ഹാരി-മെർക്കൽ വിവാഹം, സാമ്രാജ്യത്വത്തെ തോൽപ്പിച്ച പ്രണയം!

0
108

ഹാരി രാജകുമാരന്റെ വിവാഹം ആയിരുന്നു ലോകം കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്ത ഒരു വാർത്ത. സാധാരണ ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത വിധം അസാധാരണമായ ഒരു ചടങ്ങായിരുന്നു അത്. വധു മെഗാൻ മെർക്കൽ. ഇംഗ്ളീഷുകാരി അല്ല, വെള്ളക്കാരി അല്ല, ആദ്യ വിവാഹം പോലും അല്ല. ഇത്തരമൊരു സ്ത്രീ, ലോകം അടക്കി ഭരിച്ച ബ്രിട്ടീഷ് രാജ കുടുംബത്തിൽ വധുവായി വന്നു കയറും എന്ന് പറഞ്ഞാൽ കുറച്ചു നാളുകൾക്ക് മുൻപു വരെ ആളുകൾ വിശ്വസിക്കുമായിരുന്നില്ല.

യാഥാസ്ഥിതികതയുടെ കൂടാരമാണ് ബ്രിട്ടീഷ് രാജവംശം. പദവി അനുസരിച്ചുള്ള അഭിസംബോധന, പെരുമാറ്റ രീതികൾ, വസ്ത്ര ധാരണം, വാക്കുകൾ, തുടങ്ങി, ഉറ്റവരുടെ കവിളിൽ വയ്ക്കുന്ന ഉമ്മകൾക്ക് വരെ കൃത്യമായ കണക്കുണ്ട്. ആചാരങ്ങളെ ഇത്രമാത്രം ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്ന മറ്റൊരു ജനതയില്ല.

മെഗാൻ മെർക്കൽ ജനിച്ചത് കൊട്ടാരത്തിലോ മണിമാളികയിലോ അല്ല. ഒരു ഗ്യാരേജിന് അടുത്തുള്ള സാധാരണ അപ്പാർട്ട്മെന്റിൽ ആണ്. വെള്ളക്കാരനായ പിതാവിനും, കറുത്തവർഗ്ഗക്കാരിയായ അമ്മയ്ക്കും പിറന്ന കുഞ്ഞു മെർക്കലിന് ചെറുപ്പം മുതൽക്കേ ഏൽക്കേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളും ആക്ഷേപങ്ങളും നിരവധി ആയിരുന്നു.

[show_more more=ReadMore align=center]

ഏതൊരു അമേരിക്കൻ സുന്ദരിയെപ്പോലെയും തന്നെ ആയിരുന്നു മെർക്കലിന്റെ ചിന്തയും. മോഡലിങ്ങിലൂടെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ വന്ന് വലിയൊരു താരം ആവുക എന്നതായിരുന്നു മെഗാന്റെ ആഗ്രഹം. ഇതിനായി കൈയ്യിൽ വന്ന ഗ്ലാമർ വേഷങ്ങളും, മോഡലിംഗ് കോണ്ട്രാക്റ്റുകളും ഏറ്റെടുത്ത് ചെയ്തു. പടി പടിയായി വളർന്ന് അത്യാവശ്യം അറിയപ്പെടുന്ന ഒരു താരം ആയപ്പോഴാണ് മെഗാൻ മെർക്കൽ ഒരു കാര്യം മനസ്സിലാക്കിയത്. വായിക്കുന്ന എല്ലാ സ്ക്രിപ്റ്റുകളും തുടങ്ങുന്നത് അൽപ വസ്ത്ര ധാരിണിയായി തന്നെ ചിത്രീകരിച്ചു കൊണ്ടാണ്.

അപ്പോഴാണ് ഈ രംഗത്ത് നിലനിൽക്കുന്ന ആഭാസങ്ങളെ കുറിച്ച് വ്യക്തമായ ഒരു ധാരണ മെഗാന് കൈവന്നത്. തനിക്ക് ലഭിച്ച അവസരങ്ങൾ എല്ലാം, മേനിയഴക് മാത്രം കണ്ടു കൊണ്ട് ഉള്ളതാണെന്ന് വേദനയോടെ മനസിലാക്കിയ മെർക്കൽ പിന്നീട് സാമൂഹ്യ സേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലും, ഇന്ത്യയിലും എല്ലാം ഈ ബ്രിട്ടീഷ് വധു ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വന്നിട്ടുണ്ട്.

ആദ്യ വിവാഹം അധിക കാലം നിലനിന്നില്ലെങ്കിലും, മെർക്കലിന്റെ ജീവിതത്തെ അത് സാരമായി ബാധിച്ചിരുന്നു. ഹാരി രാജകുമാരനുമായി പ്രണയത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ലോകമെമ്പാടുമുള്ള ആരാധകർ പറഞ്ഞു, ഇതൊരിക്കലും വിവാഹത്തിൽ കലാശിക്കില്ല എന്ന്. ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആചാരങ്ങളുമായി ഒരിക്കലും ഒത്തു പോകാത്ത വധുവിനെ അവർ അംഗീകരിക്കില്ല എന്നും, ഹാരിക്ക് സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടായേക്കാവുന്ന സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിക്കില്ലെന്നും അവർ വിധിയെഴുതി.

എന്നാൽ, യഥാർത്ഥ പ്രണയത്തിന് തടയിടാൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പോലും സാധിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇരുവരും വിവാഹിതരായി. ഹാരിയുടെ ജ്യേഷ്ഠൻ വില്യം രാജകുമാരൻ വിവാഹം കഴിച്ചതും രാജ രക്തം ഇല്ലാത്ത ഒരു സാധാരണ ബ്രിട്ടീഷ് യുവതിയെ ആയിരുന്നു. പക്ഷേ, പ്രായത്തിന് മുതിർന്ന, വിവാഹ മോചനം ചെയ്യപ്പെട്ട ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജയെ ഭാര്യയായി സ്വീകരിക്കാൻ ഹാരി രാജകുമാരൻ കാണിച്ച ധൈര്യം പ്രശംസയർഹിക്കുന്നു. രാജ കുടുംബം പോലും ആധുനിക യുഗത്തിന് വഴിമാറുന്ന സുന്ദരമായ കാഴ്ചയാണ് നമ്മൾ കാണുന്നത്.

[/show_more]

LEAVE A REPLY

Please enter your comment!
Please enter your name here