പൊങ്കാല ഇടാനും പുച്ഛിക്കാനും മാത്രം അറിയുന്ന സൈബർ മല്ലൂസ്!

0
4474

കൂട്ടായി ഒരാളെ തെറി പറയാനോ കളിയാക്കാനോ, സർവ്വോപരി പുച്ഛിക്കാനോ മലയാളികളെ കഴിഞ്ഞേ ആളുള്ളൂ. ഇത് പല തവണ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യക്കാരെ കളിയാക്കി പണ്ട് ന്യൂയോർക്ക് ടൈംസ് ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ചു. ഇന്ത്യക്കാരെ കളിയാക്കുന്ന കാർട്ടൂൺ ആണെന്ന് ആരോ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചത്. പിന്നീട് ന്യൂയോർക്ക് ടൈംസ് മാപ്പു പറയുകയും ചെയ്തു. വൻ ആക്രമണമാണ് ഇവരുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ അഴിച്ചുവിട്ടത്.

വലിയ വലിയ ആഢ്യന്മാർ ഇരിക്കുന്ന സ്പേസ് ക്ലബ്ബിൽ ഒരു പശുവിനെയും കൊണ്ട് വന്ന് വാതിലിൽ മുട്ടുന്ന ഗ്രാമീണ വേഷം ധരിച്ച  ഇന്ത്യക്കാരന്റെ ചിത്രം ആയിരുന്നു ആ കാർട്ടൂൺ. ഒന്നാലോചിച്ചാൽ ഇതിൽ എവിടെയാണ് അപമാനം ഉള്ളത്? ആഡ്യന്മാരെന്ന് സ്വയം വിശ്വസിച്ച് മസിലും പിടിച്ച് ഇരിക്കുന്ന ഒരുപറ്റം പണക്കാരുടെ കണ്ണു തള്ളിച്ചുകൊണ്ടല്ലേ, നമ്മുടെ ഈ വികസ്വര രാഷ്ട്രം ചന്ദ്രനിൽ ചെന്ന് തൊട്ടത്. അപമാനം ആരോ കണ്ടെത്തി. സ്വയം ചിന്തിക്കാതെ സോഷ്യൽ മീഡിയാ യോദ്ധാക്കൾ അങ്കം വെട്ടാൻ ഇറങ്ങി. ചിന്താശേഷിയോ, സ്വന്തമായ അഭിപ്രായ രൂപീകരണത്തിന് ഉള്ള ശേഷിയോ ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത് എന്ന അഭിപ്രായം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ പ്രകടനം.

മറ്റൊരു മഹാ സംഭവമാണ് മരിയ ഷറപ്പോവയ്ക്ക് സച്ചിനെ അറിയില്ല എന്ന് ആരോ പറഞ്ഞ് കേട്ട വഴി അവരുടെ ഫേസ്ബുക്കിൽ കയറി പൊങ്കാല ഇട്ടത്. ചിന്താശേഷി പോട്ടെ, സാമാന്യ ബുദ്ധിയോ വിവേകമോ ഉള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്. സച്ചിനെ എന്നല്ല, മഹാത്മാ ഗാന്ധിയെ പോലും ലോകത്തിൽ എല്ലാവരും അറിയണം എന്നില്ല. ഒരാളെ അറിയില്ല എന്നതിന്റെ പേരിൽ മറ്റൊരാളെ ക്രൂശിക്കുന്നത് തികഞ്ഞ അസംബന്ധവും വൃത്തികേടുമാണ്.

അഭിപ്രായം ഇരുമ്പുലക്കയല്ല. കസബ സിനിമയെ പറ്റി തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന് സിനിമാനടി പാർവതിക്ക് എതിരേ വ്യക്തിപരമായ അധിക്ഷേപങ്ങളും, സൈബർ ആക്രമണവും ഉണ്ടായി. പ്രതികരിക്കാനുള്ള അവകാശം പാർവ്വതിക്കും, അവരുടെ അഭിപ്രായത്തെ എതിർക്കുന്ന ഫാൻസിനും ഉണ്ട്. പക്ഷേ ആക്ഷേപങ്ങൾ അതിരുകടക്കുമ്പോഴാണ് പ്രശ്നം. സ്ത്രീ വിരുദ്ധതയോ പുരുഷ വിരുദ്ധതയോ ഒന്നുമല്ല ഇവിടത്തെ പ്രശ്നം.

അടിസ്ഥാന പ്രശ്നം അഭിപ്രായ സ്വാതന്ത്ര്യമാണ്. ഒരു വ്യക്തിക്ക് തന്റെ അഭിപ്രായം ആരെയും ഭയക്കാതെ തുറന്ന് പറയാനുള്ള അവസരം ഉണ്ടെങ്കിൽ മാത്രമേ സമൂഹത്തിൽ യഥാർത്ഥ ജനാധിപത്യം ഉണ്ടെന്ന് പറയാൻ കഴിയുകയുള്ളൂ. കൂട്ടായ ആക്രമണവും ഭീഷണിയും ഒരു അഭിപ്രായ പ്രകടനത്തിന് നേരെ ഉണ്ടാകുക എന്നാൽ, അവിടെ ഫാസിസം കടന്നു വരുന്നു എന്നാണ് അർത്ഥം. ഫാസിസത്തിന് എതിരെ മുതലക്കണ്ണീർ ഒഴുക്കുന്ന ആരും ഈ അവകാശ ലംഘനങ്ങൾക്ക് എതിരേ പ്രസ്താവന ഇറക്കുന്നതായി കാണുന്നില്ല.

പക്ഷേ, മലയാളി സൈബർ വിരുതന്മാർ ചില കാര്യത്തിൽ എങ്കിലും പൊരുതുന്നുണ്ട്. എല്ലാ കാര്യത്തിലും ഉണ്ടാകുമല്ലോ നല്ലതും ചീത്തയും. പാക്ക്, ചൈനീസ് സൈബർ ആക്രമണങ്ങൾ വരുമ്പോൾ പകരം ചോദിക്കാൻ നമ്മുടെ മലയാളി ചുണക്കുട്ടികളാണ് മുന്നിൽ. അറിവും കഴിവും പല രീതിയിൽ ഉപയോഗിക്കാം. നല്ലതിനും നശീകരണത്തിനും. വിദ്യാഭാസത്തിലും സാമൂഹിക സുരക്ഷയിലും ആരോഗ്യ രംഗത്തും ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ സൈബർ സാംസ്കാരിക മുഖം കൂടി ഒന്ന് നന്നാക്കേണ്ടതുണ്ട്. ഒരു പുതപ്പിന്റെ മറ കിട്ടിയാൽ എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത ഒരു ചെറിയ ന്യൂനപക്ഷമാണ് മലയാളികളുടെ ആകെ വില കളയാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here