പരമ്പരാഗതമായി ഭിന്ന ലൈംഗിക വ്യക്തികൾക്ക് സമൂഹത്തിൽ ഒരു സ്ഥാനം ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. രാജ കൊട്ടാരത്തിലും അന്തഃപുരത്തിലും സ്വതന്ത്രരായി വിഹരിച്ചിരുന്ന കൂട്ടരാണ് ഇവർ. എന്നാൽ ഇടക്കാലത്ത് സമൂഹം ഇവരെ ഒറ്റപ്പെടുത്തുകയും, ലൈംഗിക തൊഴിലിൽ
ഏർപ്പെട്ടു ജീവിക്കാൻ നിർബന്ധിതരാകുകയും ചെയ്തു.
കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങളിൽ ട്രാൻസ്ജെൻഡർ ആയ ആളുകൾക്ക് അനുകൂലവും സഹായകരവുമായ നയങ്ങളാണ് സർക്കാർ പിന്തുടരുന്നത്. എന്നാൽ, ഒരേ ലിംഗത്തിലെ ആളുകൾ തമ്മിലുള്ള ലൈംഗിക ബന്ധവും വിവാഹവും സുപ്രീം കോടതിയുടെ വരാന്തയിൽ കിടന്ന് ശ്വാസം മുട്ടുകയാണ്. 2013 ലെ സുരേഷ് കുമാർ കൗശാൽ കേസിൽ സുപ്രീംകോടതി ആർട്ടിക്കിൾ 377 നെ തള്ളിക്കളയാൻ കൂട്ടാക്കിയില്ല. ഈ ആർട്ടിക്കിൾ ആണ് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമാണെന്ന് പറയുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഭാഗം. പരസ്പര സമ്മതത്തോടെ ആണെങ്കിൽ പോലും പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റമാണെന്ന് പറയുന്ന ആർട്ടിക്കിൾ 377നെ വിമർശിച്ചുകൊണ്ട് നിരവധി പ്രകടനങ്ങളും മറ്റും നടക്കുകയുണ്ടായി.