ഐൻസ്റ്റീനെ വെല്ലുവിളിച്ച മലയാളി!

0
1858

ശാസ്ത്രലോകം എന്നും വിസ്മയങ്ങളുടേതായിരുന്നു. അതിൽത്തന്നെ സൈദ്ധാന്തിക ഭൗതിക ശാസ്ത്രം എന്നത് മനുഷ്യ ഭാവനയെ പോലും അതിശയിക്കും വിധമുള്ള അത്ഭുതങ്ങളുടെ കലവറയാണ്. പ്രകാശ കണങ്ങളെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ യാതൊന്നിനും സാധ്യമല്ല എന്ന് അടിവരയിട്ടു പറഞ്ഞ ഐൻസ്റ്റീൻ സിദ്ധാന്തം തെറ്റാണെന്നും, പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടാക്കിയോണുകൾ എന്ന കണങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടെന്നും ആദ്യമായി പ്രവചിച്ചത് എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ. സി.ജി സുദർശൻ ആണ്. 86 തവണ സൂര്യനെ ചുറ്റി എരിഞ്ഞടങ്ങിയ ആ മഹദ് ജീവിതം അമേരിക്കയിലെ ടെക്സാസിൽ വച്ച് അവസാനിച്ചപ്പോൾ ബാക്കിയായത് അദ്ദേഹം പൂർത്തിയാക്കാതെ വച്ച ചോദ്യങ്ങൾ മാത്രമാണ്.

ശാസ്ത്ര ലോകത്തിന്റെ സൈദ്ധാന്തിക രംഗത്ത് പ്രവർത്തിക്കുന്നതിനാലാകണം, അദ്ദേഹത്തിന്റെ ചിന്തകളിൽ ഭാരതീയ തത്വ ചിന്തയുടേയും മിസ്റ്റിസിസത്തിന്റേയും അംശങ്ങൾ നമുക്ക് കാണാനാവും.

ഒന്നിലധികം തവണ നോബൽ സമ്മാനം അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വഴുതി പോയിട്ടുണ്ട്. ഈ അവഗണന, അദ്ദേഹത്തെക്കാൾ ഏറെ വിഷമിപ്പിച്ചത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയായിരുന്നു. സുദർശന് നോബൽ സമ്മാനം നൽകണം എന്ന ആവശ്യം ഉന്നയിച്ച് 2005 ൽ സ്വീഡിഷ് അക്കാദമിക്ക് ഒരുകൂട്ടം ഭൗതിക ശാസ്ത്രജ്ഞർ ഹർജ്ജി നൽകുകയുണ്ടായി. പക്ഷേ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ നിന്നും നീക്കുകയാണ് നോബൽ കമ്മിറ്റി ചെയ്തത്. ഗ്ലോബർസുദർശൻ പി റപ്രസന്റേഷൻ എന്ന തിയറിക്ക്, റോയ് ജെ ഗ്ലോബർ ആ വർഷം നോബൽ സമ്മാനം കരസ്ഥമാക്കി. ഈ തിയറി രൂപീകരണത്തിൽ പക്ഷേ, ഗ്ലോബറേക്കാൾ സ്വാധീനം ചെലുത്തിയത് സുദർശൻ ആയിരുന്നു.

സ്വന്തം നാട്ടിൽ തുടങ്ങിയ അവഗണന, നോബൽ കമ്മിറ്റിയിൽ വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. സ്വന്തം പേരിലുള്ള തിയറിയുടെ കണ്ടെത്തലിന് മറ്റൊരാൾക്ക് നോബൽ ലഭിക്കുന്നത് അദ്ദേഹം വേദനയോടെ കണ്ടു നിന്നു.

ഐൻസ്റ്റീൻ സിദ്ധാന്തം എന്നത് ഭൗതിക ശാസ്ത്രജ്ഞർക്ക് വേദ വാക്യമാണ്. അതിനെ ചോദ്യം ചെയ്യാൻ തയ്യാറായി എന്ന് മാത്രമല്ല, ബദലായി ടാക്കിയോണുകളുടെ സിദ്ധാന്തം കൊണ്ടുവരികയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ. ഫേണിലെ ലാർജ് ഹൈഡ്രോണ് കൊളൈഡർ പരീക്ഷണങ്ങൾ ആരംഭിക്കാൻ ഉള്ള പ്രചോദനവും ടാക്കിയോണുകളെ സംബന്ധിച്ച പഠനങ്ങൾ ആയിരുന്നു. കോട്ടയം സി.എം.എസ് കോളേജിലും, മദ്രാസ് ക്രിസ്ത്യൻ കോളേജിലും പടിച്ച് ബിരുദം സമ്പാദിച്ച ശേഷം റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ തുടർ പഠനത്തിനായി ചേർന്നു. ഇവിടെ വച്ചാണ് ജീവിതത്തിലെ വഴിത്തിരിവായിത്തീർന്ന പി.എച്ച്.ഡി പ്രബന്ധം അദ്ദേഹം എഴുതുന്നത്.

ക്വാണ്ടം ഫിസിക്സിന്റെ വഴികളിൽ സഞ്ചരിക്കുമ്പോഴും ഭാരതീയ തത്വ ചിന്തകളെ ആരാധിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. തത്വ ചിന്ത മാത്രമല്ല, കേരളത്തിന്റെ നാട്ടു വഴികളേയും, കഥകളിയേയും, കിളികളേയും, മഴയെയും എല്ലാം സ്നേഹിച്ച ഒരു സാധാരണ കോട്ടയംകാരൻ. ഗഹനമായ പ്രപഞ്ച രഹസ്യങ്ങളെ വിശദീകരിക്കുമ്പോൾ പോലും അദ്ദേഹം ഉദാഹരിച്ചിരുന്നത് ദിവസേന കാണുന്ന പശുക്കളേയും കിളികളേയും ഒക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ ടെക്സാസ് സർവ്വകലാശാലയിലെ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായി മാറാൻ അദ്ദേഹത്തിന് എളുപ്പം സാധിച്ചു. ശാസ്ത്രത്തോടും യുക്തിയോടുമുള്ള അടങ്ങാത്ത അഭിനിവേശം മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. ഭാരതമോ, ലോകമോ, അദ്ദേഹത്തെ വേണ്ടത്ര ശ്രദ്ധയിലെടുത്തില്ല എന്നത് സങ്കടകരമായ കാര്യമാണ്.

1977ൽ ബോസ് മെഡൽ, 1976ൽ പദ്മഭൂഷൺ, 2013 ലെ കേരള ശാസ്ത്ര പുരസ്കാരം, 2007ൽ പദ്മ വിഭൂഷൻ എന്നീ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here