നമ്മുടെ ചിഹ്നം കുപ്പി! ഓരോ വോട്ടും കുപ്പിക്ക്!

0
699
മദ്യശാലകൾ ജനങ്ങൾക്കു (കുടിയസമൂഹത്തിനു) സൗകര്യപ്രദമായി വഴിയരുകിൽ സ്ഥാപിക്കാൻ സംസ്ഥാനപാതകളെ നാട്ടു വഴികളായി തരം താഴ്ത്തുന്ന നിലയിലേക്ക് സർക്കാരും തരംതാഴാൻ തീരുമാനിച്ചിരുന്നു. ഏതായാലും അത്രയും തരം താഴേണ്ട എന്ന് കോടതി പറഞ്ഞത് ഭാഗ്യം. ജനജീവിതത്തെ തരംതാഴ്ത്തുന്ന ഭരണകൂടങ്ങൾ ഇതും  ഇതിലപ്പുറവും ചെയ്യും എന്ന് കോടതിക്ക് തോന്നിയിരിക്കണം. പ്രധാന വഴികൾ ചെറുവഴികളായി ഡീനോട്ടിഫൈ ചെയ്യുമ്പോൾ ഉണ്ടാവാനിടയുള്ള പ്രശ്നങ്ങളെപ്പറ്റിയും സർക്കാരിന്റെ തലയിൽ വെളിച്ചം വീണിട്ടില്ലെന്നു തോന്നുന്നു.
കഴിഞ്ഞ വർഷം ഓണത്തിന് കേരളത്തിൽ ബീവറേജസ് കോർപറേഷൻ വിറ്റതു 410 കോടി രൂപയുടെ മദ്യം ആണ്. മറ്റു സ്രോതസ്സുകളിലൂടെ ലഭിച്ചതുൾപ്പെടെ മലയാളികൾ കുടിച്ചു വറ്റിച്ച മദ്യക്കടലിന്റെ ആഴവും പരപ്പും ഇതിലും എത്രയോ വലുതാണ്. മദ്യക്കച്ചവടം നിർത്തിയാൽ ആപ്പീസ് പൂട്ടുന്ന സർക്കാരുകൾ മാത്രമേ കേരളം ഇതുവരെ ഭരിച്ചിട്ടുള്ളൂ. ഇനിയങ്ങോട്ടും അങ്ങനെത്തന്നെയാവും. മദ്യമില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിശ്വപൗരന്മാർ ആണ് നമ്മൾ മലയാളികൾ. ഒരു വർഷം നമ്മൾ കുടിച്ചു തീർക്കുന്നത് എത്രായിരം കോടി രൂപയുടെ മദ്യമാണ്!
ഇക്കൊല്ലം മദ്യവിൽപ്പന കഴിഞ്ഞ കൊല്ലത്തേക്കാൾ ഉയരും. ഇല്ലെങ്കിൽ കേരളം പുരോഗമിക്കുന്നില്ല എന്നാണു കരുതേണ്ടത്. കാരണം കുടിക്കുന്തോറും വളരുകയും വളരുന്തോറും കുടിക്കുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു കേരളത്തിന്റെ പുരോഗമനസൂചിക. മദ്യത്തിന്റെ കാര്യത്തിൽ എല്ലാ സർക്കാരുകൾക്കും ഇത്ര പ്രേമം അതുകൊണ്ടാണല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here