ജനങ്ങളെ കബളിപ്പിച്ച പേരിൽ മോഹനൻ വൈദ്യർക്ക് എതിരേ കേസ്!

0
220

മോഹനൻ വൈദ്യരുടെ വീഡിയോകളും വിക്രിയകളും സോഷ്യൽ മീഡിയ എന്നും ആഘോഷമാക്കാറുണ്ട്. എന്നാൽ ഇത്തവണ, കേരളം നിപ്പാ ഭീതിയിൽ വിറച്ചു നിൽക്കുമ്പോൾ വവ്വാൽ കടിച്ച ചാമ്പയും മാങ്ങയും കഴിച്ച് അദ്ദേഹം ഇട്ട വീഡിയോ വൻ വിവാദ കുരുക്കിലാണ്. കഴിഞ്ഞ ദിവസമാണ് മോഹനൻ വൈദ്യരുടെ വീഡിയോ പുറത്തിറങ്ങിയത്. വീഡിയോയുടെ തുടക്കത്തിൽ, അദ്ദേഹം കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് ആരോ കൊണ്ടുവന്ന, വവ്വാൽ ചപ്പിയ മാങ്ങയും ചാമ്പയ്ക്കയും ഒന്ന് കഴുകുക പോലും ചെയ്യാതെ അദ്ദേഹം കഴിക്കാൻ പോകുകയാണെന്ന് പ്രഖ്യാപനം ചെയ്തു.

ലൈവായി മാങ്ങയും ചാമ്പയും ചെത്തി കഴിച്ച ഇദ്ദേഹം പിന്നീടുള്ള സമയം ചെലവഴിച്ചത് ആരോഗ്യ വകുപ്പിനേയും സർക്കാരിനേയും കുറ്റം പറയാൻ ആയിരുന്നു. മാങ്ങ കഴിച്ചാൽ എനിക്ക് നിപ്പാ വൈറസ് ബാധിക്കണം. അങ്ങിനെയാണെങ്കിൽ പനി ബാധിച്ച് നാളെ ഞാൻ കിടപ്പിലാവുമല്ലോ. അങ്ങിനെ വരില്ല. കാരണം, വൈറസിനെ ഒക്കെ ഇങ്ങിനെ പേടിക്കാൻ തുടങ്ങിയാൽ സ്വസ്ഥമായി ജീവിക്കാൻ കഴിയുമോ? ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങൾ.

മോഹനൻ വൈദ്യർ ഇത് ആദ്യമായല്ല വിവാദത്തിൽ പെടുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തെ കുറ്റം പറയുന്ന നിരവധി വീഡിയോകൾ ഇദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. പക്ഷേ, നിപ്പാ വൈറസ് എന്നത് ആരോഗ്യ വകുപ്പിന്റെ കള്ള പ്രചാരണം ആണെന്ന വാദത്തിലൂടെ അദ്ദേഹം പുലിവാല് പിടിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്ത ഈ വീഡിയോ കേരളത്തിൽ ഒട്ടുമിക്ക ആളുകളും ഇതിനോടകം കണ്ടു കഴിഞ്ഞു. കേരളം ഒരു ആരോഗ്യ അടിയന്തരാവസ്ഥയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഇപ്രകാരം ഒരു  പ്രസ്താവന ഇറക്കിയത് എന്തായാലും അനുചിതം ആയിപ്പോയി എന്ന് പിന്നീടാണ് അദ്ദേഹത്തിന് മനസിലായത്.

ഇതിനിടയിൽ ആണ്, മോഹനൻ വൈദ്യർ കേരള ജനതയെ കബളിപ്പിക്കുന്നു എന്ന പേരിൽ ഡോക്ടർ വിജിത് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഗുരുതരമായ കുറ്റം തന്റെ മേൽ ചുമത്തപ്പെടും എന്ന് അറിഞ്ഞിട്ടാണോ എന്തോ, അദ്ദേഹം മാപ്പു പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോയും പുറത്തിറക്കി. താൻ പറഞ്ഞത് വളച്ചൊടിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കേരളാ ഗവണ്മെന്റ്, പാരമ്പര്യ വൈദ്യന്മാർക്ക് ഏറ്റവും കൂടുതൽ ഗുണങ്ങൾ ചെയ്തിട്ടുള്ളവരാണ് എന്നും, സർക്കാരിനെ വിമർശിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

വൈറസിനെ പേടിച്ച് അകത്ത് ഒളിച്ച് ഇരിക്കുകയും, ഒരു നാടിനേയും അവിടത്തെ നാട്ടുകാരെയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇല്ലാതെ ആക്കാനാണ് അദ്ദേഹം തന്റെ വീഡിയോയിലൂടെ ശ്രമിച്ചത്. എന്നാൽ, ലക്ഷ്യം എന്തു തന്നെ ആയാലും, സർക്കാരും, ആരോഗ്യ വകുപ്പും, സന്നദ്ധ സംഘടനകളും ഇത്രയേറെ ബോധവൽക്കരണ പരിപാടികൾ നടത്തി പനിയുടെ രൂക്ഷത കുറയ്ക്കാൻ നോക്കുമ്പോൾ, അതിന് എതിരായി പ്രവർത്തിക്കുന്നത് മര്യാദയല്ല. പക്ഷി മൃഗാദികൾ ഭക്ഷിച്ച പഴവർഗ്ഗങ്ങൾ, സുരക്ഷിതമാണെന്ന് ബോധ്യം വരുന്നതു വരെ ഉപയോഗിക്കരുത് എന്ന  ഡോക്ടർമാരുടെ നിർദ്ദേശം, പൊതുജനാരോഗ്യം മുൻനിർത്തിയുള്ളതാണ്.

എന്തായാലും, ആരോഗ്യ രംഗം ഇത്ര പുരോഗമിച്ച നമ്മുടെ സംസ്ഥാനത്ത്, നിപ്പാ വൈറസ് ഏതാണ്ട് ഒന്ന് ഒതുങ്ങിയിട്ടുണ്ട്. മുൻകരുതലുകളും, ഏത് സാധാരണക്കാരനും പ്രാപ്യമായ ചികിത്സാ സൗകര്യങ്ങളും ആണ് ഇതിന് കാരണം. പക്ഷേ, ഇപ്പോഴും വവ്വാൽ ആണോ നിപ്പാ പരത്തുന്നത് എന്ന ചോദ്യം, ഉത്തരം കിട്ടാതെ തല കീഴായി തൂങ്ങി കിടക്കുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും മുന്നേ, വീഡിയോകൾ കണ്ട് അനുകരിക്കാതിരിക്കുന്നതാവും ബുദ്ധി.

LEAVE A REPLY

Please enter your comment!
Please enter your name here