ജീവൻ കളഞ്ഞും പ്രേമിക്കുന്ന ആൺ തേനീച്ചകൾ!

0
31

പൂവിനു ചുറ്റും ശല്യക്കാരെ പോലെ മൂളി പറന്നു നടക്കുന്ന പൂവാലന്മാരായിട്ടാണ് തേനീച്ചകളെ കവികളും സാഹിത്യകാരൻമാരും നമ്മെ മനസ്സിലാക്കി തന്നിട്ടുള്ളത്. എന്നാൽ, നാം കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് ഈ പൂവാലൻമാരോട് കടപ്പെട്ടിരിക്കുന്നു എന്ന കാര്യം നിങ്ങൾക്കറിയാമോ?

അപൂർവ്വവും, നിഗൂഢവും, അത്ഭുതാവഹവുമാണ് തേനീച്ചയുടെ ജീവിതം. ആയിരക്കണക്കിന് സഹോദരീ സഹോദരന്മാരും, ഒരമ്മയും അടങ്ങുന്ന വലിയ അണുകുടുംബം. മനുഷ്യരെ പോലെ തന്നെ സാമൂഹ്യ വ്യവസ്ഥയുടെ ചട്ടക്കൂടുകൾ കൊണ്ട് വേർതിരിക്കപെട്ടവരാണ് ഇവർ. ക്രിസ്തുവിന് പതിമൂവായിരം വർഷങ്ങൾ മുൻപു തന്നെ, ഗുഹാ ചിത്രങ്ങളിൽ തേനീച്ചയുടെ ചിത്രങ്ങൾ നമുക്ക് കാണാൻ. തേൻ ശേഖരണം ചരിത്രാതീത കാലം മുതൽക്കേ ഉണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് നമുക്ക് മനസിലാക്കാം. മതപരമായ ചടങ്ങുകൾക്കും, മരുന്ന് നിർമ്മാണത്തിനും വേണ്ടി പണ്ടു മുതലേ തേൻ ഉപയോഗിച്ചിരുന്നു.

രസകരമാണ് തേനീച്ചയുടെ ജീവിതം. ഒരു കോളനിയിൽ ഒരു റാണി തേനീച്ച ഉണ്ടാകും. മുട്ടയിട്ടുക എന്നതാണ് റാണി തേനീച്ചയുടെ ജീവിത ലക്ഷ്യം. എല്ലാവരുടെയും അമ്മയായി, രാജകീയ ഭക്ഷണവും കഴിച്ച് സുഖമായി റാണി തേനീച്ചയ്ക്ക് കഴിയാം. മുട്ടയിടുക മാത്രമല്ല, മുട്ട വിരിഞ്ഞാൽ അത് ആൺ തേനീച്ച ആവണോ പെൺ തേനീച്ച ആവണോ എന്ന് തീരുമാനിക്കാനും റാണിയ്ക്ക് സാധിക്കും. മറ്റൊരു റാണിയേയും, ഡ്രോണുകൾ എന്ന് അറിയപ്പെടുന്ന രാജകുമാരൻമാരേയും, ജോലിക്കാരായ സ്ത്രീജനങ്ങളേയും ഉണ്ടാക്കാൻ നമ്മുടെ റാണി തേനീച്ച വിചാരിച്ചാൽ മതി. സാധാരണ തേനീച്ചകളെ അപേക്ഷിച്ച് വലിയ വയർ ഭാഗം ആയിരിക്കും റാണിക്ക്.

രണ്ടായിരത്തോളം മുട്ടകൾ ഒരു ദിവസം ഇടുന്നതല്ലേ, അതുകൊണ്ടാണ് ഈ മാറ്റം. മാത്രമല്ല, സാധാരണ പാവം തേനീച്ചകൾ പരമാവധി വെറും ആറ് ആഴ്ച മാത്രം ജീവിക്കുമ്പോൾ റാണിക്ക് ഏഴു വർഷം വരെ ആയുസ്സുണ്ട്. സമൃദ്ധമായ ജീവിതം; അല്ലേ. പക്ഷേ, റാണി ആകുന്നത് അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ്. ഒരു കോളനിയിൽ റാണിക്ക് അപകടം പറ്റിയാൽ പകരം കിരീട ധാരണം ചെയ്യാനായി പ്രത്യേകം വളർത്തുന്ന റാണികൾ വേറെയും ഉണ്ടാകും. ഇവരെയെല്ലാം തെരഞ്ഞു പിടിച്ച് ക്രൂരമായി കൊന്നിട്ടാണ് റാണി,തന്റെ അപ്രമാദിത്വം തെളിയിക്കുന്നത്. റാണി ഈച്ചകൾക്ക് ഭക്ഷണം നൽകാനും, വിസർജനങ്ങൾ പുറന്തള്ളാനുമായി കന്യകമാരായ ഒരു കൂട്ടം അംഗരക്ഷകർ എപ്പോഴും ചുറ്റും ഉണ്ടാകും. അതിനാൽ തന്നെ സാധാരണ ഗതിയിൽ റാണി കോളനി വിട്ട് പുറത്തിറങ്ങാറില്ല.

റാണിയുടെ ജീവിതം ഇങ്ങനെയാണെങ്കിലും, നമ്മുടെ ഡ്രോൺ രാജകുമാരന്റെ കാര്യമാണ് കഷ്ടം. സ്വന്തമായി ആഹാരം തേടാനുള്ള ശരീര പ്രകൃതിയല്ല ഇവർക്കുള്ളത്. അതുകൊണ്ടു തന്നെ മറ്റുള്ളവർ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാണ് ഈ അഴകിയ രാവണൻമാർ തടി മിനുക്കുന്നത്. ജീവിതകാലം മുഴുവൻ കന്യകനായി ജീവിക്കേണ്ടി വരുന്ന ഇവരുടെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം റാണി ഈച്ചകളെ പ്രത്യുത്പാദനത്തിന് സഹായിക്കുക എന്നതാണ്.

ഇണ ചേരാനുള്ള ഒറ്റ പറക്കലിൽ, റാണി ഒന്നിലധികം ഇണകളുമായി സംഗമിക്കും. പ്രത്യുല്പാദനത്തിന് ആവശ്യമുള്ള രേതസ് എടുത്ത ശേഷം ബാക്കി തന്റെ അറയിൽ സൂക്ഷിച്ചു വയ്ക്കും. ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ. പക്ഷേ, ഇണചേരൽ എന്നത് ആണുങ്ങളെ സംബന്ധിച്ച് ഒരു ആത്മഹത്യ ആണ്. ഇണചേർന്ന ശേഷം റാണി ഈച്ച പറന്നു പോകുമ്പോൾ, പുരുഷന്റെ പാതി ശരീരം വലിച്ചു കീറിയിട്ടാണ് പോകുന്നത്. പാവം രാജകുമാരൻ, പ്രണയത്തിന്റെ സാക്ഷാത്കാരം ഇങ്ങനെ ആയിപ്പോകും എന്ന് ഓർത്തുകാണില്ല.

LEAVE A REPLY

Please enter your comment!
Please enter your name here