ വിധേയമായി.

ഇപ്പോൾ കേരളത്തിൽ ആറ് ജീവനുകൾ ആണ് നിപ്പാ വൈറസ് അപഹരിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വഷളാവാതിരിക്കാൻ വൻ മുൻകരുതലുകളും സന്നാഹങ്ങളുമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനെക്കുറിച്ച് ആധികാരികമായ ഒരുപാട് പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. എങ്കിലും, കൂടുതൽ പഠനങ്ങളിലൂടെ മാത്രമേ ഈ വിപത്തിന് ഒരു കടിഞ്ഞാണിടാനാവൂ. കേരളത്തിൽ ഇത് പടർന്നിരിക്കുന്നത് വവ്വാലുകൾ വഴിയാണ്. രോഗബാധയുള്ള വവ്വാലുകൾ ചക്ക, മാമ്പഴം പോലുള്ള പഴങ്ങൾ കടിക്കുകയും, അവയിൽ വിസർജ്ജിക്കുകയും ചെയ്യുമ്പോൾ പഴങ്ങളിലേയ്ക്ക് രോഗാണുക്കൾ എത്തുന്നു.

ഈ പഴങ്ങൾ മനുഷ്യൻ കഴിക്കുമ്പോൾ ശരീരത്തിലേക്ക് ഈ വൈറസ് കയറുകയും ചെയ്യുന്നു. ചക്ക പോലുള്ള വലിയ ഫലങ്ങളുടെ ഒരു ഭാഗത്ത് വവ്വാൽ കടിച്ചിട്ടുണ്ടെന്നു കണ്ടാലും, ആ ഭാഗം ചെത്തി നീക്കി ഭക്ഷിക്കുന്ന രീതി ഇനി മുതൽ ഒഴിവാക്കുന്നതാവും നല്ലത്. പഴവർഗ്ഗങ്ങളിൽ അതിജീവിക്കാൻ ഈ വൈറസിന് പ്രത്യേക കഴിവാണ് ഉള്ളത്. ബംഗ്ലാദേശിലെ നിപ്പാ അധിനിവേശ സമയത്ത് കാര്യങ്ങൾ വഷളാക്കിയത് ഈ അതിജീവന ശേഷിയാണ്. ഈന്തപ്പനകളിൽ ചേക്കേറുന്ന വവ്വാലുകളുടെ കാഷ്ഠവും മറ്റും ഈന്തപ്പഴത്തിൽ എത്തുകയും, അങ്ങിനെ എത്തിയ വൈറസ് നാളുകളോളം അതിജീവനം നടത്തുകയും ചെയ്തിരുന്നു.

മധുരമുള്ള ഫലങ്ങളിൽ ഈ വൈറസിന് അതിജീവന ശേഷി കൂടുതലാണ്. തലച്ചോറിനെ ആണ് ഈ അസുഖം ബാധിക്കുക. സാധാരണ വൈറൽ പനികളുടെ എല്ലാ ലക്ഷണങ്ങളും കാണിക്കും എന്നതിനാൽ നിപ്പാ ബാധ തിരിച്ചറിയാൻ പ്രയാസമാണ്. സൂനോട്ടിക് എന്നാണ് ഇത്തരം രോഗങ്ങൾ അറിയപ്പെടുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ എല്ലാം ഈ പേരിലാണ് അറിയപ്പെടുന്നത്.

സാധാരണ കന്നുകാലികളിൽ നിന്നും പടരുന്ന രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ കാലികൾക്ക് വാക്സിനേഷൻ, ആന്റി ബയോട്ടിക് മരുന്നുകൾ എന്നിവ നൽകിയാണ് രോഗ വ്യാപനത്തെ തടയാറുള്ളത്. എന്നാൽ വവ്വാലുകൾ വഴി പകരുന്ന രോഗമായതിനാൽ ഈ മാർഗ്ഗങ്ങൾ ഒട്ടും ഫലപ്രദമല്ല. വന്യ മൃഗങ്ങൾ നിറഞ്ഞതോ, വവ്വാലുകൾ നിറഞ്ഞതോ ആയ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കിണറുകളിലും മറ്റും വവ്വാലുകൾ കൂട്ടമായി താമസിക്കാൻ ഇടയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്നും ഇവയെ ഫലപ്രദമായി നിർമ്മാർജ്ജനം ചെയ്യേണ്ടതുണ്ട്. പക്ഷേ, നിപ്പാ ഒരു ജലജന്യ രോഗമല്ല എന്നാണ് അറിയപ്പെടുന്നത്. ആയതിനാൽ, ഭയക്കേണ്ട ആവശ്യമില്ല.

നിപ്പാ ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന ആളുകളും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. രോഗികളെ പരിചരിച്ച ഒരു നഴ്സ് മരണപ്പെടുകയും, മറ്റൊരാൾ പനി ബാധിച്ച് പരിചരണത്തിൽ ആവുകയും ചെയ്തിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയെ വിവരം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യും. ആരോഗ്യ മേഖല ഇത്ര വികസിച്ച കേരളം ആണ് ഇൻഡ്യയിൽ നിപ്പാ വൈറസിനെ ചെറുക്കാൻ ഏറ്റവും പ്രാപ്തിയുള്ള സംസ്ഥാനം. എങ്കിലും, മുൻകരുതൽ എടുക്കുന്നത് ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here