ഗൗരി ലങ്കേഷിന്റെ കൊലപാതകം: നടുക്കം മാറാതെ മാധ്യമലോകം

0
1067

കടുത്ത ഹിന്ദുത്വവിരുദ്ധനിലപാടുകൾ കൊണ്ട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് സ്വന്തം വീട്ടുപടിക്കൽ വെടിയേറ്റ് മരിച്ചു. ​അക്രമത്തിനു പിന്നിൽ ഹിന്ദുത്വവാദികൾ ആണെന്ന് സംശയിക്കപ്പെടുന്നു. സംഘ പരിവാറിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ ഗൗരി ലങ്കേഷ് തന്റെ നിർഭയമായ അഭിപ്രായപ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപെട്ട മാധ്യമപ്രവർത്തകയാണ്. സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായിരുന്ന എം .എം. കൽബുർഗിയുടെ കൊലപാതകത്തിന് ശേഷം രണ്ടു വര്ഷം തികഞ്ഞു ഏതാനും ദിവസങ്ങൾക്കകമാണ് സമാനരീതിയിലുള്ള ഈ കൊലപാതകവും നടക്കുന്നത് എന്നത് യാദൃച്ഛികമല്ലെന്നാണ് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.

എല്ലാ ദിവസവും ജോലി കഴിഞ്ഞു രാത്രി വൈകി എത്തുന്ന അവർ ഇന്നലെ നേരത്തെ എത്തിയത് മരണത്തിലേക്കായിരുന്നു. വെടിയൊച്ച കേട്ട് അയൽക്കാർ കരുതിയത് ആരോ പടക്കം പൊട്ടിക്കുകയാവും എന്നാണ്. കൊലയാളികൾ അവരെ പിന്തുടരുകയോ അതല്ലെങ്കിൽ അവരുടെ വരവും കാത്ത് പരിസരത്തെവിടെയെങ്കിലും നിലയുറപ്പിക്കുകയോ ചെയ്തിട്ടുണ്ടാവാം. ശബ്ദം കേട്ട് ആളുകൾ ബാൽക്കണികളിൽ വന്നു ​നോക്കു​മ്പോൾ കണ്ടത് ഗൗരിയുടെ വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നതുംകാർ ഗേറ്റു കടന്നു വീടിനു മുമ്പിൽ കിടക്കുന്നതുമാണ്. രക്തത്തിൽ കുളിച്ച നിലയിൽ വീട്ടു വരാന്തയിൽ അവരുടെ മൃതദേഹം കണ്ടെത്തി. ബൈക്കിലെത്തിയ മൂന്നംഗസംഘം ഗൗരി ലങ്കേഷിനെ കാറിൽ നിന്നിറങ്ങുമ്പോൾ അവരുടെ വീട്ടുവാതിലിൽ വെടിവച്ചു വീഴ്ത്തിയ ​ഉടൻ തന്നെ രക്ഷപെട്ടു.

ലങ്കേഷ് പത്രിക എന്ന കന്നഡ വാരികയുടെ എഡിറ്റർ ആയിരുന്ന ഗൗരി ലങ്കേഷിനെതിരെ നിരവധി മാനനഷ്ടക്കേസുകൾ നിലവിൽ ഉണ്ട്. നിരന്തരം അവർക്കു ഭീഷണികൾ ഉണ്ടായിരുന്നു. അടുത്തയിടെ അവരുടെ വീട്ടിൽ മോഷണം നടന്നതിനെ തുടർന്ന് സീ സീ ക്യാമറ സ്ഥാപിക്കുവാൻ പോലീസ് നിർദ്ദേശിച്ചിരുന്നു. ബാംഗ്ലൂർ രാജരാജേശ്വരി നഗറിലെ വീട്ടിൽ ഒറ്റയ്ക്കാണ് ഗൗരി ലങ്കേഷ് താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here