മഴക്കാലത്ത് കേൾക്കാം ഈ രാഗങ്ങൾ!

0
575

ഓരോ ഋതുവിനും ഓരോ ഭാവമുണ്ട്. വേനലിന് ഊർജ്ജ സ്വലതയുടേയും, മഴക്കാലത്തിന് കാത്തിരിപ്പിന്റേയും, വസന്ത കാലത്തിന് സന്തോഷത്തിന്റേയും ഭാവം. ഭാവങ്ങളെ അതിന്റെ തീവ്രത ചോരാതെ നമ്മുടെ മനസ്സിലേക്ക് ലയിപ്പിക്കാൻ സാധിക്കുന്നതോ, സംഗീതത്തിനും. ലോകത്ത് മറ്റൊരു രാജ്യക്കാർക്കും അവകാശപ്പെടാൻ കഴിയാത്തത്ര സമ്പന്നമാണ് നമ്മുടെ സംഗീത പാരമ്പര്യം. കർണ്ണാടക, ഹിന്ദുസ്ഥാനി, എന്നിങ്ങനെ രണ്ട് ശാസ്ത്രീയ സംഗീത ധാരകൾ നമുക്ക് സ്വന്തമായുണ്ട്.

കൃത്യമായ സ്വര വിന്യാസങ്ങളും ശാസ്ത്രീയമായ അഭ്യസന രീതിയും കൊണ്ട് സ്ഫുടം ചെയ്തെടുത്ത പാരമ്പര്യമാണ് ഇവയുടേത്. ഓരോ രാഗങ്ങളും, പ്രകൃതിയുടെയും മനസ്സിന്റെയും ഓരോ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ദിവസത്തിന്റെ ഓരോ സമയങ്ങളിൽ കേൾക്കേണ്ട രാഗങ്ങൾ, ഓരോ ഋതുക്കളിൽ കേൾക്കേണ്ട രാഗങ്ങൾ, എന്നിങ്ങനെ പല രീതിയിലുണ്ട് ഇവ. പ്രകൃതിയുടെ ഭംഗിയും ഭാവവും ഉൾക്കൊള്ളുന്ന ഇത്തരം ചില ഋതു രാഗങ്ങൾ നമുക്ക്പരിചയപ്പെടാം.

ചൈത്ര, വൈശാഖ മാസങ്ങളിൽ, തെളി നിലാവിന്റെ ശീതള ഛായയിൽ, പ്രിയ സഖിയുടെ മടിയിൽ കിടന്ന് പ്രണയത്തിന്റെ, ഉന്മാദത്തിന്റെ, ഉണർവ്വിന്റെ സംഗീതം ആസ്വദിക്കുന്ന പ്രതീതിയാണ് വസന്തകാല രാഗമായവസന്ത്നമുക്ക് പകർന്നു തരുന്നത്. ഹിന്തോളം, ബിലാവൽ, ബഹാർ എന്നീ രാഗങ്ങളും വസന്തത്തിന്റെ മധുരം നമുക്ക് പകർന്നു തരുന്നു. ഓ മെരേ ദിൽ കി ചേൻ, ഹവാവോ പേ ലിഖ് ദോ എന്നീ നിത്യ ഹരിത ഗാനങ്ങൾ വാസന്ത രാഗങ്ങളുടെ സന്തതികളാണ്.

വേനലിൽ, പ്രകൃതിയും പുരുഷനും, ആദിത്യ കിരണങ്ങളുടെ ഊർജ്ജ പ്രവാഹം മതിയാവോളം ഏറ്റു വാങ്ങി ചുറുചുറുക്കോടെ നിൽക്കുന്ന സമയത്ത് മഹാനായ താൻസെൻ ജീവൻ നൽകിയ ദീപക് രാഗം കേൾക്കാം. മിയാൻ താൻസെൻ ഒരിക്കൽ മട്ടുപ്പാവിൽ നിൽക്കുമ്പോൾ, പക്ഷികളുടെ പ്രത്യേക ചൂളം വിളി കേട്ടെന്നും,  ആ ചൂളം വിളിയിൽ സമീപത്തുണ്ടായിരുന്ന മരച്ചില്ലകൾ കത്തുപിടിച്ചു എന്നുമാണ് കഥ.

ആ പക്ഷികളുടെ ചൂളം വിളിയുടെ പ്രത്യേക ഈണത്തിൽ താൻസെൻ ചിട്ടപ്പെടുത്തിയെടുത്തതാണ് ദീപക് രാഗം. ഒരിക്കൽ രാജ സദസ്സിൽ ഇദ്ദേഹം ദീപക് രാഗം പാടി ചെരാതുകൾ കത്തിച്ചു എന്നും കഥയുണ്ട്. കൃത്യമായ രീതിയിൽ പാടിയാൽ ദീപക് രാഗം അഗ്നി സൃഷ്ടിക്കും എന്നാണ് വിശ്വാസം. അത് എന്തായാലും, കേൾവിക്കാരന്റെ ഹൃദയത്തിൽ അനുഭൂതികളുടെ അഗ്നി സ്ഫുരണങ്ങൾ സൃഷ്ടിക്കാൻ ഈ രാഗത്തിന് സാധിക്കും എന്നതിൽ സംശയമില്ല.

മിയൻ കി മൽഹാർപേരു പോലെ തന്നെ, അനുവാചക ഹൃദയത്തിൽ ഒരു മഴയായി പെയ്തൊഴിയുന്ന രാഗം. പാട്ടു പാടി മഴ പെയ്യിക്കുക എന്ന ശൈലി കേട്ടിട്ടുണ്ടാകുമല്ലോ. താൻസെൻ മൽഹാർ രാഗം പാടി മഴ പെയ്യിച്ചു എന്നതാണ് ആ ശൈലിക്ക് ആധാരമായ കഥ. ഇത് മേഘരാഗം എന്നും അറിയപ്പെടുന്നു. വാണി ജയറാം പാടി ഹിറ്റാക്കിയ ബോൽ രേ പപ്പി ഹരാ എന്ന അതി മനോഹര ഗാനം ഈ രാഗത്തിൽ ഉള്ളതാണ്.

പ്രകൃതി നിശ്ചലമാകുന്ന ശരത് കാലത്ത് ജഗന്നിയന്താവായ ശിവന്റെ പേരിലുള്ള ഭൈരവ രാഗമാണ് ഉത്തമം. ഇത് ശക്തിയേയും, ഉന്നതിയേയും പ്രതിനിധാനം ചെയ്യുന്നു.

ശൈത്യകാലത്തിന്റെ അവാച്യമായ രസാനുഭൂതി ആസ്വദിക്കാൻ രാഗങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീരാഗം അല്ലാതെ വേറെന്തുണ്ട്. ഇത്, അതീന്ദ്രിയമായ ഒരു സുഷുപ്തിയിലേക്ക്, സമാധാനത്തിലേക്ക്, ഐശ്വര്യത്തിലേക്ക് കേൾവിക്കാരെ കൊണ്ടുപോകുന്നു. ശൈത്യകാലാരംഭത്തിലാണ് ഇത് കേൾക്കേണ്ടത്. തീവ്ര ശൈത്യ കാലത്ത് മാൽക്കവുൻ രാഗമാണ് ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here