ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാകാൻ അവഞ്ചേഴ്സ്!

0
7968

സ്വതവേയുള്ള സേഫ് ഗെയിമിൽ നിന്ന് മാറി, ആഖ്യാന രീതിയുടെ പുത്തൻ തലങ്ങൾ അവതരിപ്പിക്കുകയാണ് മാർവെൽ സ്റ്റുഡിയോയുടെ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ. ഞെട്ടിപ്പിക്കുന്ന ക്ളൈമാക്സിൽ പാതിയോളം സൂപ്പർ ഹീറോകളെ ഇല്ലാതാക്കിക്കൊണ്ട് പ്രേക്ഷകരെ സസ്പെൻസ് മുൾമുനയിൽ നിർത്താൻ ഈ ചിത്രത്തിന് സാധിച്ചു. തുടക്കം മുതലേ കഥയുടെ ഗതിവേഗം തികച്ചും അപ്രതീക്ഷിതവും ആസ്വാദ്യകരവും ആയിരിക്കും. ജോഷ് ബ്രോലിന്റെ താനോസ്, മാർവെൽ ഇതുവരെ അവതരിപ്പിച്ച വില്ലന്മാരിൽ വച്ച് മികച്ചു നിന്നു.

ഒരുപക്ഷേ, ക്രിസ്റ്റഫർ നോളന്റെ ജോക്കറിന് ശേഷം വന്ന ഏറ്റവും നല്ല വില്ലൻ വേഷമാണ് താനോസ്. സ്വന്തം ഗ്രഹത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് ശേഷം, പ്രപഞ്ചത്തിൽ വേറൊരു സമൂഹത്തിനും ഇങ്ങനെയൊരു അവസ്ഥ വരരുത് എന്ന ആത്മാർത്ഥമായ ആഗ്രഹമാണ് മാഡ് ടൈറ്റൻ താനോസിന് ഉള്ളത്. തന്റെ ഗ്രഹത്തിന് പോറ്റാൻ സാധിക്കുന്നതിലും അധികമായി ജനസംഖ്യ വർധിച്ചതിനാൽ പാടേ അന്യം നിന്നു പോയ ഒരു വംശത്തിലെ കണ്ണിയാണ് അയാൾ. ലക്ഷ്യം മുൻനിർത്തി നോക്കുമ്പോൾ ഇദ്ദേഹം മറ്റ് സൂപ്പർ ഹീറോകളെ പോലെ തന്നെയാണ്. പക്ഷേ ആ ലക്ഷ്യം നിറവേറ്റാൻ എടുക്കുന്ന മാർഗ്ഗത്തിലാണ് വില്ലനിസം ഇരിക്കുന്നത്. പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ, രാജാവെന്നോ പ്രജയെന്നോ ഭേദമില്ലാതെ, പാതി ജനങ്ങളെ വംശഹത്യ ചെയ്യുക എന്നതാണ് ഇയാൾ കണ്ടെത്തുന്ന മാർഗ്ഗം.

തന്റെ മാർഗ്ഗത്തിൽ പക്ഷെ ഇയാൾക്ക് അടിയുറച്ച വിശ്വാസമുണ്ട്. ജീവനുതുല്യം സ്നേഹിച്ച മകൾക്ക് പോലും അത് മനസിലാകാത്തത്തിന്റെ വിഷമം ഉള്ളിലടക്കുന്ന ഒരു ഏകാധിപതിയായ പ്രപപഞ്ച ശക്തിയെ, ജോഷ് ബ്രോലിൻ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. റോബർട്ട് ഡൗണി ജൂനിയറിന്റെ അഭിനയവും പ്രശംസനീയമാണ്. കഥാഗതിയിൽ ഇനി ശേഷിക്കുന്നത് ആദ്യ അവഞ്ചർ സിനിമയിൽ ഉണ്ടായിരുന്നവർ മാത്രമാണ്. സ്റ്റീവ് റോജേഴ്സ്, ബ്രൂസ് ബാനർ, ടോണി സ്റ്റാർക്ക്, തോർ, ബ്ലാക്ക് വിഡോ എന്നിവരാണ് അവർ. സ്പൈഡർമാൻ, ഡോക്ടർ സ്ട്രെയിഞ്ച്, പീറ്റർ ക്വിൽ, ബ്ളാക്ക് പാന്തർ എന്നിവരെയെല്ലാം ഇല്ലാതാക്കിയത് തീയറ്ററുകളിൽ പല വിധത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. സ്പൈഡർമാന്റെ അന്ത്യം, മാർവെൽ ആരാധകരുടെ കണ്ണ് നനയിച്ച സീനുകളിൽ ഒന്നായിരുന്നു

എന്തൊക്കെയായാലും, ഒരു കിടിലൻ എന്റർടെയിനറിന്റെ സകല ഭാവങ്ങളും ആവാഹിച്ച ഈ ചിത്രം മനസ്സിൽ സൂക്ഷിച്ചു വയ്ക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ തരുന്നു. സ്കാർലെറ്റ് വിച്ചിനെ രക്ഷപെടുത്താൻ വരുന്ന ക്യാപ്റ്റൻ അമേരിക്കയുടെ ഇൻട്രോ സീൻ, തോർ സ്റ്റോം ബ്രെയ്ക്കറുമായി എത്തി ബ്ലാക്ക് ഓർഡറിനെ തകർക്കുന്ന രംഗം, ടോണി സ്റ്റാർക്കിന്റെ നേരെ താനോസ് മൂൺ എറിയുന്ന രംഗം, എന്നിങ്ങനെ പ്രേക്ഷകരുടെ കയ്യടി കിട്ടിയ സീനുകൾ നിരവധി. ഇത്രയധികം കഥാപാത്രങ്ങളെ കൂട്ടിയിണക്കി, വിരസമാകാതെയും, ധൃതി വയ്ക്കാതെയും ഇൻഫിനിറ്റി വാർ അണിയിച്ചൊരുക്കിയ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഇൻഫിനിറ്റി വാർ ഒരുപാട് ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കും എന്ന കാര്യം, റിലീസ് ആകുന്നതിന് മുൻപ് തന്നെ എല്ലാവരും ഉറപ്പിച്ചതാണ്. ഈ ചിത്രം, മാർവെലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരി പടമായി ഇതിനകം മാറിക്കഴിഞ്ഞു. നിലവിൽ 2018 ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമാണിത്; ലോക സിനിമാ ചരിത്രം എടുത്താൽ അഞ്ചാമതും. അവതാർ, ടൈറ്റാനിക്, സ്റ്റാർ വാഴ്സ്, ജുറാസിക് വേൾഡ് എന്നീ സിനിമകൾ മാത്രമാണ് ഇപ്പോൾ ഇവർക്കുമുന്നിൽ ഉള്ളത്. അവഞ്ചേഴ്സിന്റെ നിലവിലെ കളക്ഷൻ ഏതാണ്ട് 1.7 ബില്യൻ ഡോളറാണ്. 2.78 ഡോളറിന്റെ അവതാർ കളക്ഷൻ റെക്കോർഡ് തകരുമോ എന്നാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here