മമ്മൂട്ടി ഫാൻസിനായൊരു ചിത്രം വരുന്നു ‘ഇക്കയുടെ ശകടം’

0
6830

നിങ്ങൾ മോഹൻലാൽ ആരാധകർക്ക് മാത്രം മതിയോ സിനിമ, ഞങ്ങൾക്കും ആയിക്കൂടേ എന്ന മമ്മൂട്ടി ഫാൻസിന്റെ ചോദ്യമാണ് ഒടുവിൽ ഇക്കയുടെ ശകടം എന്ന ചിത്രത്തിലൂടെ പ്രാവർത്തികമാകുന്നത്. കടുത്ത മമ്മൂട്ടി ആരാധകനായ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് ഇതിലെ നായകനായി എത്തുന്ന അപ്പാനി ശരത് അഭിനയിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ഈ വ്യത്യസ്ഥ നടൻ, തന്റെ ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ആളാണ്. അതിലെ അപ്പാനി രവി എന്ന കഥാപാത്രം ഹിറ്റായതിനെ തുടർന്ന് അപ്പാനി എന്ന പേര് സ്വന്തം പേരിനോട് കൂട്ടിച്ചേർത്ത് ആദ്യ ചിത്രത്തോടുള്ള സ്നേഹം അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം മോഹൻലാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഏറ്റു വാങ്ങിയത്. ലാലേട്ടന്റെ ചിത്രം ഇറങ്ങിയാൽ പിന്നെ മമ്മൂക്കയ്ക്കും ഒരു ചിത്രം വേണമെന്ന നാട്ടു നടപ്പാവാം സംവിധായകൻ വിപിൻ ആറ്റ്ലീ നടപ്പിലാക്കുന്നത്.

ഇക്കയുടെ ശകടംടീമിന്റെ ടീസർ പോസ്റ്ററിന് ആരാധകരുടെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായി യൂട്യൂബിലൂടെ ഒരു ഡബ്സ്മാഷ് മത്സരവും പ്രൊഡക്ഷൻ ടീം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലെ വിജയികൾക്ക് വമ്പിച്ച സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിലെ ചർച്ച, മോഹൻലാൽ എന്ന സിനിമയേക്കാൾ മികച്ചതാകുമോ മമ്മൂട്ടിയുടെ ചിത്രം എന്നതാണ്. ആ ഒരു അളവുകോൽ കൊണ്ട് മാത്രം അളക്കപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ഈ സിനിമ എത്തിച്ചേരാതിരിക്കട്ടെ. താരാരാധനയുടെ കളിയരങ്ങിൽ മാത്രം മാറ്റുരയ്ക്കപ്പെടേണ്ട ഒന്നല്ല ഒരു സംവിധായകന്റെ കലാ സൃഷ്ടി.

സിനിമയിൽ താരാരാധന അത്ര പുതിയ കാര്യം ഒന്നുമല്ല. പക്ഷേ, രസികൻ എന്ന സിനിമയിലെ മമ്മൂട്ടി മോഹൻലാൽ ഫാൻസ് തമ്മിൽ മത്സരിച്ച് പാടുന്ന ഗാനത്തോടെയാണ് ഈ രീതിയിൽ അസോസിയേഷനുകളുടെ അതിപ്രസരവും അന്ധമായ ആരാധനയും തുടങ്ങിയത്. ഇതിനോടെല്ലാം വിയോജിപ്പുള്ള നായകന്മാരും നമ്മുടെ മലയാളത്തിൽ ഉണ്ട്. ഫഹദ് ഫാസിൽ ഇതിന് ഒരു ഉദാഹരണമാണ്. ഫാൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിനോട് താൽപര്യമില്ല എന്ന അഭിപ്രായം പൊതു വേദിയിൽ പറയുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

സമൂഹ മാധ്യമങ്ങളുടെ വളർച്ചയോടെ ഫാൻസ് തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരങ്ങൾ ഒരുപാട് കൂടിയിട്ടുണ്ട്. യഥാർത്ഥത്തിൽ നായകന്മാർ എന്നത് ഒരു കഥാകൃത്തിന്റെ മനസ്സിൽ രൂപപ്പെടുന്നതും, സംവിധായകന്റെ കണ്ണിലൂടെ പരുവപ്പെടുന്നതുമായ ആശയമാണ്. ഈ ആശയത്തെ ആണ് യഥാർത്ഥത്തിൽ ആളുകൾ ആരാധിക്കുന്നത്. പക്ഷേ, സാമാന്യ ജനങ്ങൾ ഈ ആശയത്തെ കാണുന്നത് സൂപ്പർ താരങ്ങളുടെ ശരീരത്തിലൂടെയും ശബ്ദത്തിലൂടെയും ചലനങ്ങളിലൂടെയുമാണ്. അതിനാൽ തന്നെ, ആരാധന അവരുടെ നേർക്ക് ആകുന്നു. അഭിനയ മികവിനോട് ആയിരുന്നു ആരാധന എങ്കിൽ ഏറ്റവുമധികം ഫാൻസ് അസോസിയേഷനുകൾ വേണ്ടത് തിലകനും കെ.പി..സി ലളിതയ്ക്കും ആണ്.

മലയാളി സൂപ്പർ താരങ്ങളുടെ അഭിനയം പക്ഷേ, ഇന്ത്യയിലെ ഏതൊരാളോടും കിടപിടിക്കുന്നതാണ്. പക്ഷേ, മറ്റിടങ്ങളിൽ പൊതുവേ അങ്ങനെയല്ല. സങ്കടവും സന്തോഷവും ഒരേ മുഖഭാവത്തോടെ അഭിനയിക്കുന്ന സിക്സ് പായ്ക്ക് നായകന്മാരാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സിനിമാരംഗം അടക്കി ഭരിക്കുന്നത്. ഭാഗ്യത്തിന് നമ്മുടെ മമ്മൂക്കയും ലാലേട്ടനും പലതവണ നാഷണൽ അവാർഡുകൾ വാങ്ങിക്കൂട്ടിയിട്ടുള്ള അഭിനയ പ്രതിഭകളാണ്. പക്ഷേ, ആരാധന അന്ധമാകുമ്പോഴാണ് ഫാൻസ് തമ്മിലുള്ള സംഘർഷങ്ങളും തീയറ്ററിലെ കൂക്കുവിളികളും എല്ലാം മുറുകുന്നത്. ആരാധനയാകാം, അഭിനയത്തോട്അത് അഭിനേതാവിനോട് ആകുന്നത് ആ കഥാപാത്രങ്ങളുടെ സൃഷ്ടാക്കളോട് കാണിക്കുന്ന അപമര്യാദയല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here