കോഴിക്കോട് ഹോമിയോ മരുന്നിൽ പ്രശ്നം, സസ്പെൻഡ് ചെയ്തത് അറ്റൻഡറെ!

0
4401

അധികാരത്തിന്റെയും പണത്തിന്റെയും കുപ്പത്തൊട്ടിയിൽ നിന്ന് വാരിയിടുന്ന അപ്പക്കഷണങ്ങളല്ല സാധാരണക്കാരന്റെ നട്ടെല്ലിന്റെ വളം എന്ന് ഇനിയും മനസിലാകാത്ത ഉദ്യോഗസ്ഥ പ്രമാണിമാരുണ്ട് ഇവിടെ. ഒപ്പം, അവർക്ക് വിടുപണി ചെയ്യുന്ന ചില മാധ്യമങ്ങളും.

പനിപ്പേടിയിൽ പുറത്തിറങ്ങാൻ മടിക്കുന്ന കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി ഗവ: ഹോമിയോ ആശുപത്രിയിലെ ഒരു അറ്റൻഡറെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. സ്വാഭാവികവും സാധാരണവുമായ നടപടി. അല്ലേ? പക്ഷേ എന്തിനാണ് അയാളെ സസ്പെൻഡ് ചെയ്തത് ?. കർത്തവ്യത്തിൽ വീഴ്ച വല്ലതും വന്നോ? ഇല്ല. കൃത്യ വിലോപം? ഇല്ല. പറയാതെയോ അനുമതി ഇല്ലാതെയോ ലീവ് എടുത്തിട്ടില്ല. അച്ചടക്കക്കുറവ് കാണിച്ചിട്ടില്ല. അഴിമതിയും ഇല്ല. പിന്നെ എന്തിനാവും ഇങ്ങനെയൊരു നടപടി? സ്വന്തം ജോലി ചെയ്തതിന്.

എന്തായിരുന്നു ജോലി ?

മരുന്ന് വിതരണം.

സ്വന്തം ജോലിയുടെ ഭാഗമായി മരുന്ന് എടുത്ത് കൊടുക്കാനും സഹായത്തിനും നിൽക്കുന്ന അറ്റൻഡർക്ക് സസ്പെൻഷൻ.

കാര്യങ്ങൾ ഇങ്ങനെയാണ്. മണാശ്ശേരി ഭാഗത്ത് ഗവർമെന്റ് ഹോമിയോ ആശുപത്രിയിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. പക്ഷേ, അത് കഴിച്ച പലരിലും അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതേത്തുടർന്ന് ആശുപത്രിക്കെതിരേ നിരവധി ആരോപണങ്ങളും പരാതികളും ഉയർന്നു. ശേഷം, ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു. പക്ഷേ, നടപടി വന്നത് അറ്റൻഡർക്ക് എതിരേ. വെടി വച്ചവനും മരുന്ന് നിറച്ചവനും ഒന്നും കേസില്ല. ഒച്ച കേട്ടവർക്കാണ് കേസ്.

ആശുപത്രിയിൽ നൽകിയ മരുന്നിന് പാർശ്വഫലം ഉണ്ടായതിന് പാവം അറ്റൻഡർ എന്ത് പിഴച്ചു? പക്ഷേ, നാട്ടുകാർ വിട്ടില്ല. ഇദ്ദേഹത്തെ തിരിച്ചെടുക്കുക എന്ന ആവശ്യമുയർത്തി വിദഗ്ദ്ധ സംഘത്തെ തടഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു ഇവർ. അറ്റൻഡറെ തിരിച്ചെടുക്കണം എന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നഗരസഭാ ചെയർമാൻ അടക്കം സ്ഥലത്തെത്തി. ഇയാളെ ഉടൻ തന്നെ തിരികെ എടുക്കാം എന്ന് സമ്മതിച്ചു എങ്കിലും ഔദ്യോഗികമായ നടപടി ക്രമങ്ങൾ ഉള്ളതിനാൽ വൈകാനാണ് സാധ്യത.

സ്ഥലത്ത് ഇപ്പോൾ കണ്ടു വരുന്ന പനിക്ക് എതിരായ മുൻകരുതൽ എന്ന നിലയിലാണ് ഈ മരുന്നുകൾ നാട്ടുകാർക്ക് വിതരണം ചെയ്തത്. പക്ഷേ, അതിൽ കുടുങ്ങിയത് ഒരു പാവം ക്ലാസ് ഫോർ ജീവനക്കാരനും.

ഇതിന്റെ വാർത്ത ഒരു പ്രമുഖ മാധ്യമത്തിൽ വന്നത് പരാതി അന്വേഷിക്കാൻ എത്തിയ വിദഗ്ധ സംഘത്തെ ഒരുപറ്റം നാട്ടുകാർ തടഞ്ഞു എന്ന തലക്കെട്ടോടുകൂടിയാണ്. ഈ വാചകം മാത്രം വായിച്ചാൽ, നാട്ടുകാർ ഉണ്ടാക്കിയ ഏതോ സംഘർഷം ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. പക്ഷേ, വാർത്ത മുഴുവൻ വായിക്കാൻ മനസ്സ് കാണിക്കുന്നവർക്കേ കാര്യം മുഴുവൻ മനസ്സിലാവൂ. ഒരു തരത്തിൽ ദിശ തെറ്റിക്കൽ തന്നെയാണ് ഈ മാധ്യമം ചെയ്യുന്നത്. യഥാർത്ഥ കാരണം മറച്ചു വച്ച് ഒരു സാധാരണ തലവാചകം പോലെ ഇതും എഴുതിയിരിക്കുന്നു. സൂക്ഷ്മ വായനയിൽ മാത്രം വെളിവാകുന്ന സത്യം.

പനിയുടെ കാര്യത്തിലും മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് നമുക്ക് കാണാനാകും. ദൃശ്യ മാധ്യമങ്ങൾ അടക്കം നിപ്പ ബാധ ആഘോഷിക്കുകയാണ്. വളരെ ചുരുങ്ങിയ മരണ നിരക്കിൽ ഈ വൈറസിനെ പിടിച്ച് നിർത്താൻ ആരോഗ്യ രംഗത്തുള്ളവർ പ്രയത്നിക്കുമ്പോൾ, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. ലോകത്ത് ഒരിടത്തും ഇത്ര വേഗത്തിൽ ഈ വൈറസ് ബാധ പിടിച്ച് നിർത്തിയിട്ടില്ല. ജീവൻ മറന്നുകൊണ്ട് രാപ്പകൽ പ്രയത്നിക്കുന്ന നഴ്സുമാരുടേയും അറ്റൻഡർമാരുടേയും അധ്വാനം ആരും കാണാതെ പോകരുത്.

 

LEAVE A REPLY

Please enter your comment!
Please enter your name here