ജയലളിതയുടെ സിനിമ വരുന്നു; എംജിആർ ആയി മമ്മൂട്ടി എത്തിയേക്കും

0
1268

ജയലളിതയുടെ ജീവിതം എങ്ങനെ നോക്കിയാലും സിനിമാ സ്റ്റൈൽ തന്നെ ആയിരുന്നു. ഒരു സാധാരണ പെണ്കുട്ടിക്ക് ജീവിതത്തിൽ സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാൾ ദുരിതങ്ങൾ അനുഭവിച്ച്, എതിരാളികളെ തകർക്കാനുള്ള സംഹാരാഗ്നിയായി രണ്ടാം ജന്മമെടുത്ത് രാഷ്ട്രീയത്തിലെത്തി, തമിഴ് നാടിന്റെ മൊത്തം അമ്മയായി മാറിയ പുരട്ചി തലൈവിയുടെ കഥ സിനിമയുടെ ക്യാൻവാസിൽ പോലും പൂർണ്ണമായി ഉൾക്കൊള്ളുകയില്ല.

പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രമ്യാ കൃഷ്ണനോ, കീർത്തി സുരേഷോ ആയിരിക്കും ജയലളിതയുടെ വേഷം അവതരിപ്പിക്കുക.

ഇത്രയും ശക്തമായ ഒരു കഥാപാത്രം ചെയ്യാൻ കഴിവുള്ള വ്യക്തിത്വം രമ്യാ കൃഷ്ണൻ തന്നെ ആയിരിക്കും. ബാഹുബലിയിലെ ശിവകാമീ ദേവിയെ വെള്ളിത്തിരയിൽ അജയ്യയാക്കി മാറ്റിയ കരുത്തുറ്റ പ്രകടനം അതിന് തെളിവാണല്ലോ. രമ്യയുടെ അഭിനയത്തിന്റെ കരുത്ത് പടയപ്പ സിനിമ മുതൽ നമുക്ക് അറിയാവുന്നതാണ്. ഗ്ലാമർ വേഷങ്ങളായിരുന്നു കൂടുതൽ തേടി വന്നിരുന്നത് എന്നതിനാൽ കഴിവിനൊത്ത കഥാപാത്രങ്ങൾ അധികം ലഭിക്കാതെ പോയ മികച്ച അഭിനേത്രിയാണ് ഇവർ. എന്നാൽ ഒരുകാലത്ത് രമ്യയും, പിന്നീട് സിമ്രാനും, ജ്യോതികയും, തൃഷയും, അസിനുമെല്ലാം കയ്യടക്കിയിരുന്ന താരറാണി പട്ടം ഇന്ന് കീർത്തി സുരേഷിന്റെ കൈകളിലാണ്.

അഭിനയത്തിന്റെ കാര്യത്തിൽ ജൂനിയർ ആണെങ്കിലും, അവസാനം ഇറങ്ങിയ മഹാനടി എന്ന ബയോപിക്കിൽ മികച്ച പ്രകടനമായിരുന്നു കീർത്തിയുടേത് എന്നാണ് പൊതുവേ ഉള്ള അഭിപ്രായം. ഹീറോയുടെ നിഴലായി, കണ്ണിന് കുളിർമ്മ പകരാൻ മാത്രമുള്ള സ്ഥിരം തമിഴ് നായിക എന്ന നിലയിൽ നിന്ന് മാറി, അഭിനേത്രി എന്ന നിലയിൽ പേരെടുക്കാൻ പറ്റിയ അവസരമാണ് കീർത്തിയെ സംബന്ധിച്ചിടത്തോളം ഈ സിനിമ. ജയയുടെ ജീവിതം ആയതിനാൽ തന്നെ ഇന്ത്യ മുഴുവൻ ചർച്ചാ വിഷയമായിത്തീരും ഈ സിനിമ എന്നതിൽ സംശയമില്ല.

എം.ജി.ആർ സ്ഥാപിച്ച എ...ഡി.എം.കെ യുടെ ഓജസ്സും ജീവനുമായി മാറിയ ജയലളിത പാർട്ടി ബാനറിൽ രാജ്യസഭാ എം.പിയുമായി. എന്നാൽ എം.ജി.അറിന്റെ മരണത്തെ തുടർന്ന് ജാനകി രാമചന്ദ്രൻ പാർട്ടിയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ, അപമാനിതയായ ജയയ്ക്ക് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടി വന്നു. തന്ത്രശാലിയായ അവർ അകത്തും പുറത്തുമുള്ള ശത്രുക്കളെ ഒതുക്കി പാർട്ടി ഏകാധിപതിയായി മാറി. പൊതു വേദികളിൽ ജയയുടെ ചെരുപ്പുനക്കികളായി ബാക്കി എം.എൽ.എ മാർ മാറുന്ന കാഴ്ച വരെ നമ്മൾ കണ്ടു. 6 തവണ മുഖ്യമന്ത്രിയായി, കലൈഞ്ജർ കരുണാനിധിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ തള്ളാൻ വരെയുള്ള ശക്തി സമ്പാദിച്ച ജയയ്ക്ക് പക്ഷെ അഴിമതി ആരോപണത്തിൽ നിന്നും മുക്തയാകാൻ സാധിച്ചില്ല.

കർണാടക കോടതിയുടെ നിയമക്കുരുക്ക് ജയയ്ക്കും ശശികലയ്ക്കും മുകളിൽ ഡെമോക്ളീസിന്റെ വാളായി തൂങ്ങുന്ന സമയത്താണ്, ജയയുടെ അന്ത്യം. മരണത്തിലും ഒരുപാട് ദുരൂഹതകൾ അവശേഷിപ്പിച്ചാണ് ജയ കടന്നു പോയത്. തമിഴ് നാട് രാഷ്ട്രീയത്തിൽ ഇതുവരെ ജയലളിത ഉണ്ടാക്കിപ്പോയ വിടവ് നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. കമലും രജനിയുമെല്ലാം രാഷ്ട്രീയ രംഗത്തേക്ക് വരുന്നുണ്ടെങ്കിലും തലൈവിക്ക് പകരമാകാൻ കഴിയും എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകുന്നില്ല.

എം.ജി.ആർ വേഷത്തിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടി ആകും വേഷമിടുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത. ഇരുവർ സിനിമയിൽ ലാലേട്ടൻ അവിസ്മരണീയമാക്കിയ ആ കഥാപാത്രത്തിന്റെ മറ്റൊരു തലം നമുക്ക് ഈ അതുല്യ പ്രതിഭയിൽ നിന്ന് പ്രതീക്ഷിക്കാം. എല്ലാം ഒത്തു വന്നാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു സിനിമയായി മാറാൻ ജയലളിതയുടെ ബയോപിക്കിന് സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here