ഇങ്ങനെ ചെയ്താൽ ഇനി ആരും ഫേസ്ബുക്കിൽ ‘കുത്തിപ്പൊക്കില്ല’!

0
204

ഫേസ്ബുക്ക് കുറച്ചു കാലമായി ഒരു ഉറക്കച്ചടവിൽ ആയിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസ് വന്നതോടെ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടാൻ ആർക്കും സമയം ഇല്ലാതായി. പക്ഷേ, ഈയടുത്ത് ഫേസ്ബുക്ക് വീണ്ടും സട കുടഞ്ഞ് എഴുന്നേൽക്കുന്ന കാഴ്ചയാണ് കാണുന്നത്. കുത്തിപ്പൊക്കൽ ആണ് ഇപ്പോഴത്തെ താരം. നാലഞ്ചു വർഷം മുൻപ്, കാൻഡി ക്യാമറയും മറ്റും പ്രചാരത്തിൽ ഇല്ലാത്ത സമയത്ത് ഫോട്ടോ എഡിറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, മൊബൈൽ ക്യാമറകളും വളരെ മോശമായിരുന്നു. അങ്ങനെ, അന്നത്തെ ഒരു ദുർബല നിമിഷത്തിൽ എടുത്ത് പോസ്റ്റിയ ഫോട്ടോകളാണ് ഇന്ന് ചങ്കുകൾ കുത്തിപ്പൊക്കുന്നത്.

അന്ന് ഫേസ്ബുക്കിൽ അമ്മാവനും അളിയൻമാരും ഒന്നും വന്നിട്ടില്ല. കാറ്റടിച്ച് വല്ല അഞ്ചോ ആറോ ലൈക്കുകൾ വന്നാലായി. ഇങ്ങനെയുള്ള പോസ്റ്റുകൾ കുത്തിപ്പൊക്കുമ്പോൾ ഇപ്പോൾ ലൈക്കുകളുടേയും കമന്റുകളുടേയും പ്രളയം. ഈ തെണ്ടികൾ ഒന്നും നമ്മുടെ നല്ല പോസ്റ്റുകൾക്ക് കമന്റ് ഇടില്ല. കണ്ട ഭാവം പോലും നടിക്കില്ല.

എന്തായാലും സംഗതി വൈറലായി. മിക്കവാറും എല്ലാ അവന്മാരുടേയും പൂർവ്വകാല ചിത്രങ്ങൾ ഫേസ്ബുക്കിന്റെ അന്തരാളങ്ങളിൽ നിന്ന് ഉപരിതലത്തിലേക്ക് പൊങ്ങി തുടങ്ങി. ഇനി ഇപ്പോൾ ഇതിൽ കൂടുതൽ നാണം കെടാൻ ഒന്നുമില്ല.

അവൾ വഞ്ചിച്ച് തേച്ച് അരച്ച് കഞ്ഞിപ്പശയാക്കി ഭിത്തിയിൽ ഒട്ടിച്ചു പോയിട്ട് വർഷം കുറേ ആയി. തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്, ചതിക്കപ്പെട്ട മനസിന്റെ വേദന ചക്കയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞ് അന്ന് പോസ്റ്റുകൾ കുറേ ഇട്ടിരുന്നു. അന്ന് ഉണ്ടായിരുന്ന അഞ്ഞൂറിന്റെ നോട്ടു പോലും ആളുകൾ മറന്നു തുടങ്ങി. അവൾ പോയാൽ അവളുടെ കുഞ്ഞമ്മ എന്ന് പറഞ്ഞു നമ്മൾ വേറെ ജീവിതവും തുടങ്ങി. അപ്പോഴാണ് കുറേ അലവലാതികൾ പഴയ പോസ്റ്റും കുത്തിപ്പൊക്കി വരുന്നത്, മനുഷ്യനെ നാണം കെടുത്താൻ.

മുടി നീട്ടി വളർത്തി രണ്ടു സൈഡിലേക്കും ഇട്ടാൽ അപാര ലുക്ക് ആണെന്ന് ജോൺ എബ്രഹാം പോലും അന്ന് വിചാരിച്ചിരുന്നു. പിന്നെയാണോ നമ്മൾ. ടൂർ പോയപ്പോൾ വാങ്ങിയ 20 രൂപയുടെ കൂളിംഗ് ഗ്ലാസ് വച്ച് ഷാരൂഖ് ഖാനെ പോലെ പോസും ചെയ്തിരുന്നു. അതൊക്കെ, കഴിഞ്ഞ കാലത്തിന്റെ ദുസ്വപ്നം എന്നോർത്ത് മറക്കാൻ ശ്രമിക്കുകയായിരുന്നു. നിനക്കൊന്നും വേറെ പണി ഇല്ലേ, വൃത്തികെട്ടവൻമാരേ

പക്ഷേ, സിനിമാ താരങ്ങൾക്കാണ് ഏറ്റവും അധികം കുത്തിപ്പൊക്കലുകൾ സഹിക്കേണ്ടി വന്നത്. പ്രിത്വിരാജ്, ടോവിനോ, മമ്മൂട്ടി, അങ്ങിനെ എല്ലാവർക്കും കിട്ടി കുത്തിപ്പൊക്കലുകൾ.

വേറെ ചില വിരുതന്മാർ, ഈ സംഭവം വൈറലാകുന്നു എന്ന് കണ്ടപ്പോഴേ കുത്തിയിരുന്ന് പഴയ ചിത്രങ്ങളൊക്കെ ഡിലീറ്റ് ചെയ്തു. അന്നും ഇന്നും ഒരേ പോലെ ഇരിക്കുന്ന ചില പ്രത്യേക ജീവികൾ മാത്രം രക്ഷപ്പെട്ടു.

ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു കൂട്ടർ നമ്മുടെ ബഹുമാന്യ സ്ത്രീ ജനങ്ങളാണ്. മിക്കവാറും പെൺകുട്ടികളുടെ ആദ്യകാല പോസ്റ്റുകൾ ഏതാണ്ട് ഒരേ പാറ്റേണിലാണ്. റോസാപ്പൂ, ചിരിക്കുന്ന കുട്ടി, മയിൽ പീലി, കൃഷ്ണൻ, യേശു, ചേച്ചിയുടെ കുട്ടി, ഭാവന, അങ്ങിനെ അങ്ങിനെ

ഡിലീറ്റ് ചെയ്യാൻ ആഗ്രഹം ഇല്ലാത്തവർക്ക് ഒരു വഴിയുണ്ട്. നേരെ സ്വന്തം പ്രൊഫൈലിൽ കയറി, ഇപ്പോഴത്തെ അഭിമാനം വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ പ്രൈവറ്റ് ആക്കുക. മാത്രമല്ല, ഇപ്പോൾ ഇടുന്ന ചിത്രങ്ങളും ഇടക്കിടക്ക് ഇതുപോലെ കയറി ഡിലീറ്റ് ചെയ്യുക. അഞ്ചുകൊല്ലം കഴിഞ്ഞ് ആരെങ്കിലും വീണ്ടും കുത്തിപ്പൊക്കിയാലോ

LEAVE A REPLY

Please enter your comment!
Please enter your name here