സ്വന്തം മകളുടെ സന്തോഷത്തേക്കാൾ വലുതാണോ നിങ്ങളുടെ ദുരഭിമാനം?

0
486

അന്തസ്സായി ജീവിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. അഭിമാനം മനുഷ്യർക്ക് ആവശ്യമാണ്. എന്നാൽ, അതിരുവിട്ടാൽ അത് ദുരഭിമാനമായി മാറും. അഭിമാന സംരക്ഷണത്തിന്റെ പേരിൽ അന്യരെ വേദനിപ്പിക്കുന്നതും കൊല്ലുന്നതും പണ്ടുമുതലേ മനുഷ്യ സമൂഹത്തിന്റെ സ്വഭാവമാണ്. കേരളത്തിൽ പോലും ദുരഭിമാന കൊലപാതകങ്ങൾ സാധാരണയെന്നോണം നടക്കുമ്പോൾ, ഇതിനു പിന്നിലെ ചരിത്രപരവും സാമൂഹ്യപരവുമായ വശങ്ങൾ നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം.

ചരിത്രം എത്ര പിന്നോട്ട് ചികഞ്ഞു നോക്കിയാലും പൊതുവായി കാണാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്. ദുരഭിമാനക്കൊല എവിടെയെല്ലാം നടന്നിട്ടുണ്ടോ, അവിടെയെല്ലാം സ്ത്രീകളെ അടിച്ചമർത്താനുള്ള ത്വരയാണ് പ്രേരക ശക്തിയായി വർത്തിച്ചിട്ടുള്ളത്. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ, കുടുംബത്തിന്റെ അഭിമാനം എന്നത് പുരുഷനെ അനുസരിക്കുന്ന സ്ത്രീയാണ് എന്നു വരുന്നു. പുരാതന റോമൻ നഗരങ്ങളിൽ, പരപുരുഷ ബന്ധം ആരോപിക്കപ്പെട്ട സ്ത്രീ കഠിന ശിക്ഷകൾക്ക് അർഹയാണെന്നായിരുന്നു നീതി ശാസ്ത്രം. ഒരു സ്ത്രീ കുറ്റാരോപിതയാണെങ്കിൽ അവളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കുടുംബത്തിലെ പുരുഷന്മാരും കുറ്റക്കാരുടെ ഗണത്തിൽ പെടും. സ്ത്രീ പുരുഷന്റെ സ്വകാര്യ സ്വത്ത് ആണെന്നായിരുന്നു വയ്പ്.

കുടുംബത്തിലെ സ്ത്രീജനങ്ങൾ, പുരുഷന്റെ മുൻകൂർ സമ്മതമില്ലാതെ എന്തു ചെയ്യുന്നതിനും വിലക്കാണ്. മകൾ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ ഭർത്താവായി സ്വീകരിച്ചാൽ അവളെ വധിക്കുവാൻ ഉള്ള ധാർമ്മികമായ അവകാശം പിതാവിനുണ്ട് എന്നതാണ് മിക്കവാറും എല്ലാ സമൂഹത്തിലേയും വിധി. പുരാതന ചൈന മുതൽ ഗ്രീക്കുകാർ വരെ ഒറ്റക്കെട്ടായി കൈമാറി വന്ന ഏക പാരമ്പര്യം.

പ്രണയത്തിൽ തുല്യ പങ്ക് പുരുഷനും ഉണ്ട്. ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ പുരുഷനോടൊപ്പമാണ് സമൂഹം നിൽക്കുക; എന്നാൽ ആണിനോടുള്ള വിധേയത്വത്തേക്കാൾ മുന്നിട്ട് നിൽക്കുന്നത് സ്ത്രീയോടുള്ള വിരോധമാണ് എന്നതാണ് സത്യം. അതുകൊണ്ട്, സ്ത്രീകളോട് മനുഷ്യരെ പോലെ പെരുമാറുന്ന, അവരെ അടിമകളാക്കാത്ത പുരുഷന്മാർക്ക് എതിരെ പൊതു സമൂഹം തിരിയുന്നു.

ലോക രാഷ്ട്രങ്ങൾ മത്സരിച്ച് നടത്തുന്ന ഈ അപമാനക്കൊലപാതകങ്ങളിൽ ഇന്ത്യ ബഹുദൂരം മുന്നിൽ തന്നെയാണ്. ആയിരം ജാതികളും, പതിനായിരം ഉപ ജാതികളുമുള്ള ഇന്ത്യയിൽ പുരുഷാധിപത്യ സ്വരൂപങ്ങളുടെ അഭിമാനം എളുപ്പത്തിൽ വ്രണപ്പെടുന്നു.

സ്നേഹം ഏതു മുറിവും ഉണക്കുന്ന മരുന്നാണ് എന്നാണ് പറയാറ്. എന്നാൽ, സ്നേഹം കൊണ്ട് ക്ഷതമേൽക്കുന്നത്ര ദുർബ്ബലമാണ് ഇവരുടെയെല്ലാം അഭിമാനം. സ്വന്തം മകളുടെ സന്തോഷത്തേക്കാൾ വലുതാണ് സമൂഹത്തിൽ ഇവർ സ്വയം ഉണ്ടെന്ന് കരുതുന്ന നിലയും വിലയുമെങ്കിൽ, ഇത്തരം സാമൂഹ്യ ദ്രോഹികളെ, ഇത്തരം ക്രിമിനലുകളെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക തന്നെ വേണം.

ഡൽഹിയിലെ ഭാവന യാദവ് എന്ന ഇരുപത്തിയൊന്നുകാരിയെ, താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന്  സ്വന്തം മാതാപിതാക്കൾ തന്നെ തല്ലിക്കൊന്ന് ദഹിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല.

ഇത്തരം അഭിമാനികൾ സമൂഹത്തിന്റെ താഴേക്കിടയിലോ, വിദ്യാഭ്യാസം ഇല്ലാത്തവരിലോ മാത്രം കാണപ്പെടുന്ന അപൂർവ്വ പ്രതിഭാസമല്ല. സമൂഹത്തിന്റെ ഓരോ തട്ടിലും, പ്രായ ഭേദമോ, ജാതി ഭേദമോ ഇല്ലാതെ ഇത് കാണാം. IAS ഓഫീസറുടെ മകനും ബിസിനസ്സുകാരനുമായിട്ടു പോലും, നിധീഷ് കട്ടാര എന്ന യുവാവിനെ ഉത്തർപ്രദേശ് രാഷ്ട്രീയ നേതാവ് ഡി.പി യാദവിന്റെ മകൻ വികാസ് യാദവ് കൊന്ന് ഹൈവേയിൽ ഉപേക്ഷിച്ചു. തന്റെ സഹോദരിയെ പ്രണയിച്ചതായിരുന്നു കുറ്റം. ഈ വലിയ നിരയിൽ അവസാനത്തേതാണ് കോട്ടയത്തെ കെവിൻ.

നമ്മുടെ നാടും അപലപിച്ച് ആഘോഷിക്കുകയാണ് ഇത്തരം കൊലപാതകങ്ങളെ. മുതലകണ്ണീരിനു പകരം ഇനിയെങ്കിലും സ്വന്തം ഉള്ളിലേയ്ക്ക് ഒന്നു നോക്കുക. ദുരഭിമാനത്തിന്റെ ജാതിക്കറ പുരളാത്ത ഒരിഞ്ച് ഭാഗമെങ്കിലും ഹൃദയത്തിലുണ്ടോയെന്ന്

LEAVE A REPLY

Please enter your comment!
Please enter your name here