ടെൻഷൻ, നിരാശ, പ്രണയ നൈരാശ്യം, എല്ലാത്തിനും ഇതാ ഒരു ഒറ്റമൂലി!

0
4753

വിതത്തിൽ മാനസികമായ പ്രയാസങ്ങൾ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. പക്ഷേ, നിരാശ, വിഷാദം, തകർച്ച, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു അത്ഭുത സൂത്രമുണ്ട്. മറ്റൊന്നുമല്ല. വ്യായാമം. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ന്യൂറൽ സയൻസ് വിഭാഗം പ്രൊഫസ്സർ ആയ വെൻഡി സുസുക്കിയുടെ വർഷങ്ങൾ നീണ്ട പഠനം ആണ് ഇത് ശാസ്ത്രീയമായി തെളിയിച്ചത്.

വാരണം ആയിരം സിനിമ നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. കള്ളും കുടിച്ച് മയക്കുമരുന്നിന് അടിമയായി, സ്വന്തം അച്ഛനെ പോലും തിരിച്ചറിയാൻ ആവാത്ത അത്ര കടുത്ത മാനസിക നിരാശയിലേയ്ക്ക് പോയ സൂര്യയുടെ നായക കഥാപാത്രം, പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് കഠിനമായ വ്യായാമം ചെയ്ത് സിക്സ് പായ്ക്കും ഉരുക്കു മസിലുകളും ഉണ്ടാക്കിയ ശേഷമാണ്. കഥ എന്നു പറഞ്ഞ് തള്ളാൻ വരട്ടെ. അനുഭവിച്ചവർക്ക് അറിയാം. പ്രണയ നൈരാശ്യമോ, വിഷാദമോ ആവട്ടെ, അതെല്ലാം അകറ്റാനുള്ള ഒറ്റമൂലിയാണ് വ്യായാമം. തലച്ചോറിനെ മയക്കുന്ന മരുന്നുകൾ ചെയ്യുന്നതിലും കൂടുതൽ നന്മ ഇക്കാര്യത്തിൽ വ്യായാമത്തിന് ചെയ്യാനാകും.

നമുക്ക് ആദ്യമായി തലച്ചോറിന്റെ ഘടന ഒന്ന് പരിശോധിക്കാം. തലച്ചോറിന്റെ മുൻഭാഗത്താണ് അല്പ കാലം മാത്രം നീണ്ടു നിൽക്കുന്ന ഓർമ്മകൾ സൂക്ഷിച്ചു വയ്ക്കുന്നത്. പ്രീ ഫ്രണ്ടൽ കോർട്ടക്സ് എന്ന് പറയും. ദീർഘകാലത്തേയ്ക്കുള്ള ഓർമ്മകളാകട്ടെ, ഹിപ്പോകാംപസ് എന്ന ഉള്ളറയിലാണ് തലച്ചോർ സൂക്ഷിച്ചു വയ്ക്കുന്നത്. നമുക്കറിയാം, ഓർമ്മകളും അനുഭവങ്ങളും എല്ലാം ഇലക്ട്രിക്കൽ സിഗ്നലുകളായാണ് തലച്ചോറിൽ എത്തുന്നത്. ഒരു കുഞ്ഞിന്റെ പുഞ്ചിരി കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷവും, പാവയ്ക്ക കഴിക്കുമ്പോൾ ഉണ്ടാകുന്ന കയ്പ്പും, കൈ പൊള്ളുമ്പോൾ ഉണ്ടാകുന്ന വേദനയും എല്ലാം ഇലക്ട്രിക്കൽ സിഗ്നലുകൾ ആയാണ് തലച്ചോറിൽ എത്തുന്നത്. വേദന സംഹാരി ഗുളികകൾ ഈ സിഗ്നലുകളെ ആണ് തടയുന്നത്.

പക്ഷേ, ആദ്യ ചുംബനം, പ്രണയിനിയോട് ഒപ്പം ഒരേ കുടക്കീഴിൽ നനഞ്ഞ മഴ, ആദ്യത്തെ കുഞ്ഞിനെ കയ്യിൽ വാങ്ങുമ്പോൾ ഉണ്ടാകുന്ന പറഞ്ഞറിയിക്കാൻ ആവാത്ത അനുഭൂതിഇത്തരം സിഗ്നലുകൾ, നിമിഷ നേരത്തെ നാഡീ ഞരമ്പുകളിലെ ഈ വൈദ്യുത സ്പന്ദനങ്ങൾ നമ്മുടെ തലച്ചോറിന്റെ ഘടന തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ളവയാണ്. നമ്മുടെ ജീവിതം തന്നെ അടിമുടി മാറിയ അവസ്ഥ.

ഇത്തരം അനുഭവങ്ങൾ പ്രധാനമായും മാറ്റുന്നത് നമ്മുടെ ഹിപ്പോക്യാംപസിന്റെ ഘടനയാണ്എന്നാൽ ഹിപ്പോക്യാംപസിന് ഉണർവ്വു നൽകി, നമ്മുടെ ജീവിതം തന്നെ അടിമുടി മാറ്റി, കൂടുതൽ ഉണർവ്വും ഉന്മേഷവും നൽകാൻ കഴിയുന്ന എളുപ്പ മാർഗ്ഗമുണ്ട്. അതാണ് വ്യായാമം.

വ്യായാമം നമുക്ക് ഉടനേ തന്നെ ഫലം നൽകുന്ന, പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നാണ്. ഡോപ്പാമിൻ, സെറാറ്റോണിൻ, അഡ്രീനലിൻ എന്നീ ഹോർമോണുകളെ വ്യായാമം ഉൽപ്പാദിപ്പിക്കുന്നു. ഇത് പുതിയ ബ്രെയിൻ സെല്ലുകളെ ഉണ്ടാക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുതിയ ബ്രെയിൻ സെല്ലുകൾ ഉണ്ടാകുമ്പോൾ നമുക്ക് കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും ലഭിക്കും. നമ്മുടെ നിരാശ, വിഷമങ്ങൾ എന്നിവയെ നേരിടാനുള്ള മാനസികമായ കരുത്തും ഉണർവ്വും ലഭിക്കും.

ആഴ്ചയിൽ നാലോ അഞ്ചോ തവണ, കേവലം അര മണിക്കൂർ നേരം ശാരീരിക അധ്വാനമോ വ്യായാമമോ പതിവാക്കൂ, നിങ്ങളുടെ ശരീരത്തിലും മനസിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ നിങ്ങൾക്ക് സ്വയം തിരിച്ചറിയാം. ഇതിനായി കാശു മുടക്കി ജിമ്മിലോ, സൂമ്പാ ക്ലബ്ബിലോ ചേരണം എന്നില്ല. ഡാൻസിംഗ്, നീന്തൽ, ടെന്നീസ് കളി, പ്രഭാത സവാരി എന്നിങ്ങനെ ശരീരത്തിന് ശ്വസന വ്യായാമം ലഭിക്കുന്ന എന്തും നിങ്ങൾക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here