ആൽബർട്ട് ഐൻസ്റ്റീന് കത്തയച്ച കോഴിക്കോട്ടുകാരി മേരി കുര്യൻ ആരായിരുന്നു?

0
127

ആൽബർട്ട് ഐൻസ്റ്റീൻ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ അധ്യാപകനായിരിക്കുന്ന സമയത്ത് ലോകമെമ്പാടും ഉള്ള ശാസ്ത്ര കുതുകികളിൽ നിന്നും കത്തുകൾ വരുമായിരുന്നു. അങ്ങനെയിരിക്കെ, ഒരു ഡിസംബർ മാസത്തിൽ ലോകത്തിന്റെ അങ്ങേ മൂലയിൽ നിന്നും ഒരു കത്ത് അദ്ദേഹത്തിന് കിട്ടി. സാധാരണ വരാറുള്ളത് പോലെ സംശയങ്ങളോ ആശംസകളോ ഒന്നുമായിരുന്നില്ല ആ കത്തിൽ. മറിച്ച് ഒരു സ്ത്രീ ആയിരുന്നു അത് എഴുതിയത്.

7 വയസ്സുകാരനായ ഒരു കുസൃതി പയ്യന്റെ അമ്മ. ആ കത്തിൽ അവർ എഴുതി, എന്റെ മകന് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയാണ് താങ്കൾ. എനിക്ക് ശാസ്ത്രത്തെ കുറിച്ചോ ലോകത്തെകുറിച്ചോ വലിയ ധാരണയൊന്നും ഇല്ല. പക്ഷേ, എന്റെ മകനെ ഞാൻ എന്തിനെക്കാളും ഏറെ സ്നേഹിക്കുന്നു. ഈ കത്തിന് താങ്കൾ ഒരു മറുപടി അയച്ചാൽ, എന്റെ കുഞ്ഞിന് ഈ ക്രിസ്തുമസ് ദിനത്തിൽ നൽകാവുന്ന ഏറ്റവും വലിയ സമ്മാനം ആയിരിക്കും അത്. ഒരു വരി പോലും വേണമെന്നില്ല. താങ്കളുടെ പേരും ഒപ്പും മാത്രം മതി എന്റെ കുഞ്ഞിന് മനസ്സു നിറയാൻ. എന്ന്, പ്രതീക്ഷയോടെമേരി കുര്യൻ.

ആ ക്രിസ്തുമസ്സ് ദിനത്തിൽ, ലോകത്തിന്റെ മറ്റൊരു കോണിൽ നിന്നും കേരളത്തിലെ കോഴിക്കോടുള്ള ആ സുറിയാനി ക്രിസ്ത്യാനി തറവാട്ടിലേക്ക് പോസ്റ്റുമാൻ ഒരു സമ്മാനവുമായി വന്നു. ടു ഡിയർ വർഗീസ് എന്ന് എഴുതിയ ആ പൊതിയിൽ ഒരു പുസ്തകം ആയിരുന്നു. ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസ്. ഐൻസ്റ്റീൻ ആയിരുന്നു ആ ക്രിസ്തുമസ് സമ്മാനം മേരിയുടെ കുഞ്ഞു മകൻ വർഗീസിന് അയച്ചത്. ഇത് മറ്റാരുമല്ല, ധവള വിപ്ലവത്തിന്റെ പിതാവായി പിൽക്കാലത്ത് ലോകമെമ്പാടും അറിയപ്പെട്ട വർഗ്ഗീസ് കുര്യൻ ആയിരുന്നു ആ കുട്ടി.

ഐൻസ്റ്റീൻ പകർന്ന ആത്മവിശ്വാസം പിന്നീട് ഒരിക്കലും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പോയില്ല. ഡാർവിന്റെ ആ പുസ്തകമാണ് തന്നെ ഈ മേഖലയിലേയ്ക്ക് ആകർഷിച്ചത് എന്ന് അദ്ദേഹം എല്ലായ്പ്പോഴും പറയുമായിരുന്നു. ഒരുപക്ഷേ നിങ്ങളുടെ ചെറിയൊരു വാക്ക്, അല്ലെങ്കിൽ ഒരു കുഞ്ഞ് അഭിനന്ദനം, അത് നാളെ വിപ്ലവകരമായ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നു എന്നു വരാം.”

