പുതിയ ഗാനങ്ങളെ കളിയാക്കുന്നവർ അറിയാൻ!

0
170

മലയാള സിനിമാ ഗാനങ്ങളുടെ നിലവാരം കുറയുന്നു എന്നാണ് പൊതുവെയുള്ള ധാരണ. മലയാളത്തിൽ മാത്രമല്ല, ലോകമെമ്പാടും എല്ലാ ഭാഷകളിലും ഉള്ള പൊതുവായൊരു പരിവേദനമാണിത്. ഒരുപക്ഷേ മാറുന്ന തലമുറകൾക്ക് അനുസരിച്ച് ആളുകളുടെ അഭിരുചികളും കാഴ്ചപ്പാടുകളും മാറുന്നതിന്റെ ആവാം സിനിമാ ഗാനങ്ങളിൽ ഈ മാറ്റവും.

കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ“, “ഒരു ദളം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ വന്നു” – ഈ ഗാനങ്ങളെല്ലാം ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധം ലളിതവും, അതേ സമയം മനോഹരവുമാണ്. ഈണത്തിനും മുകളിൽ നിൽക്കേണ്ടത് കാവ്യ ഗുണമാണ് എന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നതു കൊണ്ടാവണം പഴയ സംവിധായകർ കഴിവുറ്റ ഗാന രചയിതാക്കളെ തെരഞ്ഞ് കണ്ടെത്തിയിരുന്നത്. പക്ഷേ, ആദ്യ വായനയിലും, രണ്ടാമത്തെ വായനയിലും, പത്താമത്തെ വായനയിലും മനസ്സിൽ നിൽക്കാത്ത, മനസ്സിലാവാത്ത വരികളാണ് ഇപ്പോൾ സിനിമാ ഗാനങ്ങളായി പുറത്തുവരുന്നത്.

ഭാഷ പക്ഷേ ജീവനുള്ള ഒരു ഓർഗാനിസം ആണ്. കാലം ചെല്ലും തോറും കോലം മാറുന്ന ജീവി. ആശയ വിനിമയം ആണ് ഭാഷയുടെ അടിസ്ഥാനം. പറയുന്നത് മറ്റൊരാൾക്ക് മനസിലാകുന്നുണ്ടെങ്കിൽ, തന്റെ ആശയം വ്യക്തമായും കൃത്യമായും അവതരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഭാഷയുടെ നിയോഗം പൂർണ്ണമായി എന്ന് പറയാം. ഇതു തന്നെയാവാം ഗാനങ്ങൾ സംസാര ഭാഷയിലേക്ക് ചുരുങ്ങുന്നതിന്റെ കാരണം. മാറിയ തലമുറയുടെ മാറിവരുന്ന അഭിരുചി എന്നൊക്കെ പറയാമെങ്കിലും, ‘മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ, തനുവായ് പെയ്തിടും, മുകിലായ് തോർന്നിടുംഎന്നൊക്കെ എഴുതുന്നത് സാധാരണ ആസ്വാദകന്റെ തന്തയ്ക്ക് വിളിക്കലല്ലേ.

കേരളത്തിന്റെ വിദ്യാഭ്യാസമില്ലാത്ത സാധാരണ കർഷകർ ദശാബ്ദങ്ങൾക്ക് മുൻപ് പാടിനടന്നിരുന്ന നാടൻ പാട്ടുകൾക്ക് വരെ സാഹിത്യ ഭംഗിയും ആശയ സൂക്ഷ്മതയും ഉണ്ടായിരുന്നു.

പുതിയ ലോകത്തിൽ ഏറ്റവുമധികം പദസമ്പത്തും ആരാധകരും ഉള്ള ഭാഷ ഇംഗ്ലീഷ് ആണെന്നാണല്ലോ വയ്പ്. എന്നാൽ, ഇംഗ്ലീഷ് ഗാനങ്ങളിലും ഇതേ പ്രവണത നമുക്ക് കാണാനാകും. ജസ്റ്റിൻ ബീബർ, ലിൽ വെയ്ൻ എന്നിവരുടെയെല്ലാം ഗാനങ്ങൾ കേവലം ഡിജിറ്റൽ സംഗീതത്തിന്റെ ആവർത്തനങ്ങൾ ആകുന്നതും ഭാഷാ പരിജ്ഞാനത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. ഡീൻ മാർട്ടിനും, ഫ്രാങ്ക് സിനാത്രയും, ജോണി കേഷുമെല്ലാം നൽകിയതു പോലുള്ള ഭാവ തീവ്രമായ വരികൾ ഇന്ന് വളരെ കുറവാണ്.

ഓട്ടോ ട്യൂൺ എന്ന സോഫ്റ്റ്വെയറിന്റെ വരവോടെ ആർക്കും ഗായകനാകാം എന്ന നിലയാണ്. എഡിറ്റ് ചെയ്ത് നിങ്ങളുടെ ശബ്ദം ആവശ്യമുള്ള താളത്തിലും ഉച്ചതിയിലും ആക്കാൻ സാധിക്കും. ചിത്രങ്ങൾ ഫോട്ടോഷോപ്പിലും കാൻഡി ക്യാമിലും കയറ്റി സുന്ദരമാക്കുന്നതുപോലെ ശബ്ദവും എഡിറ്റിങ്ങിന് വിധേയമാവുകയാണ്. വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ആയി വരാറുള്ള മിക്കവാറും ഗാനങ്ങൾ ശ്രദ്ധിച്ചാൽ ഈ ഡിജിറ്റൽ ടച്ച് നമുക്ക് അറിയാം. മായമില്ലാത്ത ശുദ്ധ ശബ്ദത്തിനും, എഡിറ്റ് ചെയ്ത ഫോട്ടോഷോപ്പ് സംഗീതത്തിനും അതിന്റേതായ വ്യത്യാസങ്ങളുണ്ട്. മനുഷ്യന്റെ മനസ്സും ആസ്വാദന ശേഷിയും യന്ത്രവൽക്കരിക്കപ്പെടാത്തിടത്തോളം ഓർഗാനിക് ആയ കലയ്ക്ക് മാത്രമേ യഥാർത്ഥ ആസ്വാദനം നൽകാൻ സാധിക്കുകയുള്ളൂ.

എന്നാൽ ഇതിന് അപവാദമായി നിൽക്കുന്ന ചില മനോഹര ഗാനങ്ങളും ഇറങ്ങുന്നുണ്ട്. അവരുടെ രാവുകൾ എന്ന സിനിമയ്ക്ക് വേണ്ടി റഫീഖ് അഹമ്മദ് എഴുതിയ

ഒഴുകിയൊഴുകി പുഴയിലൂടെ 

കരയിൽ‍ വന്നൊരീ ഇലകൾ  നമ്മൾ

പ്രണയ ശാഖിയിൽ ഇനിയുമീറൻ

ദല പുടങ്ങളായി മാറുവാനായ്“, എന്ന ഗാനവും, രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിലെ സന്തോഷ് വർമ്മ രചിച്ച

അകലെയൊരു കാടിന്റെ

നടുവിലൊരു പൂവിൽ

നുകരാതെ പോയ മധു മധുരമുണ്ടോ

അവിടെവന്നിളവേറ്റ

നാട്ടു പെൺപക്ഷിതൻ

കഥ കേൾക്കുവാൻ, കാതു കാടിനുണ്ടോഎന്ന ഗാനവും പുതിയ പ്രതിഭകളിൽ പ്രതീക്ഷ വയ്ക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here