പ്രമുഖ നടിയും ഫേസ്ബുക്ക് ആക്റ്റിവിസ്റ്റുകളും – #അവൾക്കൊപ്പം അഥവാ #കാശുള്ളവൾക്കൊപ്പം!

0
3421

കേരളത്തിന്റെ സാംസ്കാരിക രംഗം ഇന്ന് ഏറ്റവുമധികം അനുഭവിക്കുന്ന ദുരന്തം സാമൂഹിക പരിഷ്കർത്താക്കളുടെ കുറവോ, സാഹിത്യ രംഗത്തെ നിലവാരത്തകർച്ചയോ, ഇംഗ്ളീഷ് ഭാഷയുടെ അതിപ്രസരമോ, വെസ്റ്റേർൺ സംസ്കാരത്തിന്റെ അധിനിവേശമോ ഒന്നുമല്ല, മറിച്ച് ആക്റ്റിവിസ്റ്റുകളുടെ എണ്ണത്തിൽ വന്ന വർദ്ധനയാണ്. ഒരു ഭീകരാക്രമണം നടന്നാലുടനേ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റുക, ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ഉടനടി #സേവ്പെൺകുട്ടി എന്ന് ഹാഷ് ടാഗ് ഉണ്ടാക്കി കളിക്കുക, ഘോരഘോരം കൊട്ടിഘോഷിച്ച് പോസ്റ്റിടുക, വീഡിയോ നിർമ്മിക്കുക, എന്നിങ്ങനെ പോകുന്നു ഈ ആക്റ്റിവിസ്റ്റുകളുടെ പരസ്യ പ്രകടനങ്ങൾ.

മൂന്നു വർഷം മുൻപ് ഗാസയിലെ വേദനിക്കുന്ന കുട്ടികൾക്കായി തിരുവനന്തപുരത്ത് കനകക്കുന്നിൽ ഒരു കൂട്ടം ആക്റ്റിവിസ്റ്റുകൾ മെഴുകുതിരി കത്തിക്കുന്ന ചിത്രം മനോരമ പത്രത്തിൽ വന്നിരുന്നു. അതിനു ശേഷവും പക്ഷേ ഗാസയിൽ തോക്കുകൾ ശബ്ദിച്ചു, അതിനുശേഷവുമുണ്ടായി ബോംബുകൾ ഒരു നിമിഷം കൊണ്ട് കുഴിച്ചെടുത്ത കുഴിമാടങ്ങൾ. കണ്ണീരും ചോരയും വറ്റിയില്ല, കുട്ടികളുടെ വേദന മാറിയില്ല, മാറിയത് ആ ആക്റ്റിവിസ്റ്റുകളുടെ മാത്രം വേദനയാണ്. തങ്ങളും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാണെന്ന് സമൂഹത്തിനു മുന്നിൽ തെളിയിച്ച സന്തോഷത്തോടെ മെഴുകുതിരി അണഞ്ഞതും എല്ലാവരും വീട്ടിലേക്ക് പോയി. മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി മാത്രമുള്ള കോപ്രായമായി മാറുകയാണ് ഇന്നിന്റെ സാമൂഹ്യ പ്രവർത്തനം. യഥാർത്ഥത്തിൽ സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുന്നവരാകട്ടെ, ഒരിക്കലും ക്യാമറയ്ക്ക് വേണ്ടിയല്ല അത് ചെയ്യുന്നത്. അവരിൽ നാട്യങ്ങളോ, അനാവശ്യ പ്രകടനങ്ങളോ ഉണ്ടാകില്ല.

വേദനിക്കുന്ന കുട്ടികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മെഴുകുതിരി കത്തിക്കുക എന്നതിലും വലിയൊരു പരിഹാസം, ഒരു ക്രൂരത വേറെയുണ്ടോ എന്നത് സംശയമാണ്. ഇന്ന് കേരളം കപടമായ ആദർശങ്ങളുടേയും വീമ്പുപറച്ചിലിന്റേയും കൂടാരമായി മാറിയിരിക്കുകയാണ്. ഇപ്പോഴാണെങ്കിൽ സ്വന്തം മനസ്സിന്റെ വലിപ്പവും കാഴ്ചപ്പാടും പ്രദർശിപ്പിക്കാൻ വലിയൊരു പ്ളാറ്റ്ഫോം ഇവർക്ക് തുറന്നു കിട്ടിയിരിക്കുകയാണ് – സാമൂഹിക മാധ്യമങ്ങൾ.

#അവൾക്കൊപ്പം എന്ന ഹാഷ് ടാഗ് കേസിലെ പ്രതികൾ പിടിക്കപ്പെട്ട ശേഷമാണ് പ്രശസ്തിയാർജ്ജിച്ചതും വാർത്തയായതും. അത് #അവൾക്കൊപ്പം എന്നത് മാറ്റി #കാശുള്ളവൾക്കൊപ്പം എന്നാക്കിയിരുന്നെങ്കിൽ ആ പദത്തോടു ചെയ്യുന്ന ഒരു നീതിയായേനെ എന്ന് പലരും ചോദിച്ചു തുടങ്ങാൻ കാരണവും ഇതൊക്കെ തന്നെ. അതിനു മുൻപും, അതിനു ശേഷവും അബലകളായ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും നരാധമന്മാരുടെ പൈശാചികമായ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത വിധത്തിൽ പ്രസക്തിയും പ്രശസ്തിയും ഈ വിഷയത്തിന് എങ്ങിനെ കൈവന്നു എന്നത് ചിന്തയർഹിക്കുന്ന ഒരു വിഷയമാണ്. പ്രത്യേകിച്ച് മറ്റു കേസുകളിൽ നിന്നൊക്കെ വിഭിന്നമായി, ദിവസങ്ങൾക്കകം പ്രതിയും, കൂട്ടു പ്രതിയും അറസ്റ്റിലാകുകയും, ജാമ്യാപേക്ഷ പോലും കോടതി പരിഗണിക്കാത്ത വിധം ശക്തമായി കുടുക്കിലാകുകയും ചെയ്തിട്ടു പോലും.

LEAVE A REPLY

Please enter your comment!
Please enter your name here