മുട്ടോളം ചെളിയിൽ റഹ്മാൻ ഷോ!

0
12079

കൊച്ചിയിൽ ഒരു പരിപാടി, അത് എന്തും ആയിക്കോട്ടെ; കല്യാണമോ, പാലു കാച്ചലോ, അടിയന്തിരമോ, പെണ്ണുകാണലോ, അങ്ങനെ എന്ത് പരിപാടി നടന്നാലും വരുന്നവരെ എല്ലാം സന്തോഷിപ്പിച്ച് വിട്ട ചരിത്രമേ കൊച്ചിക്കാർക്കുള്ളൂ. എന്നാൽ മദ്രാസ് മൊസാർട്ട് എ.ആർ റഹ്മാന്റെ സംഗീത നിശ കൊച്ചിയിൽ കൊണ്ടുവന്ന സംഘാടക സിംഹങ്ങൾ ഈ ചരിത്രം തിരുത്തിക്കുറിച്ചു. ഒരു ലോക്കൽ ക്ലബ്ബിന്റെ ഓണാഘോഷം പോലും നടത്താൻ സാധിക്കാത്ത ചെളി നിറഞ്ഞ കണ്ടത്തിൽ, ഓസ്കാർ ജേതാവിന്റെ ഇന്റർനാഷണൽ സംഗീത നിശ നടത്താൻ കാണിച്ച ചങ്കൂറ്റം അപാരം തന്നെ.

സംഗതി എന്തായാലും കലക്കി. തിരുവനന്തപുരത്തു നിന്നും, കണ്ണൂർ നിന്നും, ബാംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും പതിനായിരങ്ങളുടെ ടിക്കറ്റെടുത്ത് വന്നവരെല്ലാം കുടുങ്ങി. പലരും തലേന്ന് ഹോട്ടലിൽ റൂം എടുത്താണ് നഗരത്തിൽ തങ്ങിയത്. ഉച്ച മുതൽ നഗരത്തെ ആകെ സ്തംഭിപ്പിക്കും വിധം സീപോർട്ട് എയർപോർട്ട് റോഡിൽ ഗതാഗത കുരുക്ക് തുടങ്ങി. വൈകുന്നേരം ആയപ്പോഴേക്കും കനത്ത മഴയും തുടങ്ങി. എന്നാൽ മഴയും മിന്നലുമൊന്നും വകവയ്ക്കാതെ പതിനായിരങ്ങളാണ് പരിപാടി നടക്കുന്ന ഇടത്തേക്ക് ഇഴഞ്ഞു നീങ്ങിയത്. പക്ഷേ, വെന്യൂ കണ്ടതും എല്ലാവരുടെയും ചങ്ക് തകർന്നു. മുട്ടുവരെ ചെളി നിറഞ്ഞ കണ്ടം. തിമർത്ത് പെയ്യുന്ന മഴയെ തടയാൻ ഒരു ടർപ്പായ പോലും വലിച്ചു കെട്ടിയിട്ടില്ല. ആറായിരം രൂപയുടെ ഒന്നാം ക്ലാസ്സ് ടിക്കറ്റ് എടുത്തവർക്ക് പോലും ഇല്ല ഒരു ആശ്വാസം. പാവപ്പെട്ടവനും പണക്കാരനും, വൃദ്ധന്മാരും, കുഞ്ഞുങ്ങളും എല്ലാവരും ഒരേ മഴ നനഞ്ഞ്, ഒരേ ചെളി ചവിട്ടി, സോഷ്യലിസം നടപ്പിലാക്കി.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ ആണെങ്കിലും ഇതിന് പിന്നിൽ ചിന്തിക്കേണ്ട ഒരുപാട് സങ്കീർണ്ണമായ വിഷയങ്ങളുണ്ട്. ശ്രദ്ധയിൽ പെടാതെ ഷോർട്ട് ആയ ഒരൊറ്റ ഇലക്ട്രിക് വയർ മതിയായിരുന്നു കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ആ സംഗീത നിശ മാറാൻ. കഷ്ടിച്ച് ഒരു മാരുതി കാറിന് മാത്രം കടന്ന് പോകാൻ കഴിയുന്ന പോക്കറ്റ് റോഡിലൂടെ തിങ്ങി ഞെരുങ്ങി നടന്നവർക്ക് യഥാർത്ഥത്തിൽ കണ്ടം വഴി ഓടിയ പ്രതീതി തന്നെ ആയിരുന്നു. ഉഴവു കാളകളെ പോലെ നിലം ഉഴുത് ചെളിയിൽ മുങ്ങി അപഹാസ്യരായി പോകുന്ന ജനങ്ങൾ ഒരു സംഘാടകർക്കും നല്ല ഭാവിയിലേക്കുള്ള സൂചനയല്ല. അടിയന്തിര വൈദ്യ സഹായം എത്തിക്കാനുള്ള സംവിധാനമോ, സ്റ്റേജിൽ അത്യാഹിതം ഉണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനുള്ള സംവിധാനമോ ഒന്നും ഇല്ലാതിരുന്ന ഈ പരിപാടിക്ക് എങ്ങനെയാണ് നഗരസഭ അനുമതി നൽകിയത്?

ഇന്റർനാഷണൽ പ്രോഗ്രാമുകൾ നടത്താൻ പറ്റിയ വേദികൾ കൊച്ചിയിൽ ഇല്ലാഞ്ഞിട്ടാണോ ഇതുപോലെ ആരും കേട്ടിട്ടില്ലാത്ത ചതുപ്പിൽ പരിപാടി സംഘടിപ്പിച്ചത്? ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവ മാധ്യമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കറങ്ങുന്നുണ്ട്. പ്രസ്തുത പാടം റഹ്മാന്റെ സ്റ്റേജ് ഷോയുടെ മറവിൽ നികത്തി, ഭൂമാഫിയകളുടെ കയ്യിൽ ഏൽപ്പിക്കാൻ ഉള്ള ഒരു ഗൂഢ നീക്കമാണിത് എന്നതാണ് വാർത്തകളുടെ രത്നച്ചുരുക്കം. ഈ രീതിയിൽ വരുന്ന വാർത്തകളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടു വരേണ്ടത് അത്യ അത്യാവശ്യമാണ്. കൊച്ചി നഗരത്തിന് സമീപം ഒരു തണ്ണീർത്തടം പോലെ നിൽക്കുന്ന ഈ പാടം നികത്താനുള്ള ഏത് ശ്രമവും നിലവിലെ നിയമങ്ങൾ ഉപയോഗിച്ച് തടയേണ്ടതുണ്ട്. പണം ഇട്ട് ജനങ്ങളെ വിഡ്ഢികളാക്കി പാടം നികത്താം എന്ന അതിബുദ്ധി നടപ്പിലാകേണ്ടതായിരുന്നു. പക്ഷേ മഴ അതിനെല്ലാം തുരങ്കം വച്ചു.

ഒരുപക്ഷേ ഒരൊറ്റ മഴയിൽ പ്രകൃതി കുത്തിയൊലിപ്പിച്ച് കളഞ്ഞത് പണമുള്ളവന് എന്തുമാവാം എന്ന ഈ അഹങ്കാരമാവാം.

LEAVE A REPLY

Please enter your comment!
Please enter your name here