ഇതുപോലുള്ള മെസേജുകൾ ഫേസ്ബുക്ക്, വാട്സ്ആപ്പ് മുതലായ മാധ്യമങ്ങളിലൂടെ നിരന്തരം വരാറുള്ളവയാണ്. ഇതിലെല്ലാം എത്രമാത്രം സത്യം ഉണ്ടെന്ന് നമ്മൾ ആരെങ്കിലും ചിന്തിക്കാറുണ്ടോ? ഫേക്ക് ന്യൂസ് എന്ന് ഡൊണാൾഡ് ട്രംപ് പറയുന്ന വ്യാജ വാർത്തകൾക്ക് ഒരു ഉദാഹരണമാണ് മേൽപ്പറഞ്ഞ കഥ. പൊടിപ്പും തൊങ്ങലും ചേർത്ത് യാഥാർഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്ത കാര്യങ്ങൾ സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ഒരു സമൂഹമാണ് വഞ്ചിക്കപ്പെടുന്നത്. വാർത്തകൾ രണ്ടു രീതിയിൽ വായിക്കാം.

ഒരേ വാർത്ത തന്നെ, “നിരായുധനായ യുവാവിനെ പോലീസ് വെടിവച്ചു കൊന്നുഎന്നും, “കളിത്തോക്കു ചൂണ്ടി പരിഭ്രാന്തി പരത്തിയ യുവാവ് പോലീസ് വെടിവയ്പ്പിൽ മരിച്ചുഎന്നും എഴുതാം. സത്യത്തെ ഇതുപോലെ വളച്ചൊടിച്ച് എഴുതുന്ന രീതിയും ഇന്ന് വ്യാപകമാണ്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നുണകൾ വിൽക്കാനും, എതിരാളിയെ താറടിച്ച് കാണിക്കുവാനും ഈ തന്ത്രം പ്രയോഗിക്കാറുണ്ട്. പക്ഷേ, സോഷ്യൽ മീഡിയയുടെ വരവോടെ ഈ പ്രവണത അപകടകരമാം വണ്ണം കൂടിയിരിക്കുകയാണ്. ഇതിനെതിരേ പ്രതികരിക്കുക എന്നത് അസാധ്യമാണ്. പേരിന് പ്രതികരിച്ചത് കൊണ്ടോ, പ്രകടനങ്ങൾ നടത്തിയത് കൊണ്ടോ വ്യാജ വാർത്തകൾ ഇല്ലാതാവില്ല. ഇതിനെ നേരിടാൻ ഉള്ള ഏക മാർഗ്ഗം എന്നു പറയുന്നത്.

ഒറ്റ വായനയിൽ ഒന്നും വിശ്വസിക്കാതിരിക്കുക എന്നതാണ്. ക്രെഡിബിലിറ്റി ഇല്ലാത്ത വാർത്താ മാധ്യമങ്ങളും, പളപളപ്പ് നിറഞ്ഞ വാർത്തകൾ മാത്രം നൽകുന്ന മാധ്യമങ്ങളും പരമാവധി ഒഴിവാക്കുക. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് നിങ്ങളിലൂടെയാണ്. നൂറു ശതമാനം ഉറപ്പില്ലാത്ത വാർത്തകൾ ഷെയർ ചെയ്യില്ല എന്ന് തീരുമാനിച്ചാൽ ഒറ്റ ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്നമേ ഇപ്പോൾ നിലവിലുള്ളൂപക്ഷേ, നിക്ഷിപ്ത താത്പര്യക്കാർ അവസരങ്ങൾ മുതലെടുക്കാൻ തക്കം പാർത്തിരിക്കുമ്പോൾ ഫേക്ക് ന്യൂസ് കാലഘട്ടം ഉടനെയൊന്നും തീരുന്ന ലക്ഷണം കാണുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here