ബിഗ് ബോസും മലയാളി ഹൗസും ചില ചിന്തകളും!

0
4523

ഉളിഞ്ഞു നോട്ടം എന്നത്, പരമ്പരാഗതമായി പുരുഷന്മാർ കൈയടക്കി വച്ചിട്ടുള്ള ഒരു മേഖലയാണ്. കുളിമുറിയിലും കുളക്കടവിലും പുരുഷന്മാർ കുളിക്കുന്നത് ഉളിഞ്ഞു നോക്കി നാട്ടുകാർ കെട്ടിയിട്ടടിച്ച ഒരു സ്ത്രീയും ഇല്ല എന്നതു തന്നെയാണ് ഇങ്ങനെ പറയാനുള്ള കാരണം. എന്നാൽ ഇന്ന് ഇതൊരു കലാരൂപം ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഒളിച്ചിരുന്ന് ആരും അറിയാതെ ചെയ്തിരുന്ന ഈ കാര്യം ഇന്ന് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സ്വീകരണ മുറിയിലിരുന്ന് ആസ്വദിക്കാവുന്ന ഒന്നായി മാറിക്കഴിഞ്ഞു.

അഞ്ചോ പത്തോ പേർ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നു. വീട് മുഴുവൻ ക്യാമറ വച്ചിട്ടുണ്ട്. ഉണരുന്നതും ഉറങ്ങുന്നതും ഉണ്ണുന്നതും എല്ലാം പകർത്തി ഒരു ഷോ ആക്കി സംപ്രേക്ഷണം ചെയ്യുന്നു. മറ്റൊന്നും ഇല്ല. ഇത്ര ലളിതമാണ് ഇൻഡ്യയിൽ തന്നെ ഏറ്റവുമധികം ആളുകൾ കാണുന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ ആശയം. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് ഉളിഞ്ഞു നോക്കുമ്പോൾ ലഭിക്കുന്ന ആഹ്ലാദം എത്രത്തോളം ആളുകൾ ആസ്വദിക്കുന്നു എന്നതിന്റെ തെളിവാണ് ബിഗ് ബോസ് എന്ന ഈ പരിപാടിയുടെ വൻ വിജയം.

എണ്ണിത്തീർക്കാൻ സാധിക്കാത്തത്ര അശ്ലീല സൈറ്റുകൾ നമുക്ക് ലഭ്യമാണ്. എന്നാൽ, ഇത്തരം സൈറ്റുകളിൽ എല്ലാത്തിലും പ്രായപൂർത്തിയായവർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് എഴുതി പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഇവർ പോലും തങ്ങൾ ചെയ്യുന്നതിനെ തിളങ്ങുന്ന കള്ള വാക്കുകൾ കൊണ്ട് മൂടി വയ്ക്കുന്നില്ല.

സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ഒരു നെഗറ്റീവ് ഇമേജ് ഉള്ള താരങ്ങളെയും വ്യക്തികളെയും മനപൂർവ്വം തെരഞ്ഞെടുത്ത് ഒരു വിവാദത്തിന്റെ തിരക്കഥ മെനയുകയാണ് ഇതിന്റെ സൃഷ്ടാക്കൾ. ഹോം മെയ്ഡ് എന്ന പേരിൽ ഹോട്ടൽ ഭക്ഷണം തരുന്ന പരിപാടി. പണ്ട് മലയാളി ഹൗസ് എന്ന പേരിൽ ഇതേ ആശയമുള്ള ഒരു പരിപാടി ഉണ്ടായിരുന്നു.

അത്‌, വീട്ടിൽ ഇരുന്ന് കാണാൻ സാധിക്കാത്ത രീതിയിൽ വൾഗർ ആയതിനെ തുടർന്ന് നിർത്തിവച്ചു. പഴയ വീഞ്ഞ് പളപളപ്പുള്ള പുതിയ കുപ്പിയിൽ തരികയാണ് ബിഗ് ബോസ്. ബ്രാൻഡഡ് സാധാനങ്ങളോടുള്ള അതേ ആവേശം മലയാളികൾ ഇതിനോടും കാണിക്കും.

തമിഴിൽ കമൽ ഹാസനും, ഹിന്ദിയിൽ സൽമാൻ ഖാനും അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. ബിഗ് ബോസ് നിർമ്മാതാക്കളുടെ ദീർഘ വീക്ഷണവും, കാശിറക്കി കാശു വരാനുള്ള വിപണന തന്ത്രവുമാണ് ഇവിടെ കാണുന്നത്. മലയാളി ഹൗസിൽ താരതമ്യേന സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന, ബഹുമാന്യരായ ചിലരായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ, അതിർവരമ്പുകൾ കടക്കുന്ന അശ്ലീലത ഇതിൽ കടന്നു വന്നതിനെ തുടർന്ന് ഇവരുടെയെല്ലാം കപട മുഖം മൂടി അഴിഞ്ഞു വീഴുകയാണ് ഉണ്ടായത്. ഒന്നിച്ച് താമസിക്കുമ്പോൾ പുരുഷനും സ്ത്രീയ്ക്കും തമ്മിൽ ലൈംഗിക ആകർഷണം ഉണ്ടാകുന്നത് തെറ്റല്ല. പ്രകൃതി നിയമത്താൽ ബന്ധിക്കപെട്ടവരാണ് നമ്മളെല്ലാവരും. പക്ഷേ, കുടുംബങ്ങൾ ഒന്നായിരുന്ന് കാണുന്ന ഒരു പ്രമുഖ ചാനലിൽ ഇത്തരം പരിപാടികൾ വരുമ്പോൾ സ്വാഭാവികമായും അത് ചില പ്രത്യാഘാതങ്ങൾക്ക് വഴി വയ്ക്കും. ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ പ്രാകൃതമായ ത്വരയെ ഭക്ഷണം നൽകി വളർത്തുകയാണ് ഇത്തരം പരിപാടികൾ.

മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുക എന്ന ബിസിനസ്സ് തന്ത്രം ആവിഷ്‌കരിച്ച് വിജയിപ്പിച്ച ഫേസ്ബുക്ക് ഇതിന്റെ ഒരു മകുടോദാഹരണം ആണ്. എന്തായാലും ട്രോളന്മാർക്കും ഫേസ്ബുക്ക് വിമര്ശകർക്കും ഒരു ചാകരയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ എന്നതിൽ തർക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here