ഡൽഹിയുടെ വിഷ വായു; അടുത്തത് ബാംഗ്ലൂർ!

0
1735

ലോകത്താകമാനം 42.4 ലക്ഷം ആളുകൾ വായു മലിനീകരണം മൂലം മരിക്കുന്നു എന്നാണ് കണക്ക്. ഇതിൽ കാൽ ഭാഗവും, അതായത് പത്തു ലക്ഷത്തിൽ അധികം ആളുകളും ഇന്ത്യക്കാരാണ്. സ്ഥിതി ഇത്ര ഭയാനകമാണെന്നിരിക്കേ, മാറി മാറി വരുന്ന സർക്കാരുകൾ ഇത് അവസാനിപ്പിക്കാൻ യാതൊരു നടപടികളും എടുക്കുന്നില്ല. പേരിന് മാത്രം മോട്ടോർ വാഹന നിയമങ്ങൾ ഭേദഗതി ചെയ്ത് ജനങ്ങളുടെ കണ്ണിലും, അതുവഴി മൂക്കിലൂടെ ശ്വാസകോശത്തിലും പൊടിയിടുന്ന സമീപനമാണ് കുറേ കാലങ്ങളായി അധികൃതർ തുടർന്ന് പോരുന്നത്. എന്നാൽ, ഇനി അധിക കാലം ഇങ്ങനെ മുന്നോട്ടു പോകാനാകില്ല എന്ന് അവർക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്.

ഡൽഹി, ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന തലസ്ഥാനം ഈയിടെയായി വാർത്തകളിൽ നിറയുന്നത് ചരിത്ര പ്രാധാന്യത്തിന്റെ പേരിലോ, രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പേരിലോ അല്ല, മറിച്ച് വായു മലിനീകരണത്തിന്റെ പേരിലാണ്. ഡൽഹിയിൽ ഈ പുതുവർഷ പുലരി പിറന്നു വീണത് പൊടിമഞ്ഞിന്റെ ആക്രമണത്തിൽ ആയിരുന്നു. പൊതു വിദ്യാലയങ്ങൾ വരെ അടച്ചിടേണ്ട അവസ്ഥ സംജാതമായി. വഴിവക്കിൽ തല ചായ്ക്കുന്ന സാധുക്കൾ എന്നത്തേയും പോലെ ഇതിനും ഇരകളായി. പരമാവധി അളവിന്റെ പതിനാറിരട്ടി ആയിരുന്നു അന്നത്തെ 2.5PM ന്റെ അളവ്. കടുത്ത ജനരോഷം ഭയന്ന് ഡൽഹിയിൽ പിന്നീട് പെട്രോൾ വാഹനങ്ങൾ നിരോധിക്കുകയുണ്ടായി.

ഇത് ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിക്കണം എന്ന രീതിയിലുള്ള സുപ്രീം കോടതി വിധി പ്രകാരം നിരവധി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഡൽഹിയുടെ വായു ഏറെ മെച്ചപ്പെട്ടിട്ടില്ല. ഇതിന് കാരണം ഡൽഹിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്. ഡൽഹിയുടെ അന്തരീക്ഷം മലിനമാക്കുന്നത് നഗര നിവാസികൾ മാത്രമല്ല, മറിച്ച് രാജസ്ഥാൻ, ഹരിയാന പഞ്ചാബ് എന്നിവിടങ്ങളിലെ കർഷകരും കൂടിയാണ്. ഈ ഭൂവിഭാഗത്തിലെ വിശാലങ്ങളായ കൃഷിയിടങ്ങളിൽ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ഒരു ഏർപ്പാടുണ്ട്. ഇത് വഴി അന്തരീക്ഷത്തിൽ കലരുന്ന പൊടിപടലങ്ങൾ ഡൽഹിയുടെ സ്വതവേ മലിനമായ വായുവിനെ വീണ്ടും നശിപ്പിക്കുന്നു. പൊടിയും, വാഹനങ്ങളുടെ പുകയിലെ മാരക പദാർത്ഥങ്ങളും കൂടി ചേരുമ്പോൾ അത് ശ്വസിക്കുന്ന വ്യക്തിയുടെ ശ്വാസകോശത്തിൽ പറ്റിപ്പിടിക്കുന്നു.

വൈകിയ വേളയിലാണെങ്കിലും അധികൃതരുടെ നെട്ടോട്ടം ഫലം കണ്ടുതുടങ്ങിയതായാണ് വാർത്തകൾ. വലിയ മെച്ചം പറയാനാകില്ലെങ്കിലും  നവീകരണ പ്രവർത്തനങ്ങൾ മൂലം ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ വായു ഗുണനിലവാരം ഉയർന്നിട്ടുണ്ട്. 24 മാസത്തെ കണക്കിൽ ഏറ്റവും നല്ല അവസ്ഥയിലാണ് ഡൽഹി എന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. ഇപ്പോഴും അനുവദനീയ പരിധിക്കും ഏറെ മുകളിലാണ് വായു മലിനീകരണ നിരക്ക്. പക്ഷേ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിലയിൽ നിന്നും ഇത്രയും മാറിയത് തന്നെ വലിയ കാര്യമാണ്. ബോർഡിലെ എയർ ലാബ് മേധാവി ഡി. സാഹയുടെ വാക്കുകൾ കടമെടുത്താൽ, ഡൽഹിയിൽ കഴിഞ്ഞ 500 ദിവസത്തിൽ ഒരിക്കൽ പോലും ‘നല്ല ക്വാളിറ്റി’ വായു ഉണ്ടായിട്ടില്ല. ഇപ്പോഴാകട്ടെ, വളരെ മോശം എന്ന നിലയിൽ നിന്ന് മോശം എന്ന നിലയിലേക്ക് മെച്ചപ്പെട്ടു എന്ന് മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here