ശാന്തതയിൽ നിന്ന് അശാന്തിയിലേക്ക് അറബിക്കടൽ അലറുമ്പോൾ!

0
57363

സായിപ്പന്മാർക്ക് ഇന്ത്യയിലേക്ക് എത്താനുള്ള കടൽ ഹൈവേയാണ് നമ്മുടെ സ്വന്തം അറബിക്കടൽ. അറബിക്കടലൊരു മണവാളനും, കൊച്ചി, അവന്റെ റാണിയുമായി വിലസുകയായിരുന്നു ഇത്ര നാളും. ശരിക്കും ഒരു കാമുകൻ, ഭർത്താവ് നോക്കുന്ന പോലെ കരയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച്, അവൾക്ക് ആവശ്യമുള്ള മീനും മഴയും കാറ്റുമെല്ലാം നൽകി സുഖമായി ജീവിക്കുകയായിരുന്നു നമ്മൾ. ഇടക്ക് ദേഷ്യം വരുമ്പോൾ കടൽ ഒന്ന് ഞെട്ടി വിറയ്ക്കും. പക്ഷേ ദ്രോഹിക്കില്ല. വേഗം കലിയടക്കും.

പക്ഷേ കുറച്ചു കാലമായി അറബിക്കടൽ, ഇതു വരെ കാണാത്ത വിധം ചുഴലിക്കാറ്റുകളെ പടച്ചു വിടുന്നുണ്ട്. കേവലം നാലു വർഷമേ ആയിട്ടുള്ളൂ അറബിക്കടൽ ഇപ്രകാരം ദേഷ്യക്കാരനാകാൻ തുടങ്ങിയിട്ട്. പുതിയ പഠനങ്ങൾ പ്രകാരം, കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ ഇടപെടലുമാണ് ഈ പ്രശ്നങ്ങൾക്ക് കാരണം.

അറബിക്കടൽ സ്ഥിതിചെയ്യുന്നത് ഇന്ത്യയ്ക്കും ഗൾഫ് നാടുകൾക്കും ഇടയിലാണ്. യഥാർത്ഥത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇത്. കിഴക്കു ഭാഗത്ത് ഇന്ത്യയും, പടിഞ്ഞാറ് ആഫ്രിക്കൻ മുനമ്പും, വടക്ക് അറബിനാടും ആണ് ഇതിന്റെ അതിർത്തികൾ. പ്രാചീന റോമാക്കാർ ഇതിനെ എറിത്രിയൻ കടൽ എന്നാണ് വിളിച്ചിരുന്നത്.

പൊതുവേ ശാന്തമെന്ന് കരുതിയിരുന്ന ഈ കടൽ, കഴിഞ്ഞ കുറച്ചു നാളുകളായി തീരെ അശാന്തമാണ്. 26 ആളുകളെ ഇതിനകം കൊന്നു. പതിനായിരങ്ങൾ വഴിയാധാരമായി. ചെറു ചുഴലിക്കാറ്റുകൾ വൻ ചുഴലിക്കൊടുങ്കാറ്റുകളായി. ഈ സ്വഭാവ വ്യതിയാനം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ കുഴക്കി. മൺസൂണിന് മാസങ്ങൾ മുൻപ് ആണ് സാധാരണയായി ചെറിയ തോതിൽ കാറ്റ് വരേണ്ടത്. എന്നാൽ, മൺസൂണിന്റെ അവസാന കാലത്താണ് കഴിഞ്ഞ തവണ മൂന്ന് വമ്പൻ കൊടുങ്കാറ്റുകൾ വന്നത്.

ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഹിരോയുകി മുറകാമി എന്ന ശാസ്ത്രജ്ഞൻ ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ഈ പ്രതിഭാസത്തെപ്പറ്റി പഠനങ്ങൾ നടത്തി. മുറകാമിയും കൂട്ടരും, 1860 മുതൽ 2015 വരെയുള്ള കാലാവസ്ഥയുടെ വ്യക്തമായ ചിത്രം ശേഖരിച്ചു. സങ്കീർണ്ണമായ കമ്പ്യൂട്ടർ മോഡലുകളുടെ സഹായത്തോടെ വിവര ശേഖരണവും അപഗ്രഥനവും നടത്തി. ഇത്തരം കൊടുങ്കാറ്റുകൾ ഉണ്ടാകാനുള്ള കാരണത്തിന്റെ 64 ശതമാനം ഉത്തരവാദി കാലാവസ്ഥയിൽ വന്ന മാറ്റങ്ങളാണ് എന്ന് ഇദ്ദേഹം കണ്ടെത്തി.

മനുഷ്യന്റെ ഇടപെടൽ കാലാവസ്ഥയിൽ മാത്രമല്ല, മറിച്ച് മഴയുടെ സ്വഭാവത്തിലും അളവിലും, കൊടുങ്കാറ്റുകളുടെ ഉത്ഭവത്തിലും എല്ലാം സ്വാധീനം ചെലുത്തുന്നു.

നമ്മുടെ കേരളത്തിൽ നിന്നും ഓഖി ദുരന്തം വിതച്ച ഭീകരതയുടെ ഭീതി ഇതുവരെ വിട്ടുപോയിട്ടില്ല. മഴക്കാലം മുറുകുമ്പോൾ ഇത്തിരി ശക്തമായ കാറ്റടിക്കും എന്നല്ലാതെ, ഒരു കൊടുങ്കാറ്റ് കേരളത്തിൽ ഇത്രയും പ്രശ്ൻനാൻ ഇതിനു മുൻപ് ഉണ്ടാക്കിയിട്ടില്ല. അറബിക്കടലിനോട് ഒപ്പം തന്നെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ മറ്റു ഭാഗങ്ങളും പ്രശ്നബാധിതമാകുന്നതിന്റെ പരിണിതഫലമാണ് ഇതെല്ലാം.

ഭൂമധ്യരേഖയ്ക്ക് സമാന്തരമായാണ് സാധാരണ ഗതിയിൽ ചുഴലിക്കാറ്റുകൾ ഉണ്ടാകാറുള്ളത്. എന്നാൽ, പുതിയ പഠനങ്ങൾ പ്രകാരം, ചുഴലിക്കാറ്റുകളുടെ പ്രഭവകേന്ദ്രം ഭൂമധ്യ രേഖയിൽ നിന്നും ഇരു വശത്തേക്കും അകലുകയാണെന്ന് മനസിലാക്കാം. ഇതുവരെ ചുഴലിക്കാറ്റിന്റെ ഭീതി അനുഭവിച്ചിട്ടില്ലാത്ത നാടുകൾ പോലും ഇനി കരുതിയിരിക്കണം എന്ന് സാരം.

അറബിക്കടൽ പഴയ അറബിക്കടലല്ല. കാലാവസ്ഥാ വ്യതിയാനം മൂലം വരുന്ന ദോഷ ഫലങ്ങൾ നമ്മൾ ഇന്ന് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇനിയെങ്കിലും സമൂഹ മനസ്സാക്ഷി ഒന്നിച്ചു നിന്ന് പ്രവർത്തിച്ചെങ്കിലേ വരാനിരിക്കുന്ന ദുരന്തത്തെ നേരിടാനാകൂ. അതിന് നമുക്ക് കഴിയും എന്ന് തന്നെയാണ് ഏവരുടെയും പ്രത്യാശ.

LEAVE A REPLY

Please enter your comment!
Please enter your name